എസ്ഡിപിഐ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ 22 മണ്ഡലങ്ങളില്‍ കൂടി എസ്ഡിപിഐ സ്ഥാനാര്‍ഥികളായി. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷറഫാണ് രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയത്. ദേശീയ പാര്‍ലമെന്ററി ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാലുടന്‍ അടുത്ത പട്ടിക പ്രഖ്യാപിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍- വടകര, ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ബാബു കോഴിമല- ഇടുക്കി, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് പി കെ ഗോപി- പേരാമ്പ്ര, അന്തരിച്ച സാംകുട്ടി ജേക്കബ്ബിന്റെ മകള്‍ അഡ്വ. സിമി ജേക്കബ്- തിരുവല്ല എന്നിവര്‍ രണ്ടാംഘട്ട പട്ടികയില്‍ ഇടംനേടി.
മലപ്പുറം ജില്ലാ സെക്രട്ടറിമാരായ ബാബുമണി കരുവാരക്കുണ്ട് നിലമ്പൂര്‍ മണ്ഡലത്തിലും കൃഷ്ണന്‍ എരഞ്ഞിക്കല്‍ വണ്ടൂരിലും ജനവിധിതേടും.
'ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷ ബദല്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുക.
ഇരുമുന്നണികളും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തല്‍പ്പരരല്ല എന്നുമാത്രമല്ല, മുന്നണികള്‍ ചേര്‍ന്നു കോര്‍പ്പറേറ്റുകളെയും കുത്തകകളെയും സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളും അതിനോട് പ്രതിപക്ഷം സ്വീകരിച്ച നിലപാടും.
ഫെബ്രുവരി 26 മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ചേര്‍ന്ന നാലു മന്ത്രിസഭാ യോഗങ്ങളിലായി 822 തീരുമാനങ്ങളാണ് കൈക്കൊണ്ടത്. പലതും അജണ്ടയിലില്ലാത്തതായിരുന്നു. ഇതില്‍ ഭൂരിഭാഗവും കുത്തകകളെ സഹായിക്കുന്നതിനു വേണ്ടിയാണ്. മന്ത്രിസഭയുടെ എട്ടു തീരുമാനങ്ങള്‍ അനുസരിച്ച് 2500 ഏക്കര്‍ ഭൂമി കോര്‍പറേറ്റുകള്‍ക്കും ഭൂമാഫിയകള്‍ക്കും പതിച്ചുനല്‍കി.
ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് ധനസമ്പാദനത്തിനുള്ള കുറുക്കുവഴിയായി മാറിയിരിക്കുന്നു. ചെറുകിട പാര്‍ട്ടികള്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കായി യാതൊരു സങ്കോചവുമില്ലാതെ മുന്നണികളില്‍നിന്ന് മുന്നണികളിലേക്ക് കൂടുമാറുന്നു. ആദര്‍ശവും നിലപാടുമൊന്നും ഇതിന് തടസ്സമാവുന്നില്ല. ഇത്തരക്കാരെ സ്വീകരിക്കുന്നതിനും ചാക്കിട്ടുപിടിക്കുന്നതിനുമായി മുന്നണി നേതൃത്വങ്ങള്‍ വാതിലും തുറന്നിരിപ്പാണ്. പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ആദര്‍ശ വിശുദ്ധി, ജനങ്ങളോടുള്ള പ്രതിബദ്ധത തുടങ്ങിയവ കടങ്കഥയായി മാറിയിരിക്കുന്നു. ഇത്തരമൊരു ദുരന്തപൂര്‍ണമായ സാഹചര്യത്തിലാണ് പാര്‍ട്ടി പുതിയ ജനപക്ഷ ബദലുമായി വോട്ടര്‍മാരെ സമീപിക്കുന്നത്.
മറ്റു സ്ഥാനാര്‍ഥികള്‍: നിസാമുദ്ദീന്‍ തച്ചോണം- വാമനപുരം, അഷറഫ് പ്രാവച്ചമ്പലം- കാട്ടാക്കട, ഇഖ്ബാല്‍ പത്തനാപുരം- പത്തനാപുരം, ലിയാഖത്ത് അലി- അരൂര്‍, എ അസ്ഹാബുല്‍ ഹഖ്- ഹരിപ്പാട്, സിറാജുദ്ദീന്‍ ഇസ്മായില്‍- ചങ്ങനാശ്ശേരി, ഫൈസല്‍ താന്നിപ്പാടം- പറവൂര്‍, എ എ സുല്‍ഫിക്കര്‍- ഒറ്റപ്പാലം, കല്ലന്‍ അബൂബക്കര്‍ മാസ്റ്റര്‍- വേങ്ങര, ഇ നാസര്‍- കൊടുവള്ളി, ലത്തീഫ് ആണോറ- കുന്ദമംഗലം, ബാലന്‍ നടുവണ്ണൂര്‍- ബാലുശ്ശേരി, സി കെ അബ്ദുറഹീം മാസ്റ്റര്‍- നാദാപുരം, സുബൈര്‍ മടക്കര- കല്യാശ്ശേരി, ഇബ്രാഹീം തിരുവട്ടൂര്‍- തളിപ്പറമ്പ്, എം വി ഷൗക്കത്തലി- തൃക്കരിപ്പൂര്‍.
Next Story

RELATED STORIES

Share it