Alappuzha local

എസ്ഡിപിഐ മേഖലാ റാലിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആലപ്പുഴ: രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ ഭീകരതയിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ച് എസ്ഡിപിഐ നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി ദക്ഷിണ മേഖല റാലിയുടെയും പൊതുസമ്മേളനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകീട്ട് മൂന്നിന് കുറവന്തോട് ജങ്ഷനില്‍ നിന്നാരംഭിക്കുന്ന റാലി കടപ്പാക്കടയ്ക്ക് സമീപത്തെ മൈതാനിയില്‍ നരേന്ദ്ര ധബോല്‍ക്കര്‍ നഗറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ പ്രസിഡന്റ് എ സഈദ് ഉദ്ഘാടനം ചെയ്യും.
ആറു ജില്ലകളില്‍ നിന്നായി 15000ത്തോളം പ്രവര്‍ത്തകരും അനുഭാവികളും റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. റാലിയില്‍ കാഴ്ച വിരുന്നൊരുക്കി ആനുകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ പ്ലോട്ടുകളും നിശ്ചല ദൃശ്യങ്ങളുമുണ്ടാവും. ബാന്റ് മേളവും ഫാഷിസ്റ്റ് വിരുദ്ധ നാടന്‍ പാട്ടുകളും റാലിക്ക് മികവേകും.
ഇന്ത്യ ജനാധിപത്യ ചരിത്രത്തില്‍ ഏറ്റവും അപകടകരമായ സ്ഥിതി വിശേഷത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു. ഹിന്ദുത്വ വര്‍ഗീയ വാദികളുടെ മതഭ്രാന്ത് അതിന്റെ മൂര്‍ദ്ദന്യത്തിലെത്തി നില്‍ക്കുന്നു. പുരോഗമനവാദികളെയും എഴുത്തുകാരെയും ഭീഷണിപ്പെടുത്തുകയും ചെലര്‍ക്കെതിരേ വധശിക്ഷ നടപ്പാക്കുകയും ചെയ്യുന്നു. ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊല്ലുന്നു.
ഒരു ഭാഗത്ത് വിശാല ഹിന്ദുഐക്യം പറയുമ്പോള്‍ മറുഭാഗത്ത് പിന്നാക്കക്കാരായ മുന്‍ കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിക്കുന്നു. പശുവിന്റെ പേരില്‍ മുസ്‌ലിംകളെ വേട്ടയാടുന്നു. പ്രതികരിക്കുന്നവരെ പാക്കിസ്ഥാന്‍ ചാരന്മാരാക്കുന്നു. ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. വിവിധ മത സാമുദായിക വിഭാഗങ്ങളുടെ സൗഹാര്‍ദപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കുകയാണ് എസ്ഡിപിഐ കാംപയിന്റെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് യ ഹ് യ തങ്ങള്‍ അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it