kasaragod local

എസ്ഡിപിഐ-പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ അക്രമം

ഉരുവച്ചാല്‍: എസ്ഡിപിഐ-പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം. വീട്ടുവരാന്തയില്‍ റീത്ത് വയ്ക്കുകയും വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിന്റെ കാറ്റ് അഴിച്ചു വിടുകയും ചെയ്തു. പോപുലര്‍ ഫ്രണ്ട് ബാവോട്ടുപാറ യൂനിറ്റ് സെക്രട്ടറി കൂളിക്കടവിലെ നസ്മിന മന്‍സിലില്‍ കെ ഷമീസിന്റെ വീടിന് നേരെയാണ് അക്രമം നടന്നത്.
വീടിന്റെ മുന്‍വശത്തെ ചുമരിലും വരാന്തയിലും കാര്‍ പോര്‍ച്ചിലും കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. തൊട്ടടുത്ത വീടായ കയനി എസ്ഡിപിഐ ബ്രാഞ്ചംഗമായ കെ ഷഫീറിന്റെ വീട്ടുവരാന്തയില്‍ റീത്ത് വയ്ക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിന്റെ കാറ്റ് അഴിച്ചു വിടുകയും ബൈക്കിന് കരിഓയില്‍ ഒഴിക്കുകയും ചെയ്തു. ഒരു എഴുത്തും കാണപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ പള്ളിയില്‍ പോവാന്‍ വേണ്ടി ഉണര്‍ന്നപ്പോഴാണ് അക്രമം നടന്നത് കാണുന്നത്. മട്ടന്നൂര്‍ പോലിസില്‍ പരാതി നല്‍കി. എസ്‌ഐ എം പി വിനീഷ് കുമാറും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി ബഷീര്‍, സെക്രട്ടറി എന്‍ പി ശക്കീല്‍, മട്ടന്നൂര്‍ മണ്ഡലം എസ്ഡിപിഐ പ്രസിഡന്റ് റഫീഖ് കീച്ചേരി, എ വി മുനീര്‍, എസ്ഡിപിഐ മുനിസിപല്‍ പ്രസിഡന്റ് ശംസുദ്ദീന്‍ കയനി, ശഫീഖ് ബാവോട്ടുപാറ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് കൂളിക്കടവില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വീടുകള്‍ക്ക് നേരെ അക്രമം നടത്തുകയും റീത്ത് വെച്ച സംഭവത്തിലും പോലിസ് അന്വേഷണം നടത്തണമെന്ന് ഉരുവച്ചാല്‍ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. ശമീസ് നെല്ലൂന്നി, ശബീര്‍ സംസാരിച്ചു.
വീട്ടിനു മുന്നില്‍ റീത്ത് വയ്ക്കുകയും കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് കയനി ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സുബൈദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ടി പി ഇസ്മായില്‍, വി അബ്ദുസലാം, സി സുകുമാരന്‍, സി പി ശോഭന, എന്‍ വി രാമകൃഷ്ണന്‍ സംസാരിച്ചു.—
Next Story

RELATED STORIES

Share it