Life Style

ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് അഷ്‌റഫ് വട്ടപ്പാറയ്ക്ക്

കോട്ടയം: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഡോ. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് മാധ്യമം ദിനപത്രം കൊച്ചി ബ്യുറോയിലെ സീനിയര്‍ കറസ്‌പോണ്ടന്റ് അഷ്‌റഫ് വട്ടപ്പാറയെ തിരഞ്ഞെടുത്തു. സംസ്ഥാന അതിര്‍ത്തി ഗ്രാമങ്ങളിലും പ്രാന്തപ്രദേശങ്ങളിലും നടക്കുന്ന സെക്‌സ് മാഫിയകളുടെയും അതിനിരയാവുന്ന ആദിവാസി-ദലിത് പിന്നാക്ക വിഭാഗക്കാരായ പെണ്‍കുട്ടികളെയും കുറിച്ച് 2014 ഫെബ്രുവരിയില്‍ മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'ഇളമുടലുകളെ കൊത്തിക്കീറുന്ന മലമടക്കുകള്‍' എന്ന പരമ്പരയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി എ എം ഹാരിസ്, എ പി കുഞ്ഞാമു, ആര്‍ അജിത്കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2013 മുതല്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവാര്‍ഡ് നല്‍കിവരുന്നു. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ ആറിന് കോട്ടയം തിരുനക്കര ഐശ്വര്യ റെഡിഡന്‍സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഡോ. അംബേദ്കര്‍ അനുസ്മരണ സമ്മേളനത്തില്‍ മംഗളം ദിനപത്രം മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ് അവാര്‍ഡ്ദാനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് യഹ്‌യ തങ്ങള്‍ അധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ കെ കെ കൊച്ച്, ഡിഎച്ച്ആര്‍എം ചെയര്‍പേഴ്‌സണ്‍ സെലീന പ്രക്കാനം, ദലിത് ചരിത്രകാരന്‍ ഒര്‍ണ കൃഷ്ണന്‍കുട്ടി, സാമുഹിക പ്രവര്‍ത്തക ധന്യാരാമന്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മയില്‍, പി എ അഫ്‌സല്‍ സംസാരിക്കും. വാര്‍ത്താസമ്മേളത്തില്‍ സംസ്ഥാന സമിതി അംഗം അജ്മല്‍ ഇസ്മയില്‍, ജില്ലാപ്രസിഡന്റ് പി എ അഫ്‌സല്‍, ജില്ലാസെക്രട്ടറി ഷെമീര്‍ അലിയാര്‍, യു നവാസ് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it