Alappuzha local

എസ്ഡിപിഐ- എസ്പി സഖ്യം ജില്ലയില്‍ നാലിടത്ത് മല്‍സരിക്കും

ആലപ്പുഴ: എസ്ഡിപിഐ- സമാജ്‌വാദി പാര്‍ട്ടി സംഖ്യം ജില്ലയില്‍ നാലിടത്ത് മല്‍സരിക്കും. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, അരൂര്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളില്‍ അഞ്ചിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഈ മണ്ഡലങ്ങളിലെ നിലപാട് പാര്‍ട്ടി പിന്നീട് വ്യക്തമാക്കും.
ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷ ബദല്‍ ഉയര്‍ത്തിയാണ് എസ്ഡിപിഐ ഇക്കുറി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കെ എസ് ഷാന്‍ (അമ്പലപ്പുഴ), പി എ സുലൈമാന്‍കുഞ്ഞ് (ആലപ്പുഴ), എ അസ്ഹാബുല്‍ ഹഖ് (ഹരിപ്പാട്), ലിയാഖത്ത് അലി (അരൂര്‍) എന്നിവരാണ് ജനവിധി തേടുന്നത്.
കഴിഞ്ഞ തദ്ധേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥികളെ പിന്നിലാക്കി വിവിധ പ്രദേശങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഹസീനബഷീറും 17ല്‍ കെ വി കിഷോര്‍കുമാറും പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍ നസീര്‍ പള്ളിവെളിയും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ റസീന സജീബും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഷീജ നൗഷാദും 12-ാം വാര്‍ഡില്‍ വാഹിദ കുഞ്ഞുമോനും വിജയികളായി.
അരൂക്കുറ്റി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഷാജഹാന്‍, പുന്നപ്ര തെക്ക് 12-ാം വാര്‍ഡില്‍ സീനത്ത്, അമ്പലപ്പുഴ വടക്ക് ഒന്നില്‍ ഉദയകുമാര്‍, അമ്പലപ്പുഴ 18ല്‍ ഹസീന, കുത്തിയതോട് രണ്ടില്‍ സജില കുറഞ്ഞ വോട്ടുകള്‍ക്കാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
പല സ്ഥലങ്ങളിലും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പിടിച്ച വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ഥികളുടെ ജയപരാജയം നിശ്ചയിച്ചത് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
Next Story

RELATED STORIES

Share it