എസ്ഡിപിഐയുടെ ലക്ഷ്യം അഴിമതിരഹിത ഭരണം: അഡ്വ. കെ എം അഷ്‌റഫ്

കോഴിക്കോട്: അഴിമതിയില്ലാത്ത വിവേചനമില്ലാത്ത ജനപക്ഷ വികസനം എന്ന മുദ്രവാക്യമുയര്‍ത്തിയാണ് എസ്ഡിപിഐ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്. ഇടത്-വലത് മുന്നണികളുടെ ദുര്‍ഭരണത്തിന്റെയും അന്യോന്യ സഹകരണത്തിന്റെയും രാഷ്ട്രീയത്തിനെതിരേ പ്രതിഷേധിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്.

അഴിമതിയില്‍ പരസ്പരം രാജിയാവുന്ന ഇടത്-വലത് മുന്നണികള്‍ നാടിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കാനോ, അതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനോ തയ്യാറാവുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും വികസനം ധനസമ്പാദനത്തിനുള്ള മാര്‍ഗമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.
പഞ്ചായത്തീരാജ് നിയമങ്ങള്‍ക്കനുസരിച്ച് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാനോ വികസനപ്രവര്‍ത്തനങ്ങള്‍ക്കു ജനപങ്കാളിത്തം ഉറപ്പുവരുത്താനോ പലപ്പോഴും അവര്‍ തയ്യാറാവുന്നില്ല. ബിജെപി മുന്നോട്ടുവയ്ക്കുന്ന വര്‍ഗീയ രാഷ്ട്രീയം കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് ആഘാതമേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ഗീയ രാഷ്ട്രീയത്തിന്റെ തേരോട്ടം തടഞ്ഞുനിര്‍ത്താന്‍ ഈ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് ഒരു അവസരമാണ്. അഴിമതിയും വിവേചനവുമില്ലാത്ത നാടിന്റെ ആവശ്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള വികസനമാണ് എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്നത്.
എസ്ഡിപിഐ പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളും ജനപക്ഷ രാഷ്ട്രീയത്തിനു ലഭിക്കുന്ന സ്വീകാര്യതയും മറ്റുള്ള പാര്‍ട്ടികള്‍ കുപ്രചാരണങ്ങളുമായി എസ്ഡിപിഐക്കെതിരേ തിരിയാന്‍ കാരണമായിട്ടുണ്ട്.
പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലും വിജയസാധ്യതയുള്ള സ്ഥലങ്ങളിലുമുള്‍പ്പെടെ എസ്ഡിപിഐ മല്‍സരരംഗത്തു സജീവമാണ്. പാര്‍ട്ടിയുടെ സാന്നിധ്യം ഇരുമുന്നണികളിലും ആശങ്ക വിതയ്ക്കുന്നുണ്ട്. പാര്‍ട്ടി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന  സ്ഥലങ്ങളില്‍ യുഡിഎഫിന്റെ ഉന്നത നേതാക്കള്‍ പ്രചാരണം കേന്ദ്രീകരിക്കുന്നത് അതിനാലാണ്. കഴിഞ്ഞ തവണ പാര്‍ട്ടി വിജയിച്ച പ്രദേശങ്ങളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞു കൂടുതല്‍ പിന്തുണയുമായി വോട്ടര്‍മാരെത്തുന്നതും വിജയപ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
എസ്ഡിപിഐക്കെതിരേ നടത്തുന്ന വ്യാജപ്രചാരണങ്ങളെ കരുതിയിരിക്കണമെന്നും അഴിമതിയും വിവേചനവുമില്ലാത്ത ജനപക്ഷ വികസനം യാഥാര്‍ഥ്യമാക്കുന്നതിന് എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it