kozhikode local

എസ്എസ്എ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു: എംഎല്‍എ

കോഴിക്കോട്: ജില്ലയിലെ എല്ലാ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രമാക്കുമെന്നു എ പ്രദീപ് കുമാര്‍ എംഎല്‍എ. എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും പ്രിസം (പ്രമോട്ടിങ് റീജ്യനല്‍ സ്‌കൂള്‍സ് ടു ഇന്റര്‍നാഷനല്‍ സ്റ്റാന്റേര്‍ഡ് ത്രൂ മള്‍ട്ടിപിള്‍ ഇന്റര്‍വന്‍ഷന്‍സ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ദേശീയ നിലവാരത്തില്‍ എത്തിക്കും. ഭൗതികാന്തരീക്ഷം മെച്ചപെടുത്തിയെങ്കിലും അക്കാദമിക് നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അത് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നടത്തിയ ചര്‍ച്ചയില്‍ 'വിദ്യാഭ്യാസ മേഖലയിലെ ബഹുമുഖ ഇടപെടലുകള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വ ശിക്ഷ അഭിയാന്‍ പദ്ധതി വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ സ്‌കൂളുകളുടെ ന്യൂനതകള്‍ പരിഹരിക്കുക മാത്രമാണ് പ്രിസം പദ്ധതിയിലൂടെ നടപ്പാക്കിയത്. മികച്ച വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുമാത്രമേ സാധിക്കുകയുള്ളൂ.
കോളജ് തലങ്ങളില്‍ സര്‍ക്കാര്‍ കോളജുകള്‍ തിരഞ്ഞെടുക്കുന്നവര്‍ സ്‌കൂള്‍ തലങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകളെ അവഗണിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. വികസനത്തിന്റെ അടിത്തറ വിദ്യഭ്യാസമാണെന്ന തിരിച്ചറിവാണ് വേണ്ടത്. വികസനത്തിന്റെ പേരുപറഞ്ഞുണ്ടാക്കുന്ന കെട്ടിടങ്ങള്‍ക്കുപയോഗിക്കുന്ന തുകയുടെ കാല്‍ഭാഗം മതി സര്‍ക്കാര്‍ സ്‌കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കാന്‍. സാങ്കേതിക വിദ്യ്‌ക്കൊപ്പമെത്തിയിട്ടില്ലാത്ത വിദ്യാഭ്യാസ മേഖലയെ ഉയര്‍ത്തികൊണ്ടുവരാനും പ്രിസം പദ്ധതി സഹായിക്കുമെന്നും എ. പ്രദീപ്കുമാര്‍ എംഎല്‍എ പറഞ്ഞു. മികച്ച വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ആര്‍ക്കിടെക്റ്റ് വിങ് വേണം. എങ്കില്‍ മാത്രമേ മെച്ചപ്പെട്ട സൗകര്യങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉണ്ടാകുകയുള്ളൂ. കോഴിക്കോട് ഐഎഎമ്മിലെ ഡോ.സജിഗോപിനാഥ്, ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്‍ തലവന്‍ ഡോ. ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it