Kollam Local

എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി കൊയ്ത സ്‌കൂളുകള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ ആദരം

കൊല്ലം: എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. മുന്‍വര്‍ഷം പത്താം ക്ലാസ് വിജയശതമാനത്തില്‍ എട്ടാം സ്ഥാനത്തായിരുന്ന കൊല്ലം ജില്ലയെ ഇപ്രാവശ്യം ആറാം സ്ഥാനത്തെത്തിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ വിജയസോപാനം, കൈത്താങ്ങ് നൂറുക്ക് നൂറ് തുടങ്ങിയ പദ്ധതികള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കുവാന്‍ കഴിഞ്ഞിട്ടുള്ളതായി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് കെ ജഗദമ്മ അഭിപ്രായപ്പെട്ടു.

ജില്ലയില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 96.97 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹരായതായും മാര്‍ഗ്ഗേരേഖയില്‍ നിന്നുകൊണ്ട് തുടര്‍ന്നും കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
സ്‌കൂളുകള്‍ക്ക് വേണ്ടി പ്രധാനാധ്യാപകര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, അംഗങ്ങള്‍, സെക്രട്ടറി, വിദ്യാഭ്യാസ ഉപഡയറക്ടര്‍, എന്നിവരില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്തിന്റെ ജീവനം പ്രോജക്ടിലേക്ക് വിദ്യാര്‍ഥികളില്‍ നിന്ന് സ്വരൂപിച്ച തഴവ ഗവ. ഹൈസ്‌ക്കൂള്‍ 25,000 രൂപയും, ഗുഹാനന്ദപുരം എച്ച്എസ്എസ് 7500 രൂപയും ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റിന് കൈമാറി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഇ എസ് രമാദേവി, വി ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി കെ അനില്‍കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍, പിടിഎ പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it