malappuram local

എസ്എസ്എല്‍സി പരീക്ഷയില്‍ 95.835 ശതമാനം ജയം; എപ്ലസില്‍ മലപ്പുറം മുന്നില്‍

മലപ്പുറം: വിജയ ശതമാനം സസ്ഥാന ശരാശരിയേക്കാള്‍ കുറഞ്ഞെങ്കിലും എപ്ലസ് നേടിയ മിടുക്കരുടെ എണ്ണത്തില്‍ എപ്ലസ് മലപ്പുറത്തിനു തന്നെ. 3,555 കുട്ടികളാണ് ജില്ലയില്‍ ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയത്. 83,285 കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ ജില്ലയില്‍ 79,816 പേര്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. 95.835 ശതമാനം വിജയമാണ് ഇത്തവണ ജില്ല കരസ്ഥമാക്കിയത്.
സംസ്ഥാനത്ത് 4,73,803 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 4,57,654 പേരാണ് തുടര്‍ പഠനത്തിനു യോഗ്യരായത്. 96.59 ആണ് സംസ്ഥാനത്തെ വിജയശതമാനം. കഴിഞ്ഞ തവണത്തേതിലും കുറവാണെങ്കിലും വിജയിപ്പിച്ചെടുത്ത കുട്ടികളുടെ എണ്ണത്തില്‍ ഇക്കൊല്ലം ജില്ലയില്‍ വര്‍ധനവുണ്ടായി. വിജയശതമാനത്തില്‍ 11ാം സ്ഥാനം കൊണ്ട് ജില്ലയ്ക്ക് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍, 119 സ്‌കൂളുകള്‍ നൂറുമേനി വിളയിച്ച് ജില്ല മൂന്നാം സ്ഥാനത്താണ്. 158 സ്‌കൂളുകളോടെ എറണാംകുളവും 132 സ്‌കൂളുകളോടെ കോട്ടയവുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. 1,207 സ്‌കൂളുകളാണ് സംസ്ഥാനത്ത് 100 മേനി കൊയ്തവ. ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് പരീക്ഷ എഴുതിയ 30,256 കുട്ടികളില്‍ 28,788 പേര്‍ യോഗ്യത നേടി. ഇതില്‍ 793 കുട്ടികള്‍ എപ്ലസും നേടിയിട്ടുണ്ട്. 95.148 ആണ് വിജയ ശതമാനം. എയ്ഡഡ് മേഖലയില്‍ 45,538 കുട്ടികളില്‍ 43,599 പേരാണ് തുടര്‍പഠനത്തിന് അര്‍ഹരായത്. 1,992 കുട്ടികള്‍ക്ക് എപ്ലസുമുണ്ട്. 95.74 ശതമാനമാണ് വിജയം. അണ്‍ എയ്ഡഡ് മേഖലയില്‍ പരീക്ഷ എഴുതിയ 7,491 കുട്ടികളില്‍ 7,429 കുട്ടികളും ഉന്നത പഠനത്തിന് യോഗ്യത നേടി. 99.172 ആണു വിജയ ശതമാനം. 770 കുട്ടികള്‍ എപ്ലസും കരസ്ഥമാക്കിയിട്ടുണ്ട്. 2,403 പെണ്‍കുട്ടികള്‍ ജില്ലയില്‍ എല്ലാവിഷയങ്ങളിലും എപ്ലസ് നേടിയപ്പോള്‍ 1,152 ആണ്‍കുട്ടികള്‍ മാത്രമേ എപ്ലസ് നേടിയിട്ടുള്ളു. ആരോപണങ്ങളെ മറികടന്നാണ് ജില്ലയിലെ കുട്ടികള്‍ തുടര്‍പഠനത്തിന് അര്‍ഹത നേടിയതെങ്കിലും പകുതിയോളം കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കാന്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ക്ക് ആയിട്ടില്ല. കഴിഞ്ഞ വര്‍ഷം നേരിട്ട പ്രതിസന്ധിപോലെ നാല്‍പതിനായിരത്തോളം കുട്ടികള്‍ ഇത്തവണയും പ്ലസ്ടു സീറ്റ് ലഭിക്കാതെ പരക്കം പായേണ്ടിവരും.
തെക്കന്‍ ജില്ലകളില്‍ പ്ലസ് ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ജില്ലയിലെ കുട്ടികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ഗതികേടാണ് കാലമിത്രയും തുടര്‍ന്നുപോന്നത്. മുമ്പ് കോപ്പിയടിച്ച് വിജയിക്കുന്നവരാണെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്ഥാവനയ്ക്ക് വിവിധ പരീക്ഷകളിലെ വിജയ ശതമാനം കൊണ്ട് മറുപടികൊടുത്തവരാണ് ജില്ലയിലെ കുട്ടികള്‍. പക്ഷേ തുടര്‍പഠനത്തിന് സ്വകാര്യ സ്ഥാപനങ്ങളും ഇതര ജില്ലകളും തന്നെയാണ് മലപ്പുറത്തെകുട്ടികളുടെ ആശ്രയം.
Next Story

RELATED STORIES

Share it