Kottayam Local

എസ്എസ്എല്‍സി: എരുമേലിക്ക് മിന്നുന്ന ജയം; കാടിന്റെ മക്കള്‍ ചരിത്രമായി

എരുമേലി: എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ എരുമേലിക്ക് മിന്നുന്ന ജയം. പഞ്ചായത്തിന്റെ പരിധിയിലുള്ള ഒമ്പത് സ്‌കുളുകളില്‍ എട്ടിടത്തും നൂറു ശതമാനം വിജയം. 13 ആദിവാസിക്കുട്ടികളുടെ വിജയത്തിലൂടെ കിസുമത്തെ സര്‍ക്കാര്‍ സ്‌കൂള്‍ മിന്നുന്ന വിജയം നേടി. 10 കുട്ടികള്‍ക്ക് മുഴുവന്‍ എപ്ലസ് ലഭിച്ചപ്പോള്‍ ഒരു വിഷയം ഒഴിച്ച് മറ്റെല്ലാത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം നൂറില്‍പ്പരമാണ്. കിഴക്കന്‍ മേഖലയിലാണ് സമ്പൂര്‍ണവിജയം തിളക്കമായത്. എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളിലെ ആസിഫ് അലി, അര്‍ഫാന്‍ അലി, റസല്‍ മുസ്തഫ, താരിഖ് ഷാഹുല്‍ ഹമീദ്, എല്‍സമ്മ ബാബു എന്നിവരും, ഉമ്മിക്കുപ്പ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പി എസ് ആരതി, ജെസ്റ്റീനാ ജോസഫ്, കമല്‍ ഹരിചന്ദ്രന്‍, കാര്‍ത്തിക ബാബു, ഷിഫാ ഫാത്തിമാ എന്നിവരുമാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയത്.
ഉമ്മിക്കുപ്പ സെന്റ് മേരീസില്‍ പരീക്ഷ എഴുതിയ 103 പേരും വിജയിച്ചപ്പോള്‍ മൂന്നാം തവണയാണ് നൂറ് മേനി വിജയം ആവര്‍ത്തിച്ചത്. എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളിലാണ് കാഞ്ഞിരപ്പള്ളി ഉപജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത്. 217 പേര്‍ ഇവിടെ വിജയിച്ചു. കണമല സാന്തോം ഹൈസ്‌കൂളില്‍ 143 പേരും വിജയിച്ചപ്പോള്‍ അഞ്ചാം തവണയാണ് ഇവിടെ നൂറ്‌മേനി വിജയം നേടി. പരീക്ഷ എഴുതിയ 14 പേരും ജയിച്ച ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍ നാലാം തവണയും നുറ്‌മേനി നിലനിര്‍ത്തി. ഇതാദ്യമായി ഇത്തവണ വാവര്‍ സ്മാരക സ്‌കൂള്‍ നൂറു മേനി വിജയത്തിലെത്തി. 58 പേരാണ് ഇവിടെ വിജയിച്ചത്. കനകപ്പലം എംടി ഹൈസ്‌കൂളില്‍ 45 പേരും ജയിച്ച് മൂന്നാം തവണയും നൂറ് മേനി നിലനിര്‍ത്തി. വെണ്‍കുറിഞ്ഞി എസ്എന്‍ഡിപി സ്‌കൂളില്‍ 92 പേരുടെ വിജയത്തിലൂടെ നാലാം തവണയും സമ്പൂര്‍ണ വിജയം നിലനിര്‍ത്തി.
പ്രതികൂല സാഹചര്യങ്ങളെ തോല്‍പ്പിച്ച് നാലാം തവണയും നൂറ്‌മേനി വിജയം തിരുവള്ളുവര്‍ ഹൈസ്‌കൂളില്‍ ആവര്‍ത്തിച്ചത് ചരിത്രമായി. സംസ്ഥാനത്തെ ഏക പട്ടികജാതി മാനേജ്‌മെന്റ് സ്‌കൂളായ ഇവിടെ നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട 20 കുട്ടികളും വിജയിച്ചു. അക്ഷരലോകം തേടാന്‍ കൊടും വനത്തില്‍ കിലോമീറ്ററുകളോളം സ്‌കൂളിലേയ്ക്ക് നടക്കുന്ന ആദിവാസി കുടികളിലെ 13 കുട്ടികളാണ് കിസുമം സര്‍ക്കാര്‍ സ്‌കൂളില്‍ വിജയിച്ചത്. ഇവിടെ പരീക്ഷ എഴുതിയ 20 പേരും വിജയിച്ചു.
Next Story

RELATED STORIES

Share it