kannur local

എസ്എഫ്‌ഐ പ്രവര്‍ത്തകരും പോലിസും ഏറ്റുമുട്ടി

പയ്യന്നൂര്‍: പയ്യന്നൂര്‍ കോളജില്‍ കഴിഞ്ഞാഴ്ചയുണ്ടായ വിദ്യാര്‍ഥി സംഘട്ടനത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ പയ്യന്നൂര്‍ പോലിസിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും രണ്ട് പോലിസുകാര്‍ക്കും പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. പയ്യന്നൂര്‍ കോളജില്‍ പോലിസ് എത്തി നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ തടഞ്ഞത്. ഇതേ തുടര്‍ന്ന് പോലിസും വിദ്യാര്‍ഥികളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സംഭവത്തില്‍ പോലിസ് വാഹനത്തിന് കേടുപാടു പറ്റി. സംഘര്‍ഷത്തില്‍ ആസാദ്, ശ്രീരാഗ, ദിവ്യ, അമൃത, സനോജ് എന്നീ വിദ്യാര്‍ഥികള്‍ക്കും പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷനിലെ ഒരു സിവില്‍ പോലിസ് ഓഫിസര്‍ക്കും കെഎപിയിലെ പോലിസുകാരനും പരിക്കേറ്റു. വിദ്യാര്‍ഥികളെ പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ പ്രവേശിച്ചു. പോലിസ് ഉദ്യോഗസ്ഥര്‍ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി മനുരാജ്, കോളജ് യൂനിയന്‍ ചെയര്‍മാന്‍ ഹരികൃഷ്ണന്‍, പെരിങ്ങോം ഏരിയാ വൈസ് പ്രസിഡന്റ് കെ ശരത്ത് എന്നിവരെ കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it