എസ്എന്‍ഡിപി വഴങ്ങിയില്ല; വടകര മേഖലയില്‍ ബിജെപി പ്രതീക്ഷകള്‍ക്കു തിരിച്ചടി

വടകര: മലബാറില്‍ തിയ്യ സമുദായത്തിന് നിര്‍ണായക പ്രാതിനിധ്യമുള്ള കടത്തനാടന്‍ മേഖലയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് തുടക്കത്തിലേ തിരിച്ചടി. എസ്എന്‍ഡിപിയുമായി പ്രാദേശിക തലത്തില്‍ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പാളിയതാണ് ബിജെപിയുടെ നില പരുങ്ങലിലാക്കിയത്. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിയ്യ സമുദായത്തിന് സ്വാധീനമുള്ള മേഖലകളില്‍ വന്‍ നേട്ടം കൊയ്യാനാവുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. ടിപി വധത്തെ തുടര്‍ന്ന് സിപിഎം പ്രതിരോധത്തിലായ പ്രദേശങ്ങളിലുള്‍പ്പടെ വന്‍ മുന്നേറ്റം നടത്താനാവുമെന്നും ബിജെപി വിലയിരുത്തിയിരുന്നു.
സംസ്ഥാന തലത്തില്‍ എസ്എന്‍ഡിപിയുമായി ധാരണ രൂപപ്പെട്ടില്ലെങ്കിലും വടകര മേഖലയിലെ പ്രത്യേക സാഹചര്യത്തില്‍ സഹകരണം ലഭിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. പ്രാദേശിക യോഗം നേതൃത്വങ്ങളുടെ തീരുമാനത്തിനു കാത്തിരുന്നതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോയി. എന്നാല്‍, അവസാന നിമിഷം തിരഞ്ഞെടുപ്പ് സഹകരണത്തിനില്ലെന്ന് മേഖലയിലെ യോഗം നേതാക്കള്‍ ബിജെപിയെ അറിയിക്കുകയായിരുന്നു.
നാദാപുരം ഉള്‍ക്കൊള്ളുന്ന മേഖലയില്‍ കാലങ്ങളായി ഒരു പ്രത്യേക സമുദായത്തോടുള്ള വിരോധം കൊണ്ടുനടക്കുന്ന സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കള്‍ അടുത്ത കാലത്തായി സംഘപരിവാരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുതുടങ്ങിയിരുന്നു. ഈ സാഹചര്യം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താമെന്ന് ബിജെപി കണക്കുകൂട്ടി.
എന്നാല്‍, ധാരണയ്ക്ക് എസ്എന്‍ഡിപി പ്രാദേശിക നേതൃത്വം വഴങ്ങാതായതോടെ മുന്‍കാലങ്ങളിലെ പോലെ തനിച്ചു മല്‍സരിക്കാന്‍ ബിജെപി നിര്‍ബന്ധിതമായി. ബിജെപിയുമായി രാഷ്ട്രീയ സഹകരണത്തിനുള്ള സാഹചര്യം നിലവിലില്ലാത്തതിനാലാണ് മേഖലയില്‍ എസ്എന്‍ഡിപി തിരഞ്ഞെടുപ്പു ധാരണയ്ക്ക് തയ്യാറാവാതിരുന്നതെന്ന് യോഗം വടകര യൂനിയന്‍ സെക്രട്ടറി പി എം രവീന്ദ്രന്‍ തേജസിനോട് പറഞ്ഞു. അതേസമയം, എസ്എന്‍ഡിപി- ബിജെപി ബാന്ധവത്തിനെതിരേ മലബാറിലെ വിവിധ തിയ്യ സംഘടനകള്‍ ശക്തമായി രംഗത്തുവന്നതു കാരണമാണ് കടത്തനാടന്‍ മേഖലയില്‍ എസ്എന്‍ഡിപി ബിജെപിയോട് മുഖം തിരിക്കാന്‍ കാരണമെന്നും സൂചനയുണ്ട്.
Next Story

RELATED STORIES

Share it