എസ്എന്‍ഡിപി മൈക്രോഫിനാന്‍സ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 80.3 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലന്‍സ്. പരിശോധനയില്‍ തട്ടിപ്പു കണ്ടെത്തിയെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് രഹസ്യ പരിശോധനാ റിപോര്‍ട്ട് ഹാജരാക്കാന്‍ ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ഉത്തരവിട്ടു. മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടക്കുന്നുവെന്ന വ്യാപക പരാതികളെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ രഹസ്യ പരിശോധനയിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. വ്യാജ പേരുകളില്‍ വായ്പകള്‍ നല്‍കിയതായും കണ്ടെത്തി.

പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ കോടതിയെ അറിയിച്ചു. പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നു വായ്പയെടുത്ത ശേഷം വ്യാജരേഖകളും പേരുകളും ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തേ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എംഡി എന്‍ നജീബിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, നജീബ് സര്‍വീസില്‍ നിന്നു വിരമിച്ചതിനാല്‍ നടപടിയെടുക്കാനായില്ലെന്നു വിജിലന്‍സ് വിശദീകരിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കം നാലു പേര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് വിജിലന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്. രഹസ്യ പരിശോധനാ റിപോര്‍ട്ട് ഈ മാസം 11ന് ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചത്.

2003-2015 കാലയളവില്‍ മൈക്രോഫിനാന്‍സ് തട്ടിപ്പിലൂടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ 15 കോടി രൂപ തട്ടിയെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നുമാണ് വിഎസിന്റെ ഹരജിയിലെ ആവശ്യം. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. സോമന്‍, മൈക്രോഫിനാന്‍സ് ചുമതലക്കാരന്‍ കെ കെ മഹേശന്‍, എന്‍ നജീബ് എന്നിവരെ പ്രതിചേര്‍ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. വിഎസിന്റെ ഹരജി 11നു വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it