എസ്എന്‍ഡിപിയെ വര്‍ഗീയ ശക്തികള്‍ക്കു വിട്ടുകൊടുക്കരുത്: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: എസ്എന്‍ഡിപിയെ വര്‍ഗീയ ശക്തികള്‍ക്കു വിട്ടുകൊടുക്കരുതെന്ന് പോപുലര്‍ ഫ്രണ്ട്. ആര്‍എസ്എസ്-ബിജെപി നേതൃത്വത്തില്‍ സംസ്ഥാനത്തു ശക്തിപ്പെടുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കു കരുത്തുപകരാന്‍ മാത്രമേ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമീപകാല നിലപാടുകള്‍ ഉപകരിക്കുകയുള്ളൂവെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മനുഷ്യസമത്വത്തിന്റെ പ്രഭ വിതറിയ ഗുരുദര്‍ശനം സാമൂഹിക വിപ്ലവത്തിന്റെ വിത്തു വിതയ്ക്കുകയായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാവാനും സംഘടിത ശക്തിയിലൂടെ അഭിവൃദ്ധി കൈവരിക്കാനുമുള്ള ഗുരുസന്ദേശം ഈഴവ സമുദായത്തിനു മാത്രമല്ല, മുഴുവന്‍ ദുര്‍ബല സമുദായങ്ങള്‍ക്കും മാര്‍ഗദര്‍ശനമാണ്. ഗുരു കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ ആര്‍എസ്എസിന്റെ ആലയില്‍ അടിയറവയ്ക്കുകയാണു വിശാല ഹിന്ദു ഐക്യത്തിന്റെ പേരുപറഞ്ഞ് വെള്ളാപ്പള്ളി ചെയ്യുന്നത്.
സംവരണവിരുദ്ധവും സവര്‍ണാനുകൂലവുമായ നിലപാട് സ്വീകരിച്ചിട്ടുള്ള ആര്‍എസ്എസിന്റെ കൂടാരത്തില്‍ എസ്എന്‍ഡിപിയെ തളയ്ക്കുന്നതിലൂടെ പിന്നാക്കസമുദായങ്ങളുടെ അവകാശസമരങ്ങളുടെ മഹനീയ പൈതൃകത്തെ ബലികഴിക്കുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ ഘടനയ്ക്ക് അതേല്‍പ്പിക്കുന്ന ആഘാതം ചെറുതായിരിക്കില്ല. അവകാശ പോരാട്ടങ്ങളിലൂടെ ശക്തിപ്പെട്ട അധസ്ഥിത സമൂഹങ്ങളുടെ ഐക്യത്തെ ദുര്‍ബലമാക്കുന്നതാണീ നടപടി.
സംവരണവിരുദ്ധ നിലപാടുകള്‍ പുലര്‍ത്തുമ്പോള്‍ പോലും ഹിന്ദു വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതു കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ത്തുകൊണ്ടാവരുതെന്ന് ആവര്‍ത്തിക്കുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ സമീപനം സ്വാഗതാര്‍ഹമാണ്. ആര്‍എസ്എസ് പാളയത്തില്‍ ചേക്കേറാന്‍ നിന്നുകൊടുക്കാത്ത എന്‍എസ്എസ് നിലപാട് ആര്‍ജവമുള്ളതാണ്. എസ്എന്‍ഡിപി-ബിജെപി രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മതേതര ഗാത്രത്തെ ആഴത്തില്‍ മുറിവേല്‍പ്പിക്കും. പിന്നാക്ക ഐക്യത്തിന്റെയും സംവരണാവകാശ സംരക്ഷണത്തിന്റെയും മുന്നണിപ്പോരാളിയായി തുടരുകയാണ് എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രപരമായ കടമയെന്നും പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍, കെ മുഹമ്മദലി, ടി കെ അബ്ദുസ്സമദ്, കെ സാദത്ത്, ബി നൗഷാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it