എഴുന്നള്ളിപ്പും വെടിക്കെട്ടും നിരോധിക്കേണ്ട സമയം അതിക്രമിച്ചു: ഹൈക്കോടതി

കൊച്ചി: ആനകളെ എഴുന്നള്ളിച്ചും വെടിക്കെട്ട് നടത്തിയുമുള്ള മതാഘോഷ ചടങ്ങുകള്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി. രാഷ്ട്രീയ, സാമുദായിക താല്‍പര്യങ്ങള്‍ക്ക് വിധേയരായിരിക്കുന്ന പോലിസ്, ബ്യൂറോക്രാറ്റ് സംവിധാനങ്ങളില്‍ ശുദ്ധികലശം അനിവാര്യമാണെന്നും ജസ്റ്റിസ് പി ഉബൈദ് നിരീക്ഷിച്ചു.
സ്‌ഫോടനമുണ്ടാക്കുന്ന ആഘോഷങ്ങളും ആചാരങ്ങളും ഒരു മതവും പ്രോല്‍സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. 1884ലെ സ്‌ഫോടന ആക്ടിന്റെ അടിസ്ഥാനത്തില്‍ സ്‌ഫോടകവസ്തുക്കളുടെ നിര്‍മാണം, കൈമാറ്റം, വില്‍പന, കൈവശംവയ്ക്കല്‍, നീക്കംചെയ്യല്‍, കയറ്റുമതി, ഇറക്കുമതി തുടങ്ങിയവ നിയന്ത്രിക്കാനുള്ള നിയമം കേരളത്തിലുണ്ട്. 1908ലെ സ്‌ഫോടകവസ്തു ആക്ട് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിയമവും നിലവിലുണ്ട്. ഈ നിയമങ്ങള്‍ നടപ്പാക്കാനുള്ള വ്യക്തമായ സംവിധാനവുമുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിയമം നടപ്പാക്കാന്‍ കഴിയാത്തതിനാലാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനിടയാകുന്നതിന്റെ കാരണമെന്നും കോടതി വ്യക്തമാക്കി.
രാഷ്ട്രീയ നേതൃത്വത്തിന്റേതുള്‍പ്പെടെയുള്ള റിമോട്ട് കണ്‍ട്രോള്‍ സ്വാധീനത്തില്‍ നിന്നും ബാഹ്യ സമ്മര്‍ദങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ മോചിപ്പിക്കപ്പെടണം. ഇതിനായി സിവില്‍ സര്‍വീസിനെയും ബ്യൂറോക്രസിയേയും ശുദ്ധീകരിക്കാന്‍ സത്യസന്ധവും ആത്മാര്‍ഥവുമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും പുറ്റിങ്ങല്‍ ക്ഷേത്രം ഭാരവാഹികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി വ്യക്തമാക്കി. പൊട്ടാസ്യം ക്ലോറേറ്റും നിരോധിത രാസവസ്തുക്കളും വെടിമരുന്നില്‍ അടങ്ങിയിരുന്നതാണ് പുറ്റിങ്ങലിലെ ദാരുണ ദുരന്തത്തിനിടയാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it