എഴുത്തിലൂടെ റെക്കോഡുകള്‍ ലക്ഷ്യമിട്ട് ജോര്‍ജ് നെടുമ്പാറ

കൊച്ചി: വടിവൊത്ത സ്വന്തം കൈപ്പടയില്‍ അഞ്ചു വര്‍ഷം കൊണ്ട് 700 പേജുകളുള്ള പുസ്തകം പ്രസിദ്ധീകരിച്ച് ലോക റെക്കോഡും ഗിന്നസ് റെക്കോഡും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഡല്‍ഹിയില്‍ പോലിസ് ഉദ്യോഗസ്ഥനായ ജോര്‍ജ് നെടുമ്പാറ. അഞ്ചു വര്‍ഷത്തെ നിരന്തര ശ്രമഫലമായി ജോര്‍ജിന്റെ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ 'വെളിച്ചമേ നയിച്ചാലും' എന്ന പുസ്തകത്തിനാണ് റെക്കോഡുകള്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നത്.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയാണ് ജോര്‍ജ് നെടുമ്പാറ. നിത്യേന അതിരാവിലെ മൂന്നു മണിക്ക് ഇദ്ദേഹം തന്റെ ഗ്രന്ഥരചന ആരംഭിക്കും. ഒരു ചെറിയ അക്ഷരത്തെറ്റ് സംഭവിച്ചാല്‍ പോലും ആ പേജ് മുഴുവന്‍ മാറ്റി എഴുതേണ്ടിവരാറുണ്ട് ജോര്‍ജിന്. സ്വന്തം കൈപ്പടയില്‍ തയ്യാറാക്കുന്ന ഗ്രന്ഥങ്ങളുടെ നെഗറ്റീവ് അല്ലെങ്കില്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് വായനകാര്‍ക്ക് എത്തിച്ചുനല്‍കാനാണ് അദ്ദേഹത്തിന്റെ ശ്രമം. വായനക്കാരെ നേരിട്ടുകണ്ട് പുസ്തകത്തെപ്പറ്റി സംസാരിച്ച ശേഷമാണ് പുസ്തകം നല്‍കിവരുന്നത്.
നേരത്തെ പത്തുവര്‍ഷം കൊണ്ട് എഴുതിത്തീര്‍ത്ത 583 പേജ് വരുന്ന 'ജീവിതവീക്ഷണം' എന്ന ഗ്രന്ഥത്തിന് 2004ല്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ് ലഭിച്ചിരുന്നു. അച്ചടിച്ചതുപോലെ ഭംഗിയില്‍ എഴുതാനുള്ള ജോര്‍ജിന്റെ കഴിവ് ഓരോ ഗ്രന്ഥരചനയിലും പ്രകടമാണ്. ഇപ്പോള്‍ ഡല്‍ഹിയിലെ രാജ്യാന്തര വിമാനത്താവളത്തിലാണ് ജോര്‍ജ് ജോലി ചെയ്യുന്നത്.
Next Story

RELATED STORIES

Share it