എല്‍.ഡി.എഫ്: വിജയം നിലനില്‍പ്പിന് അനിവാര്യം

സ്വന്തം പ്രതിനിധിതിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പരമാവധി വിജയം നേടാനായി പഴുതുകളടച്ച് യത്‌നിക്കാന്‍ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് സി.പി.എം. നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കേണ്ടത്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം നേടുകയെന്നതിനൊപ്പം നിലവിലെ നിലനില്‍പ്പിന് അനിവാര്യമാണെന്ന വിലയിരുത്തലിലാണ് സി.പി.എമ്മും എല്‍.ഡി.എഫും. പതിവില്‍ നിന്നു വിപരീതമായി യു.ഡി.എഫിനെയും എസ്.എന്‍.ഡി.പിയെ കൂട്ടുപിടിച്ച് ജാതിരാഷ്ട്രീയം കളിക്കുന്ന ബി.ജെ.പിയെയും ഒരേപോലെ പ്രതിരോധിക്കണമെന്ന വെല്ലുവിളിയും എല്‍.ഡി.എഫിനുണ്ട്.

ഇതിനു പുറമെ, അണികളുടെ കൊഴിഞ്ഞുപോക്കും പാര്‍ട്ടിയെ വേട്ടയാടുന്നു. അരുവിക്കരയിലെ തോല്‍വിക്കു പ്രധാന കാരണമായി വിലയിരുത്തപ്പെട്ടതും സി.പി.എമ്മിലെ വോട്ടുചോര്‍ച്ചയാണ്. രാഷ്ട്രീയ വിവാദങ്ങളിലും അഴിമതി ആരോപണങ്ങളിലും പ്രതിസ്ഥാനത്തു നിന്നിട്ടും വിജയം തുടര്‍ക്കഥയാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുന്ന യു.ഡി.എഫിന്റെ വെല്ലുവിളി ഗൗരവത്തോടെയാണു പാര്‍ട്ടി നേതൃത്വം കാണുന്നത്. അതിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് എസ്.എന്‍.ഡി.പി. ബി.ജെ.പിയെ കൂട്ടൂപിടിച്ച് സി.പി.എമ്മിനെതിരേ തിരിഞ്ഞത്. ഈ രണ്ടു പ്രതിസന്ധികളെയും ചെറുത്തുനിന്നു വിജയം നേടുകയെന്ന ശ്രമകരമായ ദൗത്യമാണ് എല്‍.ഡി.എഫിന് മുന്നിലുള്ളത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലേതുപോലെയുള്ള മോശം പ്രകടനം ആവര്‍ത്തിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിനു വെല്ലുവിളിയാവുമെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കണമെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം നേടി ആത്മവിശ്വാസം വര്‍ധിപ്പിച്ചേ മതിയാവൂ. ആരോപണങ്ങളും വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നിട്ടും ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിച്ചുകയറുന്ന യു.ഡി.എഫിന് തടയിടുന്നതിനൊപ്പം എസ്.എന്‍.ഡി.പിയെ മുന്‍നിര്‍ത്തി ബി.ജെ.പി. മെനയുന്ന തന്ത്രങ്ങള്‍ തകര്‍ക്കാനും തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ കഴിയുമെന്നും എല്‍.ഡി.എഫ്. വിലയിരുത്തുന്നു. ദുര്‍ബലമായ മുന്നണിയും നേരത്തെയുള്ള വിഭാഗീയതമൂലം പ്രാദേശികതലം വരെ ഉടലെടുത്ത മന്ദതയുമാണ് എല്‍.ഡി.എഫിനെയും മുന്നണിക്കു നേതൃത്വം നല്‍കുന്ന സി.പി.എമ്മിനെയും തളര്‍ത്തുന്നത്.

ശക്തമായൊരു തിരിച്ചുവരവിന് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്. ഈ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കില്‍ സംസ്ഥാനഭരണം അടുത്തതവണ നേടാമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ കഠിനപ്രയത്‌നം നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അമ്പതു ശതമാനത്തോളം വോട്ടുനേടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിടിക്കാമെന്നാണ് എല്‍.ഡി.എഫ്. കരുതുന്നത്. എന്നാല്‍, വര്‍ത്തമാനകാല രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നല്‍കുന്നതു വലിയ തിരിച്ചടിയാണ്.
Next Story

RELATED STORIES

Share it