kozhikode local

എല്‍ഡിഎഫ്-11, യുഡിഎഫ്-2

കോഴിക്കോട്: അഞ്ചുവര്‍ഷത്തെ ഭരണത്തിന് ജനം വിധിയെഴുതിയപ്പോള്‍ ജില്ലയിലെ പതിമൂന്ന് സീറ്റില്‍ 11ലും ജയിച്ച് എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ സി കെ നാണു(വടകര-9511), ഇ കെ വിജയന്‍ (നാദാപുരം-4759), കെ ദാസന്‍ (കൊയിലാണ്ടി-13369), പുരുഷന്‍ കടലുണ്ടി (ബാലുശ്ശേരി-15464), എ കെ ശശീന്ദ്രന്‍ (എലത്തൂര്‍-29057), എ പ്രദീപ് കുമാര്‍ (കോഴിക്കോട് നോര്‍ത്ത്- 27873), വി കെസി മമ്മദ് കോയ (ബേപ്പൂര്‍-14363), അഡ്വ. പിടിഎ റഹീം (കുന്ദമംഗലം-സ്വതന്ത്രന്‍11205), കാരാട്ട് റസാഖ് (കൊടുവള്ളി-സ്വതന്ത്രന്‍ 573), ജോര്‍ജ് എം തോമസ് (തിരുവമ്പാടി- 3008), യുഡിഎഫ് സ്ഥാനാര്‍ഥികളായ പാറക്കല്‍ അബ്ദുല്ല (കുറ്റിയാടി-1901), ഡോ. എം കെ മുനീര്‍ (കോഴിക്കോട് സൗത്ത്- 6327) എന്നിവരാണ് വിജയിച്ചത്. വടകര, കുറ്റിയാടി, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി, കുന്ദമംഗലം എന്നീ മണ്ഡലങ്ങളില്‍ കടുത്ത മല്‍സരമാണ് ഇരുമുന്നണികളും തമ്മില്‍ നടന്നത്. സിറ്റിങ് സീറ്റായ കുറ്റിയാടി എല്‍ഡിഎഫിന് നഷ്ടപ്പെട്ടപ്പോള്‍ കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രന്‍ അട്ടിമറി ജയം നേടി.
കുറ്റിയാടിയില്‍ യുഡിഎഫ് മുന്നേറ്റമാണ് വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറില്‍തന്നെ പ്രതിഫലിച്ചത്. സിറ്റിങ് എംഎല്‍എ കെ കെ ലതികക്ക് ഒരുതവണ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലക്കെതിരേ ലീഡ് നേടാന്‍ കഴിഞ്ഞത്. 2011ല്‍ 6972 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച കെ കെ ലതിക 1901 വോട്ടിനാണ് ഇത്തവണ തോറ്റത്.
കുന്ദമംഗലത്ത് 2011ലെ തിരഞ്ഞെടുപ്പില്‍ 3269 വോട്ടിന് ജയിച്ച പിടിഎ റഹീം ഇത്തവണ 11,205 വോട്ടിന്റെ വന്‍ വിജയമാണ് നേടിയത്. ആദ്യ അരമണിക്കൂറിനുള്ളില്‍ ലീഡ് നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദീഖിന് പിന്നീട് ഒരു ഘട്ടത്തില്‍പോലും സിറ്റിങ് എംഎല്‍എയ്‌ക്കെതിരേ ലീഡ് നേടാന്‍ കഴിഞ്ഞില്ല. ആദ്യ അരമണിക്കൂറിനുള്ളില്‍ സിദ്ദീഖിന്റെ ലീഡ് ആയിരത്തിനു മുകളിലെത്തി. എന്നാല്‍ ഏതാനും സമയം കഴിഞ്ഞപ്പോള്‍ അഡ്വ. പിടിഎ റഹീം മുന്നിലെത്തി വിജയം ഉറപ്പിച്ചു.
വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ നാണു 9511 വോട്ടിനാണ് വിജയിച്ചത്. 2011ല്‍ 847 വോട്ടായിരുന്നു സിറ്റിങ് എംഎല്‍എയായ അദ്ദേഹത്തിന്റെ ഭൂരിപക്ഷം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫ് ലീഡ് നേടിയെങ്കിലും പിന്നീട് എല്‍ഡിഎഫ് മുന്നേറ്റമായിരുന്നു.
കൊടുവള്ളി നിയോജകമണ്ഡലത്തില്‍ അട്ടിമറി ജയത്തിമാണ് ലീഗ് വിമതന്‍ കാരാട്ട് റസാഖ് നേടിയത്. 573 വോട്ടുകള്‍ക്ക് മിന്നും വിജയമാണ് കാരാട്ട് നേടിയത്. 2011ല്‍ 16552വോട്ടുകളുടെ ഭുരിപക്ഷത്തിന് വിജയിച്ച വി എം ഉമ്മറിനെ തിരുവമ്പാടിക്ക് മാറ്റി ജില്ലാ സെക്രട്ടറിയായിരുന്ന റസാഖ് മാസ്റ്ററെയാണ് ഇവിടെ ലീഗ് മല്‍സരിപ്പിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ടുമണിക്കൂറോളം വ്യക്തമായ ലീഡ് നേടിയ യുഡിഎഫ് സ്ഥാനാര്‍ഥിയെ അവസാന നിമിഷമാണ് വിമതസ്ഥാനാര്‍ഥി കാരാട്ട് റസാഖ് മലര്‍ത്തിയടിച്ച് യുഡിഎഫ് കോട്ടയില്‍ വെന്നിക്കൊടിപാറിച്ചത്.
വോട്ടെണ്ണല്‍ ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ നാദാപുരത്ത് 3000ത്തിലേറെയും എലത്തൂരില്‍ 8000വും കോഴിക്കോട് നോര്‍ത്തില്‍ 6500ഉം ബേപ്പൂരില്‍ 5840ഉും വോട്ടുകളുമായി മുന്നേറിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും പിന്നോട്ടുപോയില്ല. ബാലുശ്ശേരിയില്‍ സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പുരുഷന്‍ കടലുണ്ടി തുടക്കംമുതലേ വ്യക്തമായ ലീഡുമായാണ് മുന്നേറിയത്.
കോഴിക്കോട് നോര്‍ത്ത് എ പ്രദീപ് കുമാര്‍, എലത്തൂര്‍ എ കെ ശശീന്ദ്രന്‍ എന്നിവര്‍ക്ക് 20000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ബേപ്പൂരില്‍ വികെസി മമ്മദ്‌കോയ, കുന്ദമംഗലം അഡ്വ. പിടിഎ റഹീം, ബാലുശ്ശേരി പുരുഷന്‍ കടലുണ്ടി, കൊയിലാണ്ടി കെ ദാസന്‍ എന്നിവര്‍ 10,000ത്തിലേറെ വോട്ടുകളുടെ ഭുരിപക്ഷമാണ് നേടിയത്.
Next Story

RELATED STORIES

Share it