Kottayam Local

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് പി സി ജോര്‍ജ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് സെക്യൂലര്‍ നേതാവ് പി സി ജോര്‍ജ്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും മുണ്ടക്കയത്ത് നടന്ന യോഗത്തിലാണ് പി സി ജോര്‍ജ് ഈക്കാര്യം അറിയിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. താന്‍ പൂഞ്ഞാറില്‍ മല്‍സരിക്കുന്നതിനോട് സിപിഎം നേതൃത്വത്തിന് എതിര്‍പ്പില്ല.
താഴേക്കിടയിലുള്ള പ്രവര്‍ത്തകരോട് തിരഞ്ഞെടുപ്പ് വിജയത്തിനായി സജീവമായി രംഗത്തിറങ്ങാനും ജോര്‍ജ് ആഹ്വാനം ചെയ്തു. പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ജെ മാത്യുവിന്റെ പേരാണ് സജീവ ചര്‍ച്ചയിലുണ്ടായിരുന്നത്. ഇതിന് പുറമെ സിപിഎം മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ കെ ജെ തോമസിന്റെ പേരും ഉയര്‍ന്നിരുന്നു. അതേസമയം പി സി ജോര്‍ജ് സ്ഥാനാര്‍ഥിത്വം പ്ര്ഖ്യാപിച്ചത് വരും ദിവസങ്ങളില്‍ ഇടതുപാളയത്തില്‍ എത്തരത്തിലുള്ള പ്രതികരണം ഉണ്ടാവുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
കേരളാ കോണ്‍ഗ്രസ് (എം) വിട്ടു വന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസും സ്‌കറിയാ തോമസിന്റെ കേരളാ കോണ്‍ഗ്രസും തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം അനുകൂലമായി പ്രതികരിക്കുമ്പോള്‍ പി സി ജോര്‍ജിനെ പരിഗണിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു സൂചന പോലും നല്‍കിയിട്ടില്ല.
ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെയും സ്‌കറിയാ തോമസിന്റെ കേരളാ കോണ്‍ഗ്രസിനെയും എല്‍ഡിഎഫ് പിണക്കില്ലെന്നുമാണ് അറിയാന്‍ കഴിയുന്നത്. അതേസമയം സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം പി സി ജോര്‍ജിനെ പരിഗണിക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പി സി ജോര്‍ജ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന്റെ പ്രതിഫലനം വരും ദിവസങ്ങളില്‍ വ്യക്തമാവും.
Next Story

RELATED STORIES

Share it