എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി; വിജയകേരളം

തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 14ാമത് സംസ്ഥാന മന്ത്രിസഭ അധികാരമേറ്റു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രമുഖരും പൊതുജനങ്ങളും ഉള്‍പ്പെടെ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു 19 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്.
മുഖ്യമന്ത്രിക്കൊപ്പം സിപിഎമ്മിന്റെ 11 അംഗങ്ങളും സിപിഐയുടെ നാലും കോണ്‍ഗ്രസ്(എസ്), ജനതാദള്‍(എസ്), എന്‍സിപി എന്നിവയുടെ ഓരോ പ്രതിനിധികളുമാണു സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സിപിഎം, സിപിഐ മന്ത്രിമാര്‍ സഗൗരവം പ്രതിജ്ഞയെടുത്തപ്പോള്‍ സിപിഎം സ്വതന്ത്രന്‍ കെ ടി ജലീല്‍, ഘടകകക്ഷി മന്ത്രിമാരായ മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ദൈവനാമത്തിലും സത്യവാചകം ചൊല്ലി.
മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി എസ് അച്യുതാനന്ദന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും മമ്മൂട്ടി, ദിലീപ് ഉള്‍പ്പെടെയുള്ള ചലച്ചിത്രതാരങ്ങളും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. കേരളത്തിന്റെ 22ാം മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മന്ത്രിസഭയില്‍ അഞ്ചുപേര്‍ മാത്രമാണു പരിചയസമ്പന്നര്‍.
തോമസ് ഐസക്ക്, ജി സുധാകരന്‍, മാത്യു ടി തോമസ്, എ കെ ബാലന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ 2006ലെ വിഎസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. 1996ലെ ഇ കെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതിമന്ത്രിയായിരുന്നു പിണറായി.
പി തിലോത്തമന്‍, വി എസ് സുനില്‍കുമാര്‍, കെ കെ ശൈലജ, പ്രഫ. രവീന്ദ്രനാഥ്, ടി പി രാമകൃഷ്ണന്‍, അഡ്വ. കെ രാജു, എ സി മൊയ്തീന്‍, മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ഇ പി ജയരാജന്‍, എ കെ ശശീന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, കെ ടി ജലീല്‍ എന്നിവര്‍ പുതുമുഖങ്ങളാണ്. ആഭ്യന്തരം, വിജിലന്‍സ്, ഐടി തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈകാര്യംചെയ്യും.
വിഎസ് മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാര്‍ക്ക് നല്‍കിയിരുന്ന റവന്യൂ, ഭക്ഷ്യ-സിവില്‍സപ്ലൈസ്, കൃഷി, വനം വകുപ്പുകള്‍ ഇക്കുറിയും അവര്‍ക്കുതന്നെ നല്‍കി. എന്നാല്‍ തോമസ് ഐസക് ഒഴികെയുള്ള സിപിഎമ്മിന്റെയും മറ്റു ഘടകകക്ഷികളുടെയും മന്ത്രിമാര്‍ വഹിച്ചിരുന്ന വകുപ്പുകളില്‍ മാറ്റമുണ്ട്. ഇടതു സ്വതന്ത്രനായി വിജയിച്ച കെ ടി ജലീലിനാണു തദ്ദേശഭരണ വകുപ്പ്.
വൈകീട്ട് നാലിനാണു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. പ്ലാസ്റ്ററിട്ട കൈകളുമായാണു രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്ത കാഞ്ഞങ്ങാട് എംഎല്‍എ സിപിഐയിലെ ചന്ദ്രശേഖരന്‍ എത്തിയത്. ഇദ്ദേഹത്തിനു പിന്നാലെ മറ്റു ഘടകകക്ഷി പ്രതിനിധികള്‍ സത്യവാചകം ചൊല്ലി. തുടര്‍ന്ന് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ മറ്റു മന്ത്രിമാരെയും ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു.
തോമസ് ഐസക്കാണ് ഏറ്റവും ഒടുവിലായി സത്യപ്രതിജ്ഞ ചെയ്തത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന ചടങ്ങ് വീക്ഷിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരങ്ങളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി വിപുലമായ സംവിധാനങ്ങള്‍ പോലിസ് ഏര്‍പ്പെടുത്തിയിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് ജനങ്ങള്‍ക്കു തല്‍സമയം വീക്ഷിക്കുന്നതിനായി നഗരത്തിന്റെ അഞ്ചിടങ്ങളില്‍ എല്‍ഇഡി സ്‌ക്രീനുകളും സ്ഥാപിച്ചിരുന്നു.
Next Story

RELATED STORIES

Share it