kannur local

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേക്ക്: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുമോ?

കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിരവധി തവണയാണ് പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, ഉമ്മന്‍ചാണ്ടി രാജിവച്ചൊഴിയുമ്പോഴും മെഡിക്കല്‍ കോളജ് സര്‍ക്കാരിന് കീഴിലായിട്ടില്ല. പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നാളെ അധികാരമേറ്റെടുക്കുകയാണ്. ഉത്തരമലബാറിലെ ആരോഗ്യരക്ഷാ മേഖലയിലെ പ്രധാന കേന്ദ്രമായ പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാവി എന്താവുമെന്ന ആകാംക്ഷയാണ് കണ്ണൂര്‍-കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക്.
നിലവില്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍ ചെയര്‍മാനായുള്ള ഭരണസമിതിക്ക് കീഴിലാണ്. കോളജിലെ വിവിധ കോഴ്‌സുകളുടെ പ്രവേശനം പോലും ഭരണസമിതിയാണ് നിശ്ചയിക്കുന്നതെന്ന ആരോപണം നിരന്തരം ഉയരുന്നു.
മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളോളം പഴക്കമുണ്ട്. ഇതിനായി പ്രക്ഷോഭ സമിതിയടെ നേതൃത്വത്തില്‍ നിരന്തരമായി സമരം നടന്നുവരികയുമാണ്. ഇതിനിടയില്‍ യുഡിഎഫ് സര്‍ക്കാര്‍ പലപ്പോഴായി കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് പ്രഖ്യാപിക്കും. എന്നാല്‍, പ്രഖ്യാപനം നടത്തിയെന്നല്ലാതെ കോളജ് ഏറ്റെടുക്കല്‍ യാഥാര്‍ഥ്യമായില്ല. കോളജിന്റെ ആസ്തി-ബാധ്യത റിപോര്‍ട്ട് ജില്ലാ കലക് ടര്‍ സര്‍്ക്കാരിന് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ രണ്ടിന് കണ്ണൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ജനങ്ങളെയും നിരവധി ജനപ്രതിനിധികളെയും സാക്ഷിയാക്കി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് പ്രഖ്യാപിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മുഖ്യവാഗ്ദാനങ്ങളിലൊന്ന് പരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ്. എന്നാല്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭ മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഒരു തീരുമാനവും എടുക്കാതെയാണ് രാജിവച്ചൊഴിഞ്ഞത്.—
നാളെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ്. സിപിഎം നേതൃത്വത്തിലുള്ള സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമോ അതോ ഭരണസമിതിയുടെ മേല്‍നോട്ടത്തില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമോയെന്നാണ് ജനം ഉറ്റുനോക്കുന്നത്. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജനവികാരത്തോടൊപ്പം എല്‍ഡിഎഫ് സര്‍ക്കാര്‍ നില്‍ക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it