എല്‍ഡിഎഫ് വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ആഞ്ഞുവീശിയ എല്‍ഡിഎഫ് തരംഗത്തില്‍ കേരളം ചുവന്നു. 91 സീറ്റുകളില്‍ വെന്നിക്കൊടി പാറിച്ച ഇടതുപക്ഷം ഇനി അഞ്ചുവര്‍ഷം കേരളം ഭരിക്കും. നാലു മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പും അടിയറവ് പറഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരമ്പരാഗത കോട്ടകള്‍ പലതും തകര്‍ന്നടിഞ്ഞു. 47 സീറ്റിലേക്ക് യുഡിഎഫ് കൂപ്പുകുത്തി.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി താമര വിരിയിച്ച ബിജെപി നേമത്ത് ജനവിധി തേടിയ ഒ രാജഗോപാലിലൂടെ നിയമസഭയില്‍ അക്കൗണ്ട് തുറന്നു. ഏഴു മണ്ഡലങ്ങളില്‍ എന്‍ഡിഎ രണ്ടാംസ്ഥാനത്തെത്തി. ഇരുമുന്നണികളെയും ബിജെപിയെയും മലര്‍ത്തിയടിച്ച് പി സി ജോര്‍ജ് പൂഞ്ഞാറില്‍ ത്രസിപ്പിക്കുന്ന വിജയം നേടി. 27,821 വോട്ടാണ് പിസിയുടെ ഭൂരിപക്ഷം. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തെ ജോര്‍ജ് മറികടന്നു.
അഞ്ചു സ്വതന്ത്രര്‍ ഉള്‍പ്പെടെ 63 സീറ്റുകള്‍ നേടി സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സിപിഐ 19 സീറ്റുകള്‍ കരസ്ഥമാക്കിയപ്പോള്‍ ജനതാദള്‍-എസിന് മൂന്നും എന്‍സിപിക്ക് രണ്ടും സീറ്റുകള്‍ ലഭിച്ചു. കേരള കോണ്‍ഗ്രസ് (ബി), കോണ്‍ഗ്രസ് (എസ്), ആര്‍എസ്പി (എല്‍), സിഎംപി കക്ഷികള്‍ ഓരോ സീറ്റുവീതം നേടി. യുഡിഎഫില്‍ 86 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ്സിന് 22 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. 24 മണ്ഡലങ്ങളില്‍ അങ്കത്തിനിറങ്ങിയ മുസ്‌ലിംലീഗിന് 18 സീറ്റ് ലഭിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ആറും ജേക്കബ് ഗ്രൂപ്പിന് ഒരു സീറ്റും കിട്ടി.
യുഡിഎഫിലെ ജെഡിയു, ആര്‍എസ്പി, സിഎംപി കക്ഷികള്‍ സംപൂജ്യരായി. എല്‍ഡിഎഫില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സും ഐഎന്‍എല്ലും മല്‍സരിച്ചിടത്തെല്ലാം പരാജയപ്പെട്ടു. മുസ്‌ലിംലീഗ് പല മണ്ഡലങ്ങളിലും കടുത്ത വെല്ലുവിളി നേരിട്ടു. മങ്കടയില്‍ ടി എ അഹ്മദ് കബീറും പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിയും കഷ്ടിച്ചാണു രക്ഷപ്പെട്ടത്. ലീഗ് മാത്രം ജയിച്ചിരുന്ന താനൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ വി അബ്ദുര്‍റഹ്മാന്‍ വിജയിച്ചു.
കൊല്ലം ജില്ല സമ്പൂര്‍ണമായി തൂത്തുവാരിയ എല്‍ഡിഎഫ് തൃശൂരിലും ആലപ്പുഴയിലും പത്തനംതിട്ടയിലും വയനാട്ടിലും ഓരോ സീറ്റ് മാത്രമാണ് യുഡിഎഫിന് വിട്ടുകൊടുത്തത്. തൃശൂര്‍ ജില്ലയിലെ 12 മണ്ഡലങ്ങളില്‍ വടക്കാഞ്ചേരിയിലെ ഫലം വൈകിയാണു പ്രഖ്യാപിച്ചത്. വോട്ടിങ് യന്ത്രത്തിന്റെ സ്‌ക്രീനിലെ തകരാറാണ് ഇതിനു കാരണം. ഒടുവില്‍ യുഡിഎഫിലെ അനില്‍ അക്കര 43 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിയായി.
കണ്ണൂരും കോഴിക്കോട്ടും പാലക്കാട്ടും കോട്ട കാത്ത എല്‍ഡിഎഫ് തിരുവനന്തപുരത്തെ 14 സീറ്റില്‍ ഒമ്പതെണ്ണത്തില്‍ വിജയം ഉറപ്പാക്കി. എറണാകുളവും കോട്ടയവും മലപ്പുറവും മാത്രമാണ് യുഡിഎഫിന് തുണയായത്. മലപ്പുറത്തെ 16 സീറ്റുകളില്‍ 12 എണ്ണവും എറണാകുളത്തെ 14 സീറ്റുകളില്‍ ഒമ്പതെണ്ണവും കോട്ടയത്തെ ഒമ്പതു സീറ്റുകളില്‍ ആറെണ്ണവും യുഡിഎഫ് നേടി.
മന്ത്രിമാരായ കെ ബാബു, ഷിബു ബേബി ജോണ്‍, പി കെ ജയലക്ഷ്മി, കെ പി മോഹനന്‍ എന്നിവര്‍ തോല്‍വി സമ്മതിച്ചപ്പോള്‍ കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍ ശക്തന് അടിതെറ്റി. നെടുമങ്ങാട്ട് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും ഇരിങ്ങാലക്കുടയില്‍ ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടനും പരാജയം ഏറ്റുവാങ്ങി.

ജനവിധി മാനിക്കുന്നു. അപ്രതീക്ഷിത തിരിച്ചടിയാണിത്. യുഡിഎഫ് ചെയര്‍മാനെന്ന നിലയില്‍ തോല്‍വിയുടെ കൂടുതല്‍ ഉത്തരവാദിത്തം തനിക്കുണ്ട്. പരാജയകാരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യും. ബിജെപി അക്കൗണ്ട് തുറക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. പ്രതിപക്ഷസ്ഥാനം ഏറ്റെടുക്കുന്നതുസംബന്ധിച്ച കാര്യങ്ങള്‍ എംഎല്‍എമാരും പാര്‍ട്ടി നേതൃത്വവുമാണു തീരുമാനിക്കേണ്ടത്.
-ഉമ്മന്‍ചാണ്ടി

എല്‍ഡിഎഫിന്റെ വികസനനയത്തിനുള്ള അംഗീകാരവും യുഡിഎഫ് ജീര്‍ണതയ്‌ക്കെതിരേയുള്ള വിധിയെഴുത്തുമാണിത്. യുഡിഎഫിന്റെ സഹായംമൂലമാണു വര്‍ഗീയ-വിധ്വംസക ശക്തിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചത്. ജനം വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അവരെ നിരാശപ്പെടുത്താതെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയരാന്‍ തയ്യാറാവും.
- പിണറായി വിജയന്‍
Next Story

RELATED STORIES

Share it