എല്‍ഡിഎഫ് ലക്ഷ്യം അഴിമതിമുക്ത സര്‍ക്കാര്‍: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: അഴിമതിമുക്ത സര്‍ക്കാരാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അതിനാല്‍ അഴിമതിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണനേതൃത്വം അഴിമതി മുക്തമാവുമ്പോള്‍ ഉദ്യോഗസ്ഥ തലത്തിലും അഴിമതി ഉണ്ടാവുകയില്ല. കഴിഞ്ഞദിവസം രാവിലെ ട്രെയിന്‍ യാത്രയ്ക്കിടയിലാണ് മലപ്പുറം പരപ്പൂരിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ കൈക്കൂലി വാങ്ങിയെന്ന ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ലാന്റ് റവന്യു കമ്മീഷണറോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ട്രെയിനിറങ്ങുമ്പോഴേക്കും വില്ലേജ് ഓഫിസറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കമ്മീഷണര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു. ഏറ്റവും ആക്ഷേപമുള്ള വകുപ്പാണ് റവന്യൂ വകുപ്പെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടാക്കാട്ടിയപ്പോള്‍, അത് കൈകാര്യം ചെയ്യുന്നയാള്‍ ജാഗ്രത പാലിച്ചാല്‍ വകുപ്പ് കാര്യക്ഷമമാവുമെന്നും മന്ത്രി പറഞ്ഞു. വകുപ്പിനെ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കും. പ്രകൃതിക്ഷോഭം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ അതല്ലെങ്കില്‍ ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. പാരാവാരം പോലെയുള്ള റവന്യൂ വകുപ്പിനെ കുറിച്ച് പഠിച്ചുവരികയാണ്. ഭൂപരിഷ്‌കരണ നിയമത്തിലും തണ്ണീര്‍ത്തട നിയമത്തിലും യുഡിഎഫ് വെള്ളംചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. തണ്ണീര്‍ത്തട നിയമത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമം നടന്നിട്ടുണ്ട്. ഇതിന് വേണ്ടി ഭൂമാഫിയകള്‍ പ്രവര്‍ത്തിച്ചിരുന്നു. തണ്ണീര്‍ത്തടങ്ങളുടെ ഡാറ്റാബാങ്ക് തയ്യാറാക്കി വരികയാണ്. ഡാറ്റാബാങ്ക് തയ്യാറാക്കല്‍ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കും. ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കണമെന്നാണ് എല്‍ഡിഎഫിന്റെ നയം. സാധിക്കുമെങ്കില്‍ വീടും നിര്‍മിച്ചു നല്‍കണം. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയതുപോലെ ഓഫിസിലിരുന്ന് പട്ടയം നല്‍കുന്ന നടപടി അല്ല  വേണ്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂരഹിത പദ്ധതിയില്‍ തോടും കല്ലുവെട്ടുകുഴിയും ഉള്‍പ്പെടെ വാസയോഗ്യമല്ലാത്ത ഭൂമിക്കാണ് പട്ടയം നല്‍കിയത്. ഈ രീതി മാറ്റി വാസയോഗ്യമായ ഭൂമി നല്‍കും. യുഡിഎഫ് സര്‍ക്കാരിന്റെ നല്ല നയങ്ങള്‍ ഈ സര്‍ക്കാരും പിന്തുടരും. പൂര്‍ണമായും എതിര്‍ക്കുകയല്ല ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതുതായി രുപീകരിച്ച 12 താലൂക്ക് ഓഫിസുകള്‍ക്കും സ്വന്തമായി കെട്ടിടമില്ല. താലൂക്കിലെ എല്ലാ ഓഫിസുകളും ഒരു കുടക്കീഴിലാക്കി മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം 12 താലൂക്കുകളിലും കണ്ടെത്തും. സംസ്ഥാനത്ത് ഗ്രൂപ്പ് വില്ലേജ് ഓഫിസുകളുടെ സ്ഥിതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ 600 ഓളം വില്ലേജ് ഓഫിസുകളുണ്ട്. ഇതിന് പുറമേ 700ഓളം വില്ലേജ് ഓഫിസുകള്‍ക്ക് കെട്ടിടമില്ല. ഇവയ്ക്ക് സ്ഥലം കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it