എല്‍ഡിഎഫ് മുന്നേറ്റം താല്‍ക്കാലികം: വീരപ്പമൊയ്‌ലി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ എല്‍ഡിഎഫ് മുന്നേറ്റം താല്‍ക്കാലികമാണെന്നും ഇത് ഏറെക്കാലം നിലനില്‍ക്കില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം വീരപ്പമൊയ്‌ലി പറഞ്ഞു. ഇന്ദിരാഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കുണ്ടായ തിരിച്ചടി പാര്‍ട്ടി പരിശോധിക്കും. ബിജെപി തരംഗം രാജ്യത്ത് അവശേഷിക്കുന്നുവെന്നത് കെട്ടുകഥ മാത്രമാണ്. അഞ്ചു സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ആകെ 696 സീറ്റില്‍ മല്‍സരിച്ച ബിജെപിക്ക് വെറും 64 സീറ്റിലാണ് ജയിക്കാ ന്‍ കഴിഞ്ഞത്.
കേരളമടക്കം 363 സീറ്റില്‍ മാത്രം മല്‍സരിച്ച കോണ്‍ഗ്രസ്സിന് 115 ഇടങ്ങളില്‍ വിജയം കൊയ്യാനായി. പശ്ചിമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. കേരളത്തില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ താല്‍ക്കാലികമാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സെക്കുലറിസത്തില്‍ അടിയുറച്ച് കൂടുതല്‍ കരുത്തോടെ കോണ്‍ഗ്രസ് രംഗത്തുവരും.
ജാതിമത വര്‍ഗീയതയും പണമൊഴുക്കും ജനാധിപത്യത്തിനു ഭീഷണിയായ ഘടകങ്ങളാണ്. ഇവയെ ചെറുക്കാന്‍ പരമാവധി ശക്തി ഉപയോഗിക്കും. പ്രതിപക്ഷനേതാവിനെ തീരുമാനിക്കാന്‍ കൂടുതല്‍ സമയമെടുക്കില്ലെന്നും മൊയ്‌ലി വ്യക്തമാക്കി.
മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനായി കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളനവും വീരപ്പമൊയ്‌ലി ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. ജനാധിപത്യസ്ഥാപനങ്ങളി ല്‍ മോദി വിശ്വസിക്കുന്നില്ല. അതുകൊണ്ട് അവയെ ഇല്ലാതാക്കുകയാണു ലക്ഷ്യം. രാജ്യത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോവുകയാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ മോദിഭരണം ചെയ്തതെന്നും വീരപ്പമൊയ്‌ലി കൂട്ടിച്ചേര്‍ത്തു.
സ്വന്തം ഓഫിസില്‍ ഇരിക്കുമ്പോഴും ലോക്‌സഭയിലോ രാജ്യസഭയിലോ വരാത്ത ആളാണ് മോദി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഒരുപ്രാവശ്യംപോലും പൊതുവായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷനേതാക്കളെ പ്രധാനമന്ത്രി വിളിച്ചിട്ടില്ലെന്നും വീരപ്പമൊയ്‌ലി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it