എല്‍ഡിഎഫ് മന്ത്രിമാര്‍ ചുമതലയേറ്റു; ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിന് സമയമായെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം: പുതിയ എ ല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്നലെ ചുമതലയേറ്റു. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യ മന്ത്രിസഭായോഗം നടന്നെങ്കിലും മന്ത്രിമാര്‍ ചുമതല ഏറ്റെടുത്തിരുന്നില്ല. മന്ത്രിസഭയുടെ ആദ്യ പ്രവൃത്തിദിനമായ ഇന്നലെ രാവിലെ തന്നെ എല്ലാവരും സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി സ്ഥാനമേറ്റെടുത്തു. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫിസിലെത്തി. പിന്നാലെ നിയമമന്ത്രി എ കെ ബാലനും തോമസ് ഐസകും മറ്റു മന്ത്രിമാരും അവരവരുടെ ഓഫിസുകളിലെത്തി. തുടര്‍ന്ന് വകുപ്പുമേധാവികളും ഉദ്യോഗസ്ഥരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി.
സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രമിറക്കുമെന്ന് സ്ഥാനമേറ്റെടുത്തശേഷം ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി ആശങ്കാജനകമാണെന്ന റിപോര്‍ട്ടുകള്‍ക്കിടയിലാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ബജറ്റുകള്‍ പ്രഹസനമായി മാറിയെന്നും അതിന്റെ ഫലമായാണ് സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി വന്നതെന്നും അദ്ദേഹം പറഞ്ഞു. റോഡുകളുടെ രൂപകല്‍പനയ്ക്ക് പുറംകരാര്‍ നല്‍കാനുള്ള തീരുമാനം പുനപ്പരിശോധിക്കുമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ആദ്യ പ്രതികരണം. റോഡുകളുടെ നവീകരണത്തിനാണ് മുന്‍ഗണന. മോണോ റെയില്‍ പദ്ധതിയടക്കം ചര്‍ച്ചചെയ്യാന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം പൂര്‍ണാര്‍ഥത്തില്‍ തിരിച്ചുകൊണ്ടുവരുമെന്നും സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ ശക്തമായ നടപടി എടുക്കുമെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിന് സമയമായെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു. ഫണ്ടുകള്‍ കാര്യക്ഷമമായി വിനിയോഗിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ജലീല്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗങ്ങളിലെടുത്ത വിവാദ ഭൂമി ഉത്തരവുകളെക്കുറിച്ച് പഠിച്ചുതുടങ്ങുമെന്ന് നിയമമന്ത്രി എ കെ ബാലന്‍ പറഞ്ഞു.
പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നായിരുന്നു എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെ പ്രതികരണം. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പറഞ്ഞു.
Next Story

RELATED STORIES

Share it