എല്‍ഡിഎഫ് പ്രകടനപത്രിക; വിജിലന്‍സിനെ സ്വതന്ത്രമാക്കും; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരി

തിരുവനന്തപുരം: വിജിലന്‍സിനെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയാക്കുമെന്ന് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപനം. അഴിമതി നിരോധന നിയമത്തിലും കേരള ലോകായുക്ത നിയമത്തിലും സമഗ്രമായ മാറ്റങ്ങള്‍ വരുത്തും.
അഴിമതിക്കും കാര്യക്ഷമതയില്ലായ്മയ്ക്കുമെതിരേ ബഹുജന കാംപയിന്‍. പൊതുപ്രവര്‍ത്തകരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് പരിശോധിച്ച് നിര്‍ദേശങ്ങള്‍ മൂന്ന്മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയോഗിക്കും. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കും. എല്ലാ പോലിസ് സ്റ്റേഷനുകളിലും ജനമൈത്രി സുരക്ഷാപദ്ധതി. സംസ്ഥാനത്ത് വനിതാ ബറ്റാലിയനും വ്യവസായ സംരക്ഷണസേനയും. യുഡിഎഫ് സര്‍ക്കാര്‍ അവസാനവര്‍ഷം വയല്‍ നികത്തുന്നതിന് നല്‍കിയ പെര്‍മിറ്റുകളും ഇളവുകളും പുനപ്പരിശോധിക്കും. എഎവൈ-ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരി. അസംഘടിതമേഖലാ തൊഴിലാളി വിഭാഗങ്ങളെയും തൊഴിലുറപ്പു തൊഴിലാളികളെയും ഈ പട്ടികയില്‍പ്പെടുത്തും.
അടുത്ത അഞ്ചുവര്‍ഷത്തേക്ക് മാവേലി സ്റ്റോറുകളിലെ ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തില്ല. ഭക്ഷ്യധാന്യ വിപണിയിലെ തട്ടിപ്പ് തടയുന്നതിന് പ്രത്യേക പരാതിപരിഹാര കമ്മീഷന്‍. കേരളത്തെ വിശപ്പില്ലാ സംസ്ഥാനമാക്കും. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും പ്രകടനപത്രിക പറയുന്നു.
വാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരിച്ചുകൊണ്ട് കൊച്ചി പ്രകൃതിവാതക ടെര്‍മിനലിനെ ദേശീയ വാതക ഗ്രിഡുമായി ബന്ധിപ്പിക്കും. നെല്‍വയലുകള്‍ക്ക് റോയല്‍റ്റി. വിഴിഞ്ഞം ഹാര്‍ബര്‍, അഴീക്കല്‍, ബേപ്പൂര്‍, പൊന്നാനി, തങ്കശ്ശേരി ചെറുകിട തുറമുഖങ്ങള്‍, ലൈറ്റ് മെട്രോ, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പ്രൊജക്റ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. അന്തര്‍സംസ്ഥാന നദീജലകരാറുകള്‍ പുനരവലോകനം ചെയ്യുന്നതിന് സ്ഥിരം കര്‍മസേന. പരമ്പരാഗത വ്യവസായസംരക്ഷണത്തിന് പ്രത്യേക വകുപ്പ്. ആരോഗ്യവകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍ പുനപ്പരിശോധിക്കും. കുടുംബശ്രീക്ക് നാലുശതമാനം പലിശയ്ക്ക് വായ്പ. പ്രവാസി വികസന നിധി ആരംഭിക്കും. കസ്തൂരി രംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദുര്‍ബലപ്രദേശമായി നോട്ടിഫൈ ചെയ്യുന്ന പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമികള്‍ ഒഴിവാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
Next Story

RELATED STORIES

Share it