എല്‍ഡിഎഫ് ട്രാക്കില്‍; സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്താതെ യുഡിഎഫ്

എല്‍ഡിഎഫ് ട്രാക്കില്‍; സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്താതെ യുഡിഎഫ്
X
ldf

എച്ച്  സുധീര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ എല്‍ഡിഎഫ് മേല്‍ക്കൈ നേടിയിട്ടും സീറ്റുധാരണയും സ്ഥാനാര്‍ഥി നിര്‍ണയവുമെന്ന കടമ്പകള്‍ കടക്കാനാവാതെ യുഡിഎഫ് ക്യാംപ് വിയര്‍ക്കുന്നു. ഘടകകക്ഷികളുമായുള്ള സീറ്റുധാരണയും കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ഥി നിര്‍ണയവും യുഡിഎഫില്‍ വലിയ കലാപത്തിന് വഴിവച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ സീറ്റുതര്‍ക്കം മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലില്‍ എത്തിനില്‍ക്കുന്നു. നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായതോടെ ഇന്നു നടക്കാനിരുന്ന എഐസിസി സ്‌ക്രീനിങ് കമ്മിറ്റി യോഗം നാളത്തേക്ക് മാറ്റിവച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനിയും വൈകും. കോന്നി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഇരിക്കൂര്‍, പാറശ്ശാല മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റണമെന്നാണു സുധീരന്റെ നിലപാട്. അങ്ങനെയുണ്ടായാല്‍ ആദ്യം മാറ്റേണ്ടത് തന്നെയാണെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതോടെ കേന്ദ്രനേതൃത്വം സമ്മര്‍ദ്ദത്തിലായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആര്യാടനും കെ മുരളീധരനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സുധീരന്റെ നീക്കത്തെ എതിര്‍ത്തു. കോന്നിയില്‍ അടൂര്‍ പ്രകാശിന് പകരം പി മോഹന്‍രാജ്, തൃപ്പൂണിത്തുറയില്‍ കെ ബാബുവിനു പകരം എന്‍ വേണുഗോപാല്‍, ഇരിക്കൂറില്‍ കെ സി ജോസഫിനു പകരം സതീശന്‍ പാച്ചേനി, തൃക്കാക്കരയില്‍ ബെന്നി ബഹനാനു പകരം പി ടി തോമസ്, പാറശ്ശാലയില്‍ എ ടി ജോര്‍ജിനു പകരം നെയ്യാറ്റിന്‍കര സനല്‍ അല്ലെങ്കില്‍ മരിയാപുരം ശ്രീകുമാര്‍ എന്നിവരെയാണു സുധീരന്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം, കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാലും ഘടകകക്ഷികളുമായുള്ള സീറ്റുധാരണയില്‍ സമവായം ഉണ്ടാക്കുകയെന്ന വലിയ കടമ്പയാണ് നേതൃത്വത്തെ കാത്തിരിക്കുന്നത്. അധികമായി ഒരു സീറ്റെങ്കിലും വേണമെന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ്(എം) ഉറച്ചുനില്‍ക്കുമ്പോള്‍ നല്‍കാനില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. വിജയസാധ്യതയില്ലാത്ത മൂന്നു സീറ്റുകള്‍ വച്ചുമാറണമെന്ന് ജെഡിയുവും ആര്‍എസ്പിക്ക് നല്‍കിയ ഇരവിപുരത്തിന് പകരമായി കുന്ദമംഗലമോ, തവനൂരോ വേണമെന്ന് മുസ്‌ലിം ലീഗും അറിയിച്ചിട്ടുണ്ട്. സീറ്റുകള്‍ വച്ചുമാറി ജയസാധ്യതയുള്ളവ തന്നില്ലെങ്കില്‍ ഒരിടത്തും മല്‍സരിക്കില്ലെന്ന പിടിവാശിയിലാണ് ജെഡിയു. അങ്കമാലി കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ പകരം സീറ്റുവേണമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബും നാലുസീറ്റ് നല്‍കിയിട്ടും ഒരുസീറ്റു കൂടി വേണമെന്ന നിലപാടില്‍ ആര്‍എസ്പിയും സ്വരം കടുപ്പിച്ചിട്ടുണ്ട്. സീറ്റുധാരണയുമായി ബന്ധപ്പെട്ട് ഇതിനോടകം ആറുതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും പരിഹാരം അകലെയായിരുന്നു. ഈമാസം അവസാനമോ ഏപ്രില്‍ ആദ്യമോ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവുമെന്നായിരുന്നു നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഘടകകക്ഷികളേയും തൃപ്തരാക്കി യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടിവരും.അതേസമയം, 16 വനിതകളേയും 58 പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തി 124 മണ്ഡലങ്ങളിലും ഒന്നാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിലൂടെ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മേല്‍ക്കൈ നേടാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. സിപിഎമ്മിലെ പ്രമുഖനായ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ മണ്ഡലങ്ങളില്‍ ഇതിനോടകം പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 16 സ്ഥാനാര്‍ഥികളേയും ഉടന്‍ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമാവാനാണ് എല്‍ഡിഎഫ് തീരുമാനം.
Next Story

RELATED STORIES

Share it