എല്‍ഡിഎഫിനെ വിഎസ് നയിക്കും: ദിവാകരന്‍

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും വി എസ് അച്യുതാനന്ദന്‍ തന്നെ ഇടതുമുന്നണിയെ നയിക്കുമെന്ന് സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍.
വിഎസ് ഇല്ലാതെ കേരളത്തില്‍ ഇടതുരാഷ്ട്രീയമില്ല. വിഎസ് തന്നെയാണു നിലവില്‍ ഇടതുപക്ഷത്തെ നയിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലടക്കം വിഎസിനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍കാലങ്ങളെപ്പോലെ വിഎസിന് സീറ്റ് നിഷേധിക്കപ്പെടില്ല. സീറ്റ് ആവശ്യപ്പെട്ട് ജാഥ നടത്തി പിന്നീട് പിബി കൂടി സീറ്റ് നല്‍കുന്ന സാഹചര്യം ഉണ്ടാവില്ല. കണ്ണൂരില്‍ വിഎസിനെ കാത്തിരിക്കുകയാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ദിവാകരന്‍ പറഞ്ഞു. മുന്നണിക്കു ഭൂരിപക്ഷം കിട്ടുന്ന സാഹചര്യത്തില്‍ ആരെ നേതാവായി സിപിഎം നിശ്ചയിച്ചാലും സിപിഐ അത് അംഗീകരിക്കും. മുസ്‌ലിംലീഗിനെ ഇടതുമുന്നണിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത ദിവാകരന്‍ തള്ളി. സീറ്റിനും നാല് വോട്ടിനും വേണ്ടി ലീഗിനെ കൂട്ടുപിടിക്കേണ്ട കാര്യമില്ല. ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ലീഗിനെ മുന്നണിയില്‍ ആവശ്യമില്ല. ഒരു കാരണവശാലും ലീഗിനെ അംഗീകരിക്കാനാവില്ല. ഈ മുന്നണി സംവിധാനത്തില്‍ തന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു നടക്കും. മാത്രമല്ല, ഇടതുമുന്നണി വിട്ടുപോയവര്‍ തിരിച്ചുവരുമെന്നും ദിവാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it