എല്‍ക്ലാസിക്കോ ഇന്ന് കാംപ്‌നൂവില്‍

മാഡ്രിഡ്: ലോക ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന എല്‍ക്ലാസിക്കോ ഇന്ന്. സ്പാനിഷ് ഫുട്‌ബോളിലെ ബദ്ധവൈരികളായ ബാഴ്‌സലോണ യും റയല്‍ മാഡ്രിഡും തമ്മിലുള്ള ത്രില്ലര്‍ ഇന്നു ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ കാംപ്‌നൂവില്‍ നടക്കും.
എല്‍ക്ലാസിക്കോയുടെ ചരിത്രത്തിലെ 231ാം പോരാട്ടമാണിത്. ഇതില്‍ 92 മല്‍സരങ്ങളില്‍ റയല്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ ബാഴ്‌സലോണ 90 എണ്ണത്തില്‍ ജയം നേടി. 48 മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
30 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ സ്പാനിഷ് ലീഗില്‍ 76 പോയിന്റോടെ ഏറെ മുന്നിലാണ് നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സ. എന്നാല്‍ 10 പോയിന്റ് പിറകിലായി മൂന്നാമതാണ് റയല്‍.
വിവിധ ടൂര്‍ണമെന്റുകളിലായി 39 മല്‍സരങ്ങള്‍ അപരാജിതരായി കുതിക്കുന്ന ബാഴ്‌സയ്ക്കു ഇന്നു ജയിക്കാനായാല്‍ കിരീടത്തിന് ഒരുപടി കൂടി അടുക്കാം. മറുഭാഗത്ത് നേരിയ കിരീടസാധ്യത നിലനിര്‍ത്തണമെങ്കില്‍ റയലിനു ജയിച്ചേ തീരൂ.
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള മാറ്റുരയ്ക്കല്‍ കൂടിയാവും ഇന്നത്തെ ക്ലാസിക്ക്.
നിലവിലെ ലോക ഫുട്‌ബോളര്‍ കൂടിയായ മെസ്സി എല്‍ക്ലാസിക്കോയില്‍ മിന്നുന്ന പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ക്ലാസിക്കോയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റെക്കോഡ് മെസ്സിയുടെ പേരിലാണ്. 21 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. 15 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ സമ്പാദ്യം.
2012 ഏപ്രിലിനു ശേഷം കാംപ്‌നൂവില്‍ ബാഴ്‌സയെ കീഴടക്കാന്‍ റയലിനായിട്ടില്ല. ഇന്ന് ഇതു തിരുത്തിക്കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്‍ ഫ്രഞ്ച് ഇതിഹാസം സൈനുദ്ദീന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍. നേരത്തേ റയലിന്റെ തട്ടകത്തില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ ബാഴ്‌സ 4-0ന്റെ മികച്ച ജയം കൊയ്തിരുന്നു. ഇംഗ്ലണ്ടില്‍ ഇന്നു ടോട്ടനം-ലിവര്‍പൂള്‍ പോരാട്ടം
ലണ്ടന്‍: അന്താരാഷ്ട്ര മല്‍സരങ്ങളുടെ ചെറിയ ഇടവേളയ്ക്കുശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു മുതല്‍ വീണ്ടും പോരാട്ടനാളുകള്‍. കിരീടം സ്വപ്‌നം കാണുന്ന ടോട്ടനം ഹോട്‌സ്പറും മുന്‍ വിജയികളായ ലിവര്‍പൂളും തമ്മിലുള്ള മല്‍സരമാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം.
മറ്റു മല്‍സരങ്ങളില്‍ ചെല്‍സി ആസ്റ്റന്‍വില്ലയെയും മാഞ്ചസ്റ്റര്‍ സിറ്റി ബോണ്‍മൗത്തിനെയും ആഴ്‌സനല്‍ വാട്‌ഫോര്‍ഡിനെയും സ്‌റ്റോക്ക് സിറ്റി സ്വാന്‍സിയെയും വെസ്റ്റ്ഹാം പാലസിനെയും നോര്‍വിച്ച് ന്യൂകാസിലിനെയും സണ്ടര്‍ലാന്‍ഡ് വെസ്റ്റ്‌ബ്രോമിനെയും നേരിടും.
സീസണില്‍ ഇനി ഏഴു കളികള്‍ മാത്രം ശേഷിക്കെ 61 പോയിന്റുമായി ടോട്ടനം രണ്ടാംസ്ഥാനത്താണ്. തലപ്പത്തുള്ള ലെസ്റ്റര്‍ സിറ്റിക്ക് അഞ്ചു പോയിന്റ്‌ലീഡുണ്ട്. കിരീടപ്രതീക്ഷ നിലനിര്‍ത്താന്‍ ലിവര്‍പൂളിനെതിരേ ടോട്ടനത്തിന് ഇന്നു ജയിച്ചേ തീരൂ. മറുഭാഗത്ത് ലിവര്‍പൂളിന്റെ ലക്ഷ്യം അടുത്ത സീസണിലെ യൂറോപ ലീഗാണ്. 44 പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് റെഡ്‌സ്.
Next Story

RELATED STORIES

Share it