എല്‍എന്‍ജിക്കും ജയില്‍ ഭക്ഷണത്തിനും വില കുറയും

തിരുവനന്തപുരം: കാര്‍ഷികാദായ നികുതി ഒടുക്കുന്നതില്‍നിന്ന് എല്ലാത്തരം കമ്പനികളെയും ഒഴിവാക്കിയതായി ബജറ്റ് പ്രഖ്യാപനം. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് ഒരുവര്‍ഷത്തേക്ക് റീഗ്യാസിഫൈഡ് എല്‍എന്‍ജി ഉള്‍പ്പെടെയുള്ള ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസിന് നല്‍കിയിരുന്ന നികുതിയിളവ് ഈവര്‍ഷംകൂടി തുടരും. തടവുകാര്‍ ഉല്‍പാദിപ്പിക്കുന്ന പാകംചെയ്ത ഭക്ഷണപദാര്‍ഥങ്ങളെ മുന്‍കാല പ്രാബല്യത്തോടെ നികുതിയില്‍നിന്ന് ഒഴിവാക്കി.
പാരമ്പര്യ കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് കളിമണ്ണു കൊണ്ടു നിര്‍മിച്ച മണ്‍കലങ്ങള്‍, പൂച്ചട്ടികള്‍, പാത്രങ്ങള്‍, പ്രതിമകള്‍, മണ്‍ചൂളകള്‍ ഉള്‍പ്പെടെയുള്ളവയെയും കമ്പികളുള്ള കോണ്‍ക്രീറ്റ് ജനല്‍, കട്ടിളകളെയും നികുതിയില്‍നിന്ന് ഒഴിവാക്കി. കാഴ്ചസംബന്ധമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സഹായ ഉപകരണങ്ങളായ വൈറ്റ്‌കേന്‍, ഇലക്ട്രോണിക് കേന്‍, ബ്രെയിലി പ്രിന്റര്‍ എന്നിവയ്ക്കും നികുതി ഒഴിവാക്കി. കേരള കാര്‍ഷിക സര്‍വകലാശാലയോ മറ്റ് അംഗീകൃത സ്ഥാപനങ്ങളോ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന ക്ലീനിങ് ലിക്വിഡിനെയും നികുതിയില്‍നിന്ന് ഒഴിവാക്കി.
ഏലത്തിന്റെ വിലത്തകര്‍ച്ചയും കര്‍ഷകരുടെ ദുരവസ്ഥയും കണക്കിലെടുത്ത് ലേലകേന്ദ്രങ്ങളിലൂടെയുള്ള ഏലത്തിന്റെ വില്‍പനയ്ക്ക് നികുതിയിളവുണ്ടാവും. ലേലകേന്ദ്രങ്ങളിലൂടെ വില്‍ക്കുന്ന ഏലത്തിന്റെ വാറ്റ് നികുതി പൂര്‍ണമായി ഒഴിവാക്കി. കാരുണ്യ ഫാര്‍മസികള്‍, നീതി സ്റ്റോറുകള്‍ എന്നിവയില്‍ക്കൂടി വില്‍ക്കുന്ന ഇത്തരം മരുന്നുകള്‍ക്ക് വാറ്റ് നികുതി ഉപേക്ഷിച്ചു.
Next Story

RELATED STORIES

Share it