എല്ലാ നഗരസഭകളിലും സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പദ്ധതി നടപ്പാക്കും: മന്ത്രി

കൊച്ചി: മാലിന്യനിര്‍മാര്‍ജന യജ്ഞത്തില്‍ രാജ്യത്തിനു മാതൃകയായി ബ്രഹ്മപുരം സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് മന്ത്രി മഞ്ഞളാംകുഴി അലി നാടിനു സമര്‍പ്പിച്ചു. സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും അനുയോജ്യ സ്ഥലം കണ്ടെത്തി സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം എല്ലാ ജില്ലയിലും പാക്കേജ് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കെഎസ്‌യുഡിപി ആണ് നോഡല്‍ ഏജന്‍സി. ആദ്യഘട്ടമാണ് ഇപ്പോള്‍ ബ്രഹ്മപുരത്തു സ്ഥാപിച്ചത്. ആലപ്പുഴയിലും പാലക്കാട്ടും ദിനംപ്രതി ഒരു ലക്ഷം ലിറ്റര്‍ സംസ്‌കരണശേഷിയുള്ള പാക്കേജ് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഒരു പ്ലാന്റിന് അഞ്ചു വര്‍ഷത്തെ ഓപറേഷന്‍ ആന്റ് മെയിന്റനന്‍സ് ഉള്‍പ്പെടെ 4.24 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്ലാന്റ് കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ ആരംഭിച്ചു. ഏഷ്യന്‍ വികസന ബാങ്കിന്റെ ധനസഹായത്തോടെയുള്ള മലിനജല ശുദ്ധീകരണശാലകളില്‍ സ്വീവേജിനോടൊപ്പം കക്കൂസ് മാലിന്യവും സംസ്‌കരിക്കാനുള്ള കോ-ട്രീറ്റ്‌മെന്റ് സംവിധാനം തിരുവനന്തപുരത്തും കൊച്ചിയിലും കൊല്ലത്തും കോഴിക്കോട്ടും നടപ്പാക്കും. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് ഇത്തരം പ്ലാന്റുകള്‍ എല്ലാ മുനിസിപ്പാലിറ്റിയിലും സ്ഥാപിക്കാനാണ് ലക്ഷ്യം.
പണം ഇതിനു തടസ്സമല്ലെന്നും മന്ത്രി പറഞ്ഞു. മാലിന്യം എത്തിക്കേണ്ട ചുമതല ക്ലീന്‍ കേരള കമ്പനിക്കാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് ശുചിത്വമിഷന്‍, കോര്‍പറേഷനുകള്‍, മുനിസിപ്പിലാറ്റികള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ബ്രഹ്മപുരം മാതൃക സംസ്ഥാനത്ത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുന്നതെന്നും മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
മന്ത്രമാരായ കെ ബാബു, വി കെ ഇബ്രാഹീം കുഞ്ഞ്, എംപിമാരായ പ്രഫ. കെ വി തോമസ്, ഇന്നസെന്റ്, എംഎല്‍എമാരായ, വി പി സജീന്ദ്രന്‍, ബെന്നി ബെഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, ലൂഡി ലൂയിസ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, നഗരകാര്യ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, ക്ലീന്‍ കേരള കമ്പനി എംഡി കബീര്‍ ബി ഹാരൂണ്‍, കെഎസ്‌യുഡിപി പ്രൊജക്ട് ഡയറക്ടര്‍ ആര്‍ ഗിരിജ പങ്കെടുത്തു.
Next Story

RELATED STORIES

Share it