എല്ലാ ജില്ലയിലും സീറ്റ് വേണം: മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് എല്ലാ ജില്ലയിലും ഒരു സീറ്റെങ്കിലും നല്‍കാന്‍ കെപിസിസി നേതൃത്വം തയ്യാറാവണമെന്ന് മഹിളാ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മല്‍സരിക്കുന്നതിന്റെ 25 ശതമാനം സീറ്റ് വനിതകള്‍ക്ക് അവകാശപ്പെട്ടതാണ്. മഹിളാ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ് സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്കു കൈമാറുമെന്നും സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അര്‍ഹമായ പരിഗണന മഹിളാ കോണ്‍ഗ്രസ്സിനു ലഭിച്ചേ മതിയാവൂ. യുഡിഎഫിന് വിജയം ഉറപ്പായ മണ്ഡലങ്ങളില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പാര്‍ട്ടിയിലെ മറ്റു വനിതകളെയും പരിഗണിക്കണം. ഡിസിസി ഉപസമിതികള്‍ കെപിസിസിക്കു കൈമാറിയ പട്ടികയില്‍ പല ജില്ലകളിലും വനിതകളെ ഉള്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍, ഈ പട്ടികയില്‍നിന്നു മാത്രമായിരിക്കില്ല, അവസാനഘട്ട സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കുക. ആ അവസരത്തില്‍ വനിതകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണു പ്രതീക്ഷ. കേരളത്തിന്റെ ചരിത്രത്തില്‍ വനിതകള്‍ക്ക് ഏറ്റവും പരിഗണന നല്‍കിയ രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. എന്നാല്‍, അടുത്തകാലത്ത് നേതൃത്വം ഇതിനു തയ്യാറാവുന്നില്ലെന്നും ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വനിതാദിന ആഘോഷം തിരുവനന്തപുരം എല്‍എംഎസ് ഹാളില്‍ അഖിലേന്ത്യാ അധ്യക്ഷ ശോഭാ ഓജ ഉദ്ഘാടനം ചെയ്യുമെന്നും ബിന്ദു കൃഷ്ണ അറിയിച്ചു.
Next Story

RELATED STORIES

Share it