എല്ലാ കണ്ണുകളും നന്തിഗ്രാമില്‍; തൃണമൂലിനു മുന്‍തൂക്കം

നന്തിഗ്രാം: പശ്ചിമബംഗാളില്‍ 34 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തെ പുറത്താക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രക്ഷോഭം നടന്ന നന്തിഗ്രാമില്‍ ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനു വിജയപ്രതീക്ഷ. മണ്ഡലത്തില്‍ പ്രതിപക്ഷത്തേക്കാള്‍ മുന്‍തൂക്കം തൃണമൂലിനാണ്.
ഇന്തോനീസ്യന്‍ കമ്പനിയായ സാലിം ഗ്രൂപ്പിന് വ്യവസായം തുടങ്ങാന്‍ പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിച്ച് 10,000 ഏക്കര്‍ ഭൂമി നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കുന്നതിനുവേണ്ടിയായിരുന്നു അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. ഇതിനെതിരേ നടന്ന പ്രക്ഷോഭത്തെത്തുടര്‍ന്നുണ്ടായ പോലിസ് വെടിവയ്പില്‍ 14 പേര്‍ മരിച്ചിരുന്നു.
തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ഇടതുപക്ഷത്തിനു പശ്ചിമബംഗാളില്‍ ഭരണം നഷ്ടപ്പെടാനിടയാക്കിയത്. പൂര്‍വ മിഡ്‌നാപൂര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ നിന്ന് 1996ലും 2011ലും ഒഴികെ സിപിഐ സ്ഥാനാര്‍ഥിയാണ് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ്സിലെ സുവേന്ദു അധികാരിയും കോണ്‍ഗ്രസ് ഇടതുമുന്നണി സഖ്യത്തിന്റെ സിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ കബീര്‍ ഷെയ്ഖും തമ്മിലാണു പ്രധാന മല്‍സരം. ബിജെപിയിലെ ബീജന്‍കുമാറും എസ്‌യുസിഐയുടെയും ഭാരത് നിര്‍മാണ്‍ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികളും രംഗത്തുണ്ട്. മുസ്‌ലിംകള്‍ക്കു ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ 23,0541 വോട്ടര്‍മാരാണുള്ളത്.
പൂര്‍വ മിഡ്‌നാപൂര്‍ ജില്ലയിലെ നന്തിഗ്രാം അടക്കമുള്ള 16 മണ്ഡലങ്ങളിലും 2011ല്‍ ജയിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്സാണ്. 2013ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അടുത്തവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവര്‍ക്കുതന്നെയായിരുന്നു വിജയം.
ഇത്തവണയും മമതാബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങള്‍ വോട്ട് ചെയ്യുമെന്നു മണ്ഡലത്തിലെ എംപി കൂടിയായ സുവേന്ദു അധികാരി പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ചവരാണെന്നുമാണ് മറുപക്ഷത്തിന്റെ ആരോപണം.
Next Story

RELATED STORIES

Share it