Alappuzha local

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി

ആലപ്പുഴ: നിയമസഭാതിരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 75 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 16,93,155 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 8,03,413 പുരുഷന്‍മാരും 889742 പേര്‍ സ്ത്രീകളുമാണ്. വോട്ടെടുപ്പില്‍ സമ്മതിദായകര്‍ക്ക് സമാധാനപരമായും സ്വതന്ത്രമായും വോട്ടവകാശം വിനിയോഗിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയതായി ജില്ലാ വരണാധികാരി ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ വ്യക്തമാക്കി.
1469 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 45 മാതൃകാ പോളിങ് സ്റ്റേഷനുകളും വനിതകളാല്‍ നിയന്ത്രിക്കപ്പെടുന്ന 20 സ്റ്റേഷനുകളുമുണ്ട്. ഓരോ മണ്ഡലത്തിലും രണ്ടു വനിതാ പോളിങ് സ്റ്റേഷനുകളും ആലപ്പുഴയില്‍ നാലു വനിതാ പോളിങ് സ്റ്റേഷനുകളുമുണ്ട്. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ളത്.
1469 പോളിങ് ബൂത്തുകള്‍ക്കായി 2,500 ബാലറ്റുയൂനിറ്റും 1986 കണ്‍ട്രോള്‍ യൂണിറ്റും ഉള്‍പ്പെടുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ മണ്ഡലങ്ങളിലും 25 ശതമാനം കരുതല്‍ യന്ത്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവി പാറ്റ് മെഷീനുകള്‍ കേരളത്തില്‍ ആദ്യമായി ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഈ നിയമസഭാ തിരഞ്ഞെടുപ്പിനുണ്ട്.
150 വിവി പാറ്റ് മെഷീനുകളാണ് ഇതിനായി ജില്ലയിലെത്തിച്ചിട്ടുള്ളത്. വോട്ടര്‍ക്ക് തല്‍സമയം തന്നെ വോട്ട് ആര്‍ക്കു ചെയ്‌തെന്നു പരിശോധിക്കാന്‍ സംവിധാനമുള്ള വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎറ്റി) യന്ത്രങ്ങള്‍ ആലപ്പുഴ നിയോജക മണ്ഡലത്തിലെ 91 ബൂത്തുകളില്‍ ഉപയോഗിക്കുന്നുണ്ട്.
ജില്ലയില്‍ പോളിങ് ഡ്യൂട്ടിയ്ക്കായി 7546 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 1742 പ്രിസൈഡിങ് ഓഫീസര്‍മാരും പോളിങ് ഓഫീസര്‍ വണ്‍ 1742 പേരും പോളിങ് ഓഫീസര്‍ ടു 1742 പേരും പോളിങ് ഓഫീസര്‍ ത്രീ 2320 പേരുമാണ് ഉള്ളത്. 1818 പോലിസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ക്രമസമാധാനപാലനത്തിന് ഒമ്പത് കമ്പനികളായി 648 കേന്ദ്ര പൊലീസ് ഉദ്യോഗസ്ഥരെയും (സെന്‍ട്രല്‍ ആംഡ് പോലിസ് ഫോഴ്‌സ്) പല ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
ഒമ്പതു മണ്ഡലങ്ങളിലേക്കും ആവശ്യമായ പോളിങ് സാമഗ്രികള്‍ ഇന്നലെ വൈകീട്ടോടെ ജീവനക്കാര്‍ പായ്ക്ക് ചെയ്ത് തയ്യാറാക്കി. ജില്ലയില്‍ രണ്ടു വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് എന്നീ നിയോജകമണ്ഡലങ്ങളിലെ വോട്ടുകള്‍ തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേത് കളര്‍കോട് എസ്ഡി കോളജിലും എണ്ണും. ഇന്നു വൈകീട്ട് ആറു മുതല്‍ 48 മണിക്കൂറും വോട്ടണ്ണല്‍ ദിനമായ 19നും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it