Kerala

'എല്ലാവര്‍ക്കും പാര്‍പ്പിടം':കേരളത്തില്‍ 15 നഗരങ്ങള്‍

എല്ലാവര്‍ക്കും പാര്‍പ്പിടം:കേരളത്തില്‍ 15 നഗരങ്ങള്‍
X
house

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ, നഗരമേഖലയില്‍ 'എല്ലാവര്‍ക്കും പാര്‍പ്പിടം' പദ്ധതിയില്‍ രാജ്യത്തെ 305 നഗരങ്ങളെ ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് 15 നഗരങ്ങളാണ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തത്. ഇതില്‍ 14 നഗരങ്ങളുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയിലുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊച്ചി, തൃക്കാക്കര, തൊടുപുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കല്‍പ്പറ്റ, കണ്ണൂര്‍, കാസര്‍കോഡ് എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളത്. മലപ്പുറം അടക്കം 17 നഗരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇതില്‍ 15 നഗരങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്. ഒമ്പതു സംസ്ഥാനങ്ങളിലെ 305 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ട ആദ്യ പട്ടികയിലുള്ളത്. നഗരങ്ങളിലെ പാവങ്ങള്‍ക്ക് വീട് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2022ഓടെ രാജ്യത്ത് രണ്ടു കോടി വീടുകള്‍ നിര്‍മിക്കുന്നതിന് രണ്ടു ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുക. ഒരു ലക്ഷം മുതല്‍ 2.30 ലക്ഷം രൂപ വരെയാണ് ഓരോ വീടിനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുക. ഛത്തീസ്ഗഡ് (36), ഗുജറാത്ത് (30), ജമ്മു-കശ്മീര്‍ (19), ജാര്‍ഖണ്ഡ് (15), മധ്യപ്രദേശ് (74), ഒഡീഷ (42), രാജസ്ഥാന്‍ (40), തെലങ്കാന (34) എന്നിങ്ങനെയാണ് മറ്റ് എട്ട് സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുന്ന നഗരങ്ങളുടെ എണ്ണം. പദ്ധതിയുമായി സഹകരിക്കാന്‍ ആന്ധ്രപ്രദേശ്, ബിഹാര്‍, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭവനമന്ത്രാലയവുമായി ധാരണാ പത്രം  ഒപ്പുവച്ചിട്ടുണ്ട്. കാര്‍ഷികേതര ഭൂമി നഗരവികസന പദ്ധതികള്‍ക്കായി വിട്ടുനല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി സഹകരിക്കാമെന്ന് അംഗീകരിച്ചിട്ടുള്ളത്. കെട്ടിടങ്ങളുടെ നിര്‍മാണത്തിനും പ്ലാന്‍ അംഗീകരിക്കുന്നതിനും ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു കീഴില്‍ 100 സ്മാര്‍ട്ട് സിറ്റികള്‍, അമൃത് നഗരങ്ങള്‍ എന്നിവയ്ക്കു പുറമേ കേന്ദ്ര ഭവന മന്ത്രാലയത്തിനു കീഴില്‍ എല്ലാവര്‍ക്കും പാര്‍പ്പിടം എന്നീ പദ്ധതികള്‍ ഇക്കഴിഞ്ഞ ജൂണ്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
Next Story

RELATED STORIES

Share it