palakkad local

എലിയപ്പെറ്റയില്‍ സിപിഎം-ലീഗ് സംഘര്‍ഷം: ഡിവൈഎഫ്‌ഐ നേതാവിന്റെ വീട് ആക്രമിച്ചു

ചെര്‍പ്പുളശ്ശേരി: നഗരസഭയിലെ ഇരുപത്തി ഒന്നാം വാര്‍ഡിലെ മയ്യത്തും കരയില്‍ ഇന്നലെ ഉണ്ടായ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ ഡിവൈഎഫ് ഐ നേതാവിന്റെ വീട് ആക്രമിക്കുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഒരുസംഘമാളുകള്‍ എലിയപ്പെറ്റയിലെ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവ് ശ്യാമിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ഇതിന് ശേഷം ഇന്നലെ രാവിലെ പത്തരയോടെ നടന്ന സിപിഎം-ലീഗ് സംഘര്‍ഷത്തിലാണ് ഇരു പാര്‍ട്ടികളില്‍ നിന്നായി പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജംഷീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡി വൈഎഫ്‌ഐ പ്രവര്‍ത്തകരായ ശ്യാം, നബീസ, ശുഹൈബ്, ആസിഫലി എന്നിവരെയും ലീഗ് പ്രവര്‍ത്തകരായ മൊയ്തീന്‍കുട്ടി, കബീര്‍, ഖാദര്‍, സുലൈമാന്‍, മുഹമ്മദാലി, നിഷാദ്അലി, ഷാഫി എന്നിവരെ ചെര്‍പ്പുളശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നഗരസഭയിലെ ഇരുപത്തി ഒന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകനത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ശ്യാമിന്റെ വീടിന് മുന്നില്‍ വച്ച് ഇയാള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും സിപിഎം-ഡിവൈ എഫ്‌ഐ പ്രവര്‍ത്തകരെ ഈ ഭാഗത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
ഈ പ്രകടനത്തിന് ശേഷമാണ് പുലര്‍ച്ചെ രണ്ടിന് ശ്യാമിന്റെ വീട് ആക്രമിക്കപ്പെടുന്നത്. തുടര്‍ന്ന് ഇന്നലെ രാവിലെ പത്തരയോടെ എലിയപ്പെറ്റയിലെ ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചോളം പ്രവര്‍ത്തകര്‍ ഏറത്ത് കോളനിയില്‍ കുടിവെള്ള വിതരണം നടത്തിയിട്ടില്ലെന്ന് പറഞ്ഞ് പമ്പ് ഓപ്പറേറ്ററും സി പി എം പ്രവര്‍ത്തകയുമായ ഏറത്ത് നബീസയെ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഈ സ്ഥലത്തുണ്ടായിരുന്ന ഡി വൈഎഫ്‌ഐ പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും വാക്കേറ്റവും സംഘര്‍ഷത്തിലേര്‍പ്പെടുകയുമായിരുന്നു. വീണ്ടും സംഘര്‍ഷം ഒഴിവാക്കാനായി പ്രദേശത്ത് ഒറ്റപ്പാലം സിഐ എം പി മണികണ്ഠന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it