Kollam Local

എലിപ്പനി: മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മെഡിക്കല്‍ ഓഫിസര്‍

കൊല്ലം: മഴക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള എലിപ്പനിക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എലി, കരണ്ടു തിന്നുന്ന മറ്റു ജീവികള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെ രോഗാണു വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ എത്തിച്ചേരുകയും അവിടെനിന്ന് മനുഷ്യരുടെ ത്വക്കുകളിലെ മുറിവുകളിലൂടെയോ ശ്ലേഷ്മ സ്തരത്തിലൂടെയോ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും.
രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പെട്ടന്നുള്ള പനി, പേശി വേദന, ക്ഷീണം, കഠിനമായ തലവേദന, കണ്ണുകളില്‍ ചുവപ്പു നിറം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ക്രമേണ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങും.
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടുകയും രക്ത പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തി ചികിത്സ എടുക്കുകയും വേണം.
എലിപ്പനിക്കുള്ള ചികില്‍സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭിക്കും. ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ്, ജില്ലാ ആശുപത്രി, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍ താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളില്‍ രോഗപരിശോധനക്കുള്ള സൗകര്യം ലഭിക്കും.
എലിപ്പനി പടരാതിരിക്കാന്‍ എലികളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
ആഹര സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, മലിനജലത്തില്‍ ഇറങ്ങാതിരിക്കുക ഓടകളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍, കൈതകൃഷി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ റബര്‍ കൈയുറകളും ഗണ്‍ ബൂട്ടുകളും ഉപയോഗിക്കണം.
ഏതുപനിയും ഗൗരവത്തോടെകാണണമെന്നും എത്രയും പെട്ടെന്ന് ചികില്‍സതേടണമെന്നും ഡിഎംഒ അറിയിച്ചു.
Next Story

RELATED STORIES

Share it