Fortnightly

എലിപ്പത്തായത്തില്‍ചില അനക്കങ്ങള്‍

എലിപ്പത്തായത്തില്‍ചില അനക്കങ്ങള്‍
X






niyamasabha






സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ് എക്കാലവും ഒരാള്‍കൂട്ടം മാത്രമാണ്. എന്തുകൊണ്ട് നെഹ്‌റുകുടുംബവാഴ്ച എന്ന ചോദ്യത്തിന്റെ ഉത്തരം കിടക്കുന്നത് ഈ മര്‍മ്മത്തിലാണ്. അധികാരത്തിലേക്കുള്ള ചാവിക്ക് സ്ഥിരം സൂക്ഷിപ്പുകാരുണ്ടെങ്കില്‍ ആള്‍ക്കൂട്ടം അങ്ങോട്ട് ആകര്‍ഷിക്കപ്പെടും.  ഈ ഒത്തുപൊരുത്തത്തിന് വിഘാതമാവുന്നതാണ് സംഘടനാ തിരഞ്ഞെടുപ്പ് എന്ന ജനായത്ത പ്രക്രിയ. അതുകൊണ്ട്  പകരം, നാമനിര്‍ദ്ദേശം എന്ന സൂത്രമിറക്കുന്നു. ചാവിസൂക്ഷിപ്പുകാര്‍ക്ക് ഇഷ്ടമുള്ള, പ്രയോജനമുള്ള സില്‍ബന്ധികളെ നൂലില്‍ കെട്ടിയിറക്കുന്നു.






വിജുവിനായര്‍

മൂന്നു പതിറ്റാണ്ടു മുമ്പുവരെ ഒരു മുഖ്യധാരാ ചട്ടക്കൂട് തേടി ഉഴലുകയായിരുന്നു കേരളരാഷ്ട്രീയം. തിരുവിതാംകൂര്‍, കൊച്ചി മലബാര്‍ പ്രവിശ്യകളുടെ രണ്ടു ഘട്ടമായുള്ള സംയോജനം, കേരളം എന്ന പുതിയ സംസ്ഥാനത്തിന് വേണ്ടത്ര ത്രാസങ്ങളുടെ അനുഭവഭാരം നേരത്തെ തന്നെ സമ്മാനിച്ചിരുന്നു. 1957 ലെ പൊതു തിരഞ്ഞെടുപ്പാകട്ടെ ജാതി, മത, ഫ്യൂഡല്‍ വിളനിലമായി ശീലിച്ചു പോന്ന സംസ്ഥാനത്തിന് തികച്ചും അപരിചിതമായ ഒരു ഭരണ രാഷ്ട്രീയമുഖമാണ് സമ്മാനിച്ചത്. ഭൂമിയിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തുന്ന കമ്യൂണിസ്റ്റ് മുഖം.

അത് പക്ഷേ, ഇപ്പറഞ്ഞ നാട്ടുപ്രകൃതത്തിന് കലശലായ ദഹനക്കേടുണ്ടാക്കുന്ന കണിയാവുകയും ചെയ്തു. മധ്യതിരുവിതാംകൂറിലെ സവര്‍ണ ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും തുടങ്ങിയ നടുക്കം മലബാറിലെ മുസ്‌ലിംകളിലേക്കു കൂടി പടര്‍ത്തിയെടുത്തതോടെ ദേശീയ കക്ഷിയായ കോണ്‍ഗ്രസിന്, കേരളത്തിന്റെ രാഷ്ട്രീയാവസ്ഥയെപ്പറ്റി ആദ്യമായി ബോധം വന്നു. അധികാരലീലയില്‍ ഭൂരിപക്ഷ വോട്ടെണ്ണം നിര്‍ണായകമായിരിക്കെ, കേരളത്തില്‍ കാര്യങ്ങള്‍ നിശ്ചയിക്കുക അധഃസ്ഥികരും അടുക്കാട്ടികളുമായിരിക്കും എന്ന് പരമ്പരാഗത ഭരണവര്‍ഗ്ഗങ്ങള്‍ ഇദം പ്രഥമമായി തിരിച്ചറിയുകയായിരുന്നു. ആ നടുക്കത്തില്‍ നിന്നും പിറന്ന 'വിമോചന' സമരം വിജയിപ്പിച്ചെടുക്കാന്‍ നാട്ടിലെ 'സഖാക്കള്‍' വഹിച്ച പങ്കും സ്തുത്യര്‍ഹമായിരുന്നു. ഭരണരാഷ്ട്രീയത്തിലെ അവരുടെ പരിചയമില്ലായ്മയ്ക്കു നന്ദി.

വിമോചന സമരവും പിന്നീടുണ്ടായ ഇടതുപക്ഷ പിളര്‍പ്പുകളും സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഖ്യധാരയ്ക്ക് സമ്മാനിച്ചത് രണ്ടു ഘടകസൂക്തങ്ങളാണ് അസ്ഥിരതയും സ്ഥിരതയ്ക്കായുള്ള ത്വരയും. ഒരു ചട്ടക്കൂടിനായുള്ള തീവ്രാന്വേഷണം ഫലവത്താകുന്നതിന് നിമിത്തമായത് രണ്ടു കൂട്ടരാണ്. ഒന്ന് കെ കരുണാകരന്‍, രണ്ട് സിപിഎം.

തിരഞ്ഞെടുപ്പില്‍ വിവിധ കക്ഷികള്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന പക്ഷം ഒട്ടു മിക്ക മണ്ഡലങ്ങളിലും മുന്‍തൂക്കം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്കായിരിക്കും എന്ന കേരളീയ യാഥാര്‍ത്ഥ്യമാണ് കരുണാകരനെ ഒരു സംഘഗാനത്തിലേക്ക് പ്രേരിപ്പിച്ചത്. സെന്‍ട്രിസ്റ്റ് കക്ഷിയായ കോണ്‍ഗ്രസിലെ വലതുപക്ഷ മുഖച്ഛായ കരുണാകരന് സ്വാഭാവികമായും കേരളത്തില്‍ കൂട്ടിന് ആളുണ്ടായി. പ്രത്യേകിച്ചും വലതുപക്ഷ രാഷ്ട്രീയ കക്ഷി ഇല്ലാതിരുന്നതിനാല്‍ അത്തരം മനോഭാവക്കാര്‍ കരുണാകരന്‍ കോണ്‍ഗ്രസായി. ഇടതുപക്ഷ വിരുദ്ധരും മധ്യമപക്ഷക്കാരും കോണ്‍ഗ്രസിന്റെ കൂടാരത്തിലല്ലാതെ മറ്റെവിടെ പോകാന്‍? ജാതി മത സമുദായ കക്ഷികള്‍ മാത്രമല്ല, ഇടതുപക്ഷത്തെ മധ്യമ പക്ഷക്കാരും അങ്ങോട്ട് തന്നെ ചേക്കേറി. ചുരുക്കത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ കരുണാകരന്‍ ഏര്‍പ്പാടു ചെയ്ത വിശാലസഖ്യത്തില്‍ നിന്നാണ് കേരള രാഷ്ട്രീയത്തിന് ഒരു മുഖ്യധാരാ ചട്ടക്കൂടുണ്ടാവുന്നതെന്നു പറയാം.

അതിന്റെ വ്യാകരണമെടുത്താല്‍, പിന്നാക്ക വിഭാഗങ്ങളും അധഃസ്ഥിതരും മിക്കവാറും ഇടതുപക്ഷത്തും, മുന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും മറുവശത്തും, നന്നേ ന്യൂനപക്ഷമായ മതേതരക്കാര്‍ രണ്ടിടത്തുമായി വീതിച്ചും കിടന്നു. ഈ പോക്ക് പിന്നെ അടിയന്തിരാവസ്ഥയ്ക്കപ്പുറം ഇടതുകക്ഷികള്‍ ഒത്തു ചേരുന്നതിലേക്കും അങ്ങനെ പ്രകടനം രണ്ടു മുന്നണികള്‍ മാറ്റുരയ്ക്കുന്നതിലേക്കുമെത്തി.
ഇങ്ങനെയുണ്ടായ ദ്വിമുന്നണി രാഷ്ട്രീയത്തിന്റെ കാതല്‍ ഫലങ്ങള്‍ ചിലതുണ്ട്. ഒന്ന് രാഷ്ട്രീയത്തിന്റെ മുഖ്യധാരയ്ക്ക് ഒരു സ്‌ട്രെയ്റ്റ് ജാക്കറ്റ് വീണു. ടി ജാക്കറ്റില്‍ രാഷ്ട്രീയ സാമൂഹ്യ സമവാക്യങ്ങള്‍ തിരുത്താന്‍ പോന്ന ഒരൊറ്റ കക്ഷിയുമില്ല. ഭരണാധികാരം മാറ്റിമറിക്കുന്നത് ഒരേയൊരു ഘടകമായി - ഭരണവിരുദ്ധ വികാരം. ഈ വികാരം തന്നെ കാമ്പൊന്നുമില്ലാത്ത ആചാരവെടിപോലെയായി പരിണമിച്ചു. അഞ്ചുകൊല്ലത്തിലൊരിക്കല്‍ പൗരാവലി നടത്തുന്ന അനുഷ്ഠാനം.



udf



പ്രതിനിധാനത്തിന് ഈ മുന്നണി കക്ഷികള്‍ മാത്രമേ ഉപാധിയുള്ളൂ എന്നതാണ് രണ്ടാമത്തെ ഭവിഷ്യത്ത്. അതോടെ അവാന്തര വിഭാഗങ്ങളും പാര്‍ശ്വവല്‍കൃതരും വഴിയാധാരമായി. അഥവാ അവര്‍ പ്രബലവിഭാഗങ്ങള്‍ക്കു വിധേയരായി, രാഷ്ട്രീയം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായി.
കാലക്രമത്തില്‍ ഇരു മുന്നണികളിലെയും അച്ചുതണ്ടു കക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും ഒരു പ്രത്യേകരീതിയില്‍ രാഷ്ട്രീയമായി സങ്കുചിതരായതാണ് അടുത്ത ഫലം. അതായത് പ്രതിയോഗികളുടെ രാഷ്ട്രീയത്തെ മാത്രം മുന്‍നിര്‍ത്തി സ്വന്തം രാഷ്ട്രീയം പയറ്റുന്ന തനി ബാലറ്റ് പ്രവര്‍ത്തനം. കോണ്‍ഗ്രസിനെ സംബന്ധിച്ച് എഴുപതുകളില്‍ വിരിഞ്ഞ യുവരക്തം (ആന്റണി, ഉമ്മന്‍ചാണ്ടി, സുധീരന്‍) ഒരു വശത്തും കരുണാകരച്ചേരിയായ ചെന്നിത്തല പ്രഭൃതികള്‍ മറുവശത്തുമായി വികസിച്ചു വന്നെങ്കിലും അടിസ്ഥാനപരമായി ഈ സെവന്റീസ് തലകള്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എക്കാലവും മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടെ മാത്രം അച്ചുതണ്ടിലുള്ളതാണ്. മറുകൂടാരത്തിലാകട്ടെ, ഈ കോണ്‍ഗ്രസ്സ് മനോഭാവത്തിന് നിരയ്ക്കുന്ന രാഷ്ട്രീയമാണ് സിപിഎമ്മിന്റേത്.
സിപിഎം, സിപിഐ തുടങ്ങിയ ഇടതുപക്ഷ കക്ഷികള്‍ മാത്രമാണ് ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടുപ്പകള്‍ മുടക്കമില്ലാതെ നടത്തിപ്പോരുന്നത്. ശരിയായ ജനാധിപത്യ പ്രക്രിയയുടെ അന്തസ്സാരമൊന്നും പാലിക്കപ്പെടുന്നില്ലെങ്കിലും ടി കക്ഷികള്‍ ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്തുന്നുവെന്നെങ്കിലും പറയാം. മറ്റുള്ളവരോ?

സംഘടനാ തിരഞ്ഞെടുപ്പ് എന്ന പ്രയോഗത്തെ ഫലിത ബിന്ദുവാക്കി വികസിപ്പിച്ച കക്ഷിയാണ് കോണ്‍ഗ്രസ്. ദേശീയാടിസ്ഥാനത്തില്‍തന്നെ ഒരു കുടുംബക്കീഴിലെ പാട്ടക്കുടിയാന്മാരുടെ കൂടാരമായ സ്ഥിതിക്ക് പ്രാദേശിക ഘടകത്തിനു മാത്രമായി പ്രകൃതമാറ്റം പറ്റുമോ?  വാസ്തവത്തില്‍ കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ പ്രബുദ്ധത'യുടെ സാഹചര്യത്തില്‍ അങ്ങനെ സാധ്യമാക്കേണ്ടതായിരുന്നു. എന്നാല്‍, കരുണാകരനും കരുണാകര വിരുദ്ധ സെവന്റീസ് തലകളും അക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്. ദേശീയ തലത്തിലുള്ള ജനാധിപത്യ വിരുദ്ധതയുടെ പകര്‍പ്പെടുപ്പുകള്‍. അങ്ങനെ നില്‍ക്കുന്നതാണ് സ്വന്തം നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അഭികാമ്യം എന്നത് അവരുടെ രാഷ്ട്രീയമായ തിരിച്ചറിവും അഭ്യാസവിരുതുമാണ്. കാരണം സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ് എക്കാലവും ഒരാള്‍കൂട്ടം മാത്രമാണ്. എന്തുകൊണ്ട് നെഹ്‌റുകുടുംബവാഴ്ച എന്ന ചോദ്യത്തിന്റെ ഉത്തരം കിടക്കുന്നത് ഈ മര്‍മ്മത്തിലാണ്. അധികാരത്തിലേക്കുള്ള ചാവിക്ക് സ്ഥിരം സൂക്ഷിപ്പുകാരുണ്ടെങ്കില്‍ ആള്‍ക്കൂട്ടം അങ്ങോട്ട് ആകര്‍ഷിക്കപ്പെടും.

അധികാരത്തിലേക്ക് അവസരം തരാം എന്നതാണ് ചാവിസൂക്ഷിപ്പുകാരുടെ പ്രലോഭനമന്ത്രം. ഈ ഒത്തുപൊരുത്തത്തിന് വിഘാതമാവുന്നതാണ് സംഘടനാ തിരഞ്ഞെടുപ്പ് എന്ന ജനായത്ത പ്രക്രിയ. അതുകൊണ്ട് ആ ശല്യമങ്ങ് ഒഴിവാക്കുന്നു. പകരം, നാമനിര്‍ദ്ദേശം എന്ന സൂത്രമിറക്കുന്നു. ചാവിസൂക്ഷിപ്പുകാര്‍ക്ക് ഇഷ്ടമുള്ള, പ്രയോജനമുള്ള സില്‍ബന്ധികളെ നൂലില്‍ കെട്ടിയിറക്കുന്നു. പാര്‍ട്ടിയുടെ താക്കോല്‍സ്ഥാനങ്ങളിലേക്ക് ഈ ജനാധിപത്യ വിരുദ്ധരുടെ രാഷ്ട്രീയം എത്രയോ കാലമായി കോണ്‍ഗ്രസ്സ് വച്ചു നടത്തുന്നു. എന്തിനേറെ, ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്മേല്‍ നാടുനീളെ ഉപന്യസിച്ചു നടന്ന സാക്ഷാല്‍ സുധീരന്‍ എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ കെപിസിസി മൂപ്പനാക്കപ്പെട്ടതെന്നും തുടര്‍ന്ന് ആദര്‍ശം നാലുകാശിന് എട്ടായി മാറിയതും നടപ്പുകഥ.

അച്ചുതണ്ടു കക്ഷികളുടെ ഈ കാതല്‍ പ്രകൃതം സര്‍വ്വാത്മനാ പകര്‍ത്തുകയാണ് മുന്നണിയിലെ ഘടകക്ഷികള്‍ തുടക്കം തൊട്ടേ ചെയ്തത്. ചുരുക്കത്തില്‍, ദ്വിമുന്നണി സംവിധാനംകൊണ്ട് മുഖ്യധാരാ രാഷ്ട്രിയത്തിന് ഒരു ചട്ടക്കൂടും സ്ഥിരതയും കൈവന്നെങ്കിലും അധികാര പ്രാതിനിധ്യവും പൗരശാക്തീകരണവും ഈ അടഞ്ഞ വ്യവസ്ഥിതിക്കുള്ളിലെ ബന്ദികളായി. ജനാധിപത്യം ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാന്‍ കഴിയില്ല. എത്രകണ്ട്, എന്തിനുവേണ്ടി ഇത്യാദി ചോദ്യങ്ങള്‍ പക്ഷേ, ദ്വിമുന്നണി ഘോഷത്തില്‍  അനാമത്തായി കല്പിക്കപ്പെടും. ഭരണരാഷ്ട്രീയത്തിലാവട്ടെ, സ്ഥിരം ഫോര്‍മുല എന്ന നിലയില്‍ ഈ മുന്നണിക്കളി അതിലും വലിയ പാതകങ്ങളാണ് നിവര്‍ത്തിച്ചുവന്നത്. കാതലായ സാമൂഹിക മാറ്റങ്ങള്‍ക്ക് മുഖമടച്ചു നില്‍ക്കുന്ന ഭരണയന്ത്രവും വ്യവസ്ഥകളും മാറ്റിമറിക്കാന്‍ മുന്നണികള്‍ പൊതുവേ തയ്യാറല്ല.

അവിടെയും സ്ഥിരതയുള്ള ചട്ടക്കൂടുമായി ഒത്തുപോകാനാണ് കമ്പം, സുഖം. ഉദാഹരണത്തിന് ഒന്നാം മന്ത്രിസഭ ആവിഷ്‌ക്കരിച്ച ഭൂപരിഷ്‌ക്കരണമാണ് ആറാം പതിറ്റാണ്ടിലെത്തുമ്പോഴും കേമത്തമായി ആഘോഷിക്കപ്പെടുന്നത്. അതേസമയം 2015 ല്‍ ഭൂരഹിത പദ്ധതിയിലേക്ക് കൂരവയ്ക്കാന്‍ അപേക്ഷകൊടുത്ത് കാത്തിരിക്കുന്നത് മൂന്നര ലക്ഷം പൗരന്മാരാണ്. ഭൂപരിഷ്‌ക്കരണത്തിന്റെ രണ്ടാം ഗഡുവിന് കൂടെക്കൂടെ ആഹ്വാനം മുഴക്കാന്‍ നേതാക്കള്‍ക്കു മടിയില്ല. വനഭൂമി കട്ടവര്‍ക്ക് ഒത്താശ ചെയ്യുന്ന പട്ടയമേള ഘോഷിക്കാനും, കതിരിന്മേല്‍ വളം വയ്ക്കുന്ന ഉഡായിപ്പിന് കുറവില്ലാതിരിക്കെതന്നെ ആദിവാസികള്‍ സ്വന്തം മണ്ണ് വീണ്ടെടുക്കാന്‍ സെക്രട്ടറിയേറ്റ് പടിയില്‍ നില്‍പ്പു സമരം നടത്തുന്നു. അവരില്‍ നിന്ന് കവര്‍ന്ന ഭൂമി കണ്ടുകെട്ടി തിരികെ കൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ട് ദശകങ്ങള്‍ കഴിഞ്ഞു. ഒന്നാം ഭൂപരിഷ്‌ക്കരണം നടപ്പാക്കിയ കക്ഷിയുടെ പിന്‍തുടര്‍ച്ചക്കാര്‍ അധികാരത്തിലിരിക്കെ ഇതേ കേസിന്മേല്‍ ഹൈക്കോടതിക്കു നല്‍കിയ മറുപടിയിങ്ങനെ: 'ആ ഭൂമി പിടിച്ചെടുത്താല്‍ കേരളം ചോരക്കളമാകും.'
ഇത് ഒരുദാഹരണം മാത്രം, ചുരുക്കമിത്രയേയുള്ളൂ - നിലവിലുള്ള വ്യവസ്ഥിതി തട്ടുകേടില്ലാതെ മുന്നോട്ടുന്തണം. കയ്യടിക്ക് ചില്ലറ അലങ്കാരപ്പണികളും ആചാര കതീനകളുമിറക്കും. ഒന്നിന്റേയും സ്റ്റാറ്റസ്‌കോ കാതലായി മാറ്റാന്‍ ആര്‍ക്കും ഉദ്ദേശ്യമില്ല. വ്യവസ്ഥിതി മാറ്റി ചരിത്രം നിര്‍മ്മിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുന്ന പ്രത്യയശാസ്ത്രമുള്ളവര്‍ക്കും.

ദ്വിമുന്നണി രാഷ്ട്രീയത്തിന്റെ ഈ സ്റ്റാറ്റസ്‌കോക്ക് ആരു മണിക്കെട്ടും എന്ന ചോദ്യം തന്നെ ഇല്ലാത്ത മധ്യവര്‍ഗ്ഗ സുഖിയന്മാരുടെ സമൂഹമായി കേരളം മാറിയതിന്റെ ചേതമാണ് അടുത്ത ഫലിതം. രണ്ടേ രണ്ടു ചലനങ്ങള്‍ മാത്രമാണ് കഴിഞ്ഞ 30 കൊല്ലത്തിനിടെ ഈ മണികെട്ടലിന് പേരിനെങ്കിലും ഉദയം ചെയ്തത്. ഒന്ന് അബ്ദുന്നാസിര്‍ മഅ്ദനി. രണ്ട്, ആദിവാസി ഗോത്രസഭ. ആദ്യത്തേതിനെ മുഖ്യധാരാ രാഷ്ട്രീയം ഒറ്റക്കെട്ടായി തന്നെ നേരിട്ടു. കൂട്ടിന് മധ്യവര്‍ഗ്ഗം കിരീടം വയ്ക്കുന്ന മുഖ്യധാരാ മാധ്യമപ്പടയും. ഫലം? വിചാരണ കൂടാതെ രണ്ടു കേസുകളിലായി ഏതാണ്ടൊരു ജീവപര്യന്തം തടവ് -അതിപ്പോള്‍ 15 ാം കൊല്ലത്തിലും തുടരുന്നു. പൊളിറ്റിക്കലി കറക്ടാവാത്തതിന്റെ ചേതം. രണ്ടാമത്തേതിനെ ഒതുക്കിയതും മുന്നണി സംവിധാനവും മാധ്യമങ്ങളും തന്നെ. ഔദ്യോഗിക തടവിലടച്ചില്ലെന്നുമാത്രം.

സാച്ചുറേഷന്‍ പോയിന്റും കടന്ന പ്രതിലോമകരമായ അവസ്ഥയിലേക്ക് പ്രവേശിച്ച മുന്നണി രാഷ്ട്രീയം ഇതാദ്യമായി ഒരു മുഖ്യധാരാ വെല്ലുവിളി നേരിടുന്നു എന്നതാണ് 2015 തരുന്ന കാഴ്ച. ബിജെപി നേരത്തെ തന്നെ ഇവിടെയുണ്ടെങ്കിലും നിയമസഭാ മണ്ഡലങ്ങളില്‍ ശരാശരി പതിനായിരം വോട്ടിന്റെ അടുത്ത് മാത്രമുള്ള ആ കക്ഷിക്ക് ചില്ലറ നോട്ടു കച്ചോടം നടത്തി കാലക്ഷേപം ചെയ്യാനെ ഗതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ മോദിയെ മുന്‍നിര്‍ത്തി കേന്ദ്രാധികാരം പിടിച്ചതോടെ രാജ്യവ്യാപകമായി ആ പാര്‍ട്ടിക്ക് ഒരുണവര്‍വ്വും വ്യാപനത്വരയും കൈവന്നു. സത്യത്തില്‍ ഇത് മോദി എന്ന ഏകകത്തില്‍ ഒതുങ്ങുന്ന ഒന്നല്ല. മറിച്ച്, വലതുപക്ഷ രാഷ്ട്രീയത്തിന് ലോകവ്യാപകമായി തന്നെ കൈവന്നിരിക്കുന്ന ഒരു നവോത്ഥാനമാണതിന്റെ ഇന്ധനം.

മൂലധന മുതലാളിത്തത്തിന്റെ സര്‍വ്വതന്ത്ര സഞ്ചാരവും അതിന്റെ എഞ്ചിനായി വര്‍ത്തിക്കുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളും ഒരു വശത്ത്. സോവിയറ്റ് ചേരിയുടെ തിരോധാന ശേഷം സാമ്രാജ്യത്വ ബുദ്ധിജീവികള്‍ കണ്ടുപിടിച്ച ഇസ്‌ലാമോഫോബിയയും തദനുസാരിയായ ലോകരാഷ്ട്രീയവും മറ്റൊരു വശത്ത്. ഇന്ത്യയില്‍, ഈ രണ്ടു ഘടകങ്ങളും സമന്വയിപ്പിച്ചു മുന്നേറാന്‍ കോണ്‍ഗ്രസ്സിനെക്കാള്‍ ഫലവത്താവുക വലതുപക്ഷ രാഷ്ട്രീയമുള്ള ബിജെപി തന്നെയാണ്. സത്യത്തില്‍ സാമ്പത്തിക നയത്തില്‍ തങ്ങളുടെ പരമ്പരാഗത സെന്‍ട്രിസ്റ്റ് നില ഉപേക്ഷിച്ചു കഴിഞ്ഞ കോണ്‍ഗ്രസിന് ക്ഷേമരാഷ്ട്ര സംബന്ധിയായ ഹാംഗോവറും രാഷ്ട്രത്തെ ശരിയായ പിന്നാക്കാവസ്ഥയും കണക്കിലെടുത്ത് ചില്ലറ വൈക്ലബ്യമൊക്കെ രാഷ്ട്രീയമായുണ്ട്. അതിന്റെ ഫലമാണ് സോണിയാഗാന്ധിയുടെ ദേശീയ ഉപദേശക സമിതി ആവിഷ്‌ക്കരിച്ച ആറ് ബൃഹദ് ക്ഷേമപദ്ധതികള്‍. ഇമ്മാതിരി വൈക്ലബ്യമൊന്നുമില്ലാത്ത വലതുപക്ഷ കക്ഷികളാണ് മേല്‍പറഞ്ഞ ലോകരാഷ്ട്രീയത്തെ ഇന്ത്യയില്‍ പ്രതിനിധാനം ചെയ്യാന്‍ സര്‍വ്വാത്മനാ യോഗ്യര്‍.

















രാഷ്ട്രീയ സാമ്പത്തികതയില്‍ കോണ്‍ഗ്രസിന്റേതില്‍ നിന്നു വ്യത്യസ്തമായി ഒന്നും പറയാനില്ല ബിജെപിക്ക്. മാത്രമല്ല, കേരളത്തില്‍ കോണ്‍ഗ്രസിനു പോലും നവലിബറല്‍ സാമ്പത്തിക നയം പച്ചക്കു പറയാന്‍ പ്രയാസമുണ്ട്. അതുകൊണ്ട് ആ ഭാഗം വലതുപക്ഷ കക്ഷിയും വിഴുങ്ങുന്നു. തീവ്രഹിന്ദു വര്‍ഗീയത പ്രചരിപ്പിക്കാന്‍ പരമ്പരാഗത ബിജെപി  നേതാക്കള്‍ക്ക് വൈക്ലബ്യമുണ്ട്. അമ്മാതിരി കസര്‍ത്തില്‍ തഴമ്പുള്ള ഹിന്ദു ഐക്യവേദിക്കാരെ രംഗത്തിറക്കുക; ഒപ്പം നടേശനെപോലുള്ള ദല്ലാളര്‍മാരെയും.




ldf





കേരളത്തിലെ വരണ്ടു പോയ ദ്വിമുന്നണി രാഷ്ട്രീയത്തിലേക്ക് ദേശീയ തലത്തില്‍ കൈവന്ന വര്‍ധിത വീര്യത്തിന്റെ ഊക്ക് ഇതാദ്യമായി പ്രയോഗിക്കുകയാണ് വലതുപക്ഷ രാഷ്ട്രീയം. അതാകട്ടെ, സംസ്ഥാന രാഷ്ട്രീയത്തിന്റെ ഊടിലും പാവിലും മാറ്റം വരുത്താന്‍ കഴിയുന്ന മര്‍മ്മങ്ങളില്‍ ഊന്നിയുള്ള കലക്കല്‍ പ്രയോഗത്തോടെയാണുതാനും. ഒന്നാമത്, ബിജെപി അവരുടെ വലതുപക്ഷ രാഷ്ട്രീയത്തിന് കേരളീയ സാഹചര്യം പരിഗണിച്ച് എന്തെങ്കിലും മാറ്റം വരുത്തുന്നില്ല. മറിച്ച്, വലതുപക്ഷ രാഷ്ട്രീയം അത്രകണ്ട് ശീലമില്ലാത്ത കേരളത്തിലേക്ക് പച്ചയായി അതിനെ വിന്യസിപ്പിക്കുകയാണ്. ഇടതു പക്ഷത്തിന്റെ വിശിഷ്യാ സിപിഎമ്മിന്റെ മുഖ്യചേരുവയായ ഈഴവസമുദായത്തെ ഭൂരിപക്ഷ വര്‍ഗ്ഗീയതയിലേക്ക് മതം മാറ്റുക എന്നതാണ് ആദ്യപടി. അതിനുവേണ്ടി നുള്ളിയെടുത്ത് ചെല്ലും ചെലവും കൊടുത്ത് ദല്ലാളിനെ കാലേക്കൂട്ടി അവതരിപ്പിച്ചിരുന്നു  വെള്ളാപ്പള്ളി നടേശന്‍. ദല്ലാള്‍ വഴി എസ്എന്‍ഡിപിയെ വിലക്കു വാങ്ങുകയാണ് പ്രഥമം. എസ്എന്‍ ട്രസ്റ്റിനെ കൂടി ആ പട്ടികയില്‍പ്പെടുത്തിയാണ് കൊല്ലത്തെ ശങ്കര്‍ പ്രതിമാ കമ്പക്കെട്ടിലൂടെ നമ്മള്‍ കണ്ടത്ത്. ദല്ലാള്‍ മുഖേന ഒരു വിശാല ഹിന്ദു ഐക്യവേദിയുടെ ധ്വനി പരത്തുകയാണ് രണ്ടാം ഘടകം. ഇതോടൊപ്പം മുന്നണി രാഷ്ട്രീയത്തെയും അതിന്റെ ഫലമായ ഭരണത്തെയും ആക്ഷേപിച്ചുകൊണ്ടിരിക്കുക. അങ്ങനെ ആക്ഷേപിക്കാന്‍ ബിജെപിക്ക് എളുപ്പമാണ്. ഒന്ന്, അവര്‍ ഇതേവരെ ഭരണം കയ്യാളിയിട്ടില്ല. രണ്ട്, ഇരുമുന്നണികളുടെയും പ്രവര്‍ത്തനത്തില്‍ വിയോജിപ്പും അസ്വസ്ഥതയുമുള്ള ധാരാളം പേരുണ്ട്. മൂന്ന്, ദ്വിമുന്നണി രാഷ്ട്രീയം സ്വയമേവ ആര്‍ജ്ജിച്ച അടഞ്ഞ പ്രകൃതം രാഷ്ട്രീയ വികാസത്തിന് സമ്മാനിച്ചിരിക്കുന്ന മണ്ടയടപ്പ്.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഈ പ്രാഥമിക തന്ത്രങ്ങള്‍ ഇരുമുന്നണികളെയും വെറളി പിടിപ്പിക്കുന്നതാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. തുടക്കത്തില്‍ ഇടതുപക്ഷം മാത്രമായിരുന്നു ഒന്നുലഞ്ഞാടിയത്. ആദ്യത്തെ ചാഞ്ചല്യത്തിനു ശേഷം അവര്‍ തന്ത്രങ്ങള്‍ മെനയുകയും പ്രയോഗിക്കുകയും ചെയ്തതോടെ ബിജെപി നീക്കങ്ങള്‍ക്ക് ശോഭ മങ്ങിപ്പോയിരുന്നു. യുഡിഎഫാകട്ടെ, തുടക്കത്തില്‍ ഒരു മൂഢവര്‍ഗ്ഗത്തില്‍ അഭിരമിച്ചെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ആഘാതം ഒരു പുനര്‍ചിന്തക്ക് വഴിയൊരുക്കി. ഒരു നിമിഷം  പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇപ്പറയുന്ന ആഘാതമുണ്ടായിരുന്നില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും എന്തായിരിക്കും ചെയ്യുക? ബിജെപി വന്ന് ഇടതുപക്ഷവോട്ടുകള്‍ ചോര്‍ത്തിക്കൊള്ളും, നമ്മുടെ കാര്യം ഖുശി. സെവന്റീസ് തലകളുടെ ഇമ്മാതിരി ചെട്ടിമിടുക്കാണ് എക്കാലവും രാഷ്ട്രീയപക്ഷത്തിന് നാടുകൊടുക്കേണ്ടി വരുന്ന വില. സത്യത്തില്‍ ഇവിടെ പഞ്ചായത്തുകള്‍/ പൗരാവലി യുഡിഎഫ് തലകളുടെ അവിവേകത്തിന് ഒരാഘാത ചികിത്സ കൊടുക്കുകയായിരുന്നു.

പ്രശ്‌നം ഈ തലമുറയുടെ ടെംപ്ലേറ്റിന്റേതാണ്. ഒന്നാമത്്, രാഷ്ട്രീയ ചക്രവാളത്തിന്റെ ഇടത്തേയറ്റം തൊട്ട് മധ്യം വരെയുള്ള വര്‍ണരാജികളെയാണ് കേരളത്തിന്റെ മുഖ്യധാരക്ക് ശീലം. വലത്തേക്കു നീങ്ങുമ്പോള്‍ ദൃശ്യമാവുന്ന പല തട്ട് രാഷ്ട്രീയ ബിന്ദുക്കളെ കാര്യമായി അനുഭവശീലമില്ല. പറഞ്ഞും കേട്ടും വ്യാഖ്യാനം വായിച്ചും അറിയാമെന്നല്ലാതെ. സെന്‍ട്രിസ്റ്റ് കക്ഷിയായ കോണ്‍ഗ്രസിനുപോലും കേരളത്തില്‍ ഒരിടതുപക്ഷ മനോഭാവമുണ്ട്. അത്, നവോഥാന പാരമ്പര്യവും തുടര്‍ന്നുണ്ടായ വിദ്യാഭ്യാസ പുരോഗതിയും പൊതുസാമൂഹികതയും ഇവിടത്തെ രാഷ്ട്രീയത്തില്‍ നിന്നു സമ്മാനിച്ച പ്രകൃത വിശേഷമാണ്. ജാതിമത വര്‍ഗീയതള്‍ പേറുമ്പോഴും അവയ്ക്കു തീവ്ര വലതുപക്ഷ ഭാവം കൊടുക്കാന്‍ വൈക്ലബ്യമുള്ള ഒരു കേരളീയ മനോഭാവം. പ്രാഗ് വസന്തം തൊട്ട് മുല്ലപ്പൂ വിപ്ലവം വരെ നെഞ്ചേറ്റുമ്പോഴും തീവ്രപക്ഷം നടപ്പില്‍ വരുത്താന്‍ വൈമനസ്യമുള്ളൊരു പൊതുപ്രകൃതം. ഈ ആര്‍ജിത പ്രകൃതമാണ് കേരളീയ ഇടതുപക്ഷസ്ഥാനങ്ങളെ പാര്‍ലമെന്ററി പാതയിലേക്കു വഴറ്റിയെടുത്തത്.

ഈ സവിശേഷ പശ്ചാത്തലത്തിലേക്കാണ് ബിജെപി അവരുടെ വലതുപക്ഷ രാഷ്ട്രീയം തിരുകിവയ്ക്കാന്‍ ഉദ്യമിക്കുന്നത്. രാഷ്ട്രീയ സാമ്പത്തികതയില്‍ കോണ്‍ഗ്രസിന്റേതില്‍ നിന്നു വ്യത്യസ്തമായി ഒന്നും പറയാനില്ല. മാത്രമല്ല, കേരളത്തില്‍ കോണ്‍ഗ്രസിനു പോലും നവലിബറല്‍ സാമ്പത്തിക നയം പച്ചക്കു പറഞ്ഞു നടക്കാന്‍ പ്രയാസമുണ്ട്. അതുകൊണ്ട് ആ ഭാഗം വലതുപക്ഷ കക്ഷിയും വിഴുങ്ങുന്നു. തീവ്രഹിന്ദു വര്‍ഗീയത പ്രചരിപ്പിക്കാന്‍ പരമ്പരാഗത ബിജെപി  നേതാക്കള്‍ക്ക് വൈക്ലബ്യമുണ്ട്. പകരം അമ്മാതിരി കസര്‍ത്തില്‍ തഴമ്പുള്ള ഹിന്ദു ഐക്യവേദിക്കാരെ രംഗത്തിറക്കുക; ഒപ്പം നടേശനെപോലുള്ള ദല്ലാളര്‍മാരെയും. ഇതില്‍ നടേശന്‍ ഒരു കേസില്‍ തുടക്കത്തിലേ പ്രതിയാക്കപ്പെടുകയും സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും ഒരു കൊലക്കേസിന്റെയും മുന ടിയാനിലേക്ക് വേഗം നീളുകയും ചെയ്തതോടെ ആ ജാതി കലാപരിപാടികള്‍ക്ക് ഒരു മൃദുലഭാവമായി. പരമ്പരാഗത ബിജെപിക്കാര്‍ക്കു പകരം കുമ്മനം രാജശേഖരനെ നൂലില്‍ കെട്ടി ഇറക്കിയത് വിവിധ ജാതി സംഘടനകളുടെ ഐക്യമുറപ്പിക്കാനും കേരളത്തിന്റെ പൊതു രാഷ്ട്രീയ ശീലങ്ങളുടെ വൈക്ലബ്യമില്ലാതെ വലതുപക്ഷ രാഷ്ട്രീയം മുന്നേറാനുമായിരുന്നു. എന്നാല്‍, മുന്നണി നേതൃത്വങ്ങള്‍ ഉണരുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തതോടെ കുമ്മനത്തിന് അതിവേഗം നന്മയില്‍ ഗോപാലന്‍ പ്രതിച്ഛായ എടുത്തണിയേണ്ടിവന്നു.
തന്റെ വാക്കുകള്‍  വളച്ചൊടിച്ചെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടിക്കും പിണറായി വിജയനും വക്കീല്‍ നോട്ടീസയച്ച കുമ്മനം സത്യത്തില്‍ കേരളത്തിന്റെ പൊതു രാഷ്ട്രീയ മനോഭാവം നല്‍കുന്ന ആഘാതചികിത്സക്ക് വിധേയനായി തുടങ്ങുന്നതേയുള്ളു. ഒന്നുകില്‍ ടിയാനിലെ ഹിന്ദുഐക്യവേദിക്കാരന്‍ പുകഞ്ഞു പുറത്തുചാടും. അല്ലെങ്കില്‍ ഈ ഭേദ്യങ്ങള്‍ വഴി തീവ്രവലതുപക്ഷം മൃദുവലതായി മെരുങ്ങും.

bjpഅതെന്തായാലും ദ്വിമുന്നണി രാഷ്ട്രീയ വ്യവസ്ഥ ഇതാദ്യമായി മുഖ്യധാരയില്‍ നിന്നു വെല്ലുവിളി നേരിടുകയാണ്. സ്വയം പരിഷ്‌കരിക്കാനോ  വികസനോന്മുഖമാവാനോ തുനിയാതെ ജഡത കൈവരിച്ച കേരള രാഷ്ട്രീയത്തിന് ഇങ്ങനെയൊരു പരിണാമത്വരകം വേണ്ടിവരുന്നത് പൗരാവലിയെ സംബന്ധിച്ച് പരീക്ഷണാത്മകമാണ്. കാരണം, തീവ്രദേശീയത, ന്യൂനപക്ഷ വിരുദ്ധത, ഭൂരിപക്ഷ വര്‍ഗീയത, മുതല്‍പക്ഷ സാമ്പത്തികത തുടങ്ങി  ഭരണഘടനാ ജനാധിപത്യത്തിന് കടകവിരുദ്ധമായ ഒരു രാഷ്ട്രീയത്തിന്റെ രംഗപ്രവേശം, അവയുടെ അനുഭവശീലമില്ലാത്ത പല ജനവിഭാഗങ്ങളെയും പ്രലോഭനച്ചുഴിയില്‍ വീഴ്ത്തിയെന്നു വരാം എസ്എന്‍ഡിപി ദല്ലാളിനു ചുറ്റും നില്‍ക്കുന്ന ശിങ്കിടികളെപോലെ, കുറിയിട്ട കൊമ്പന്‍ നേതാവ് ഇങ്ങോട്ടുവന്ന് കൈമുത്തി, 'ഹമ്പട ഞാനേ' എന്നു ധരിച്ചുവശാവുന്ന സുന്ദരവിഡ്ഢികളുണ്ടാവാം സാംസ്‌കാരിക ഫാഷിസത്തിന്റെ മാര്‍പ്പാപ്പയായ മോഹന്‍ഭാഗവതുമായി കൊച്ചിയില്‍ പോയ 'ചായ്‌പെ ചര്‍ച്ച'ക്കു പോയിവന്ന പഴയ ആനക്കഥയിലെ ചില കുരുടന്മാരെപ്പോലെ. ആക്രോനിംസിട്ട് തേച്ചു മിനുക്കിയ വാക്കുകൊണ്ട് കൗപീനമുടുപ്പിച്ച് ഉലകംചുറ്റുന്ന മോദിയുടെ മാച്ചോ ബ്രാന്‍ഡിന്‍ നമസ്‌കരിക്കുന്ന നമ്മുടെ മധ്യവര്‍ഗ മാധ്യമ ശിങ്കങ്ങളെപ്പോലെ.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഈ മുഖംമൂടികളില്‍ വീണുപോവാതെ സ്വന്തം രാഷ്ട്രീയതയുടെ വീണ്ടെടുപ്പിനും ചികിത്സക്കും ഈ രംഗാവതരണത്തെ ഒരു നിമിത്തമാക്കുന്നവരുണ്ടാവാം. പ്രശ്‌നം, അവരുട സ്വന്തം പാര്‍ട്ടികള്‍ അതിനവരെ എത്രകണ്ട് സമ്മതിക്കും എന്നതാണ്. ചാണ്ടിയെ മാറ്റാന്‍ ഹൈക്കമാന്റിന് ഊമക്കത്തുവിട്ട ചെന്നിത്തല, രണ്ടു കൊല്ലമായി സ്തംഭിച്ചുകിടക്കുന്ന ഭരണം മഹാകേമമാണെന്നു പറയുന്ന ചാണ്ടിയും, ഇവരെല്ലാം ആദര്‍ശച്ചരടില്‍ കോര്‍ത്തിണക്കി കൊണ്ടുനടക്കുന്ന സുധീരനുമാണ് ഒരു വശത്ത്. ടി തമ്പ്രാന്‍ ഭ്രമിക്കുന്ന ഒരു മുഖ്യകക്ഷി ആവശ്യപ്പെടുന്നത് കോഴക്കേസിലെ തുടരന്വേഷണം വേഗമൊന്നു തീര്‍ത്തു തരണമെന്നാണ്. എന്നിട്ടുവേണം ബിജെപിയുമായി ഒരു ബാര്‍ഗെയ്‌നിങ്. ദോഷം പറയരുതല്ലോ, കൂട്ടത്തില്‍ പേടിയുള്ളത് ലീഗിനുമാത്രം. മൂന്നാം മുന്നണിയില്‍ കൂടുന്ന പ്രശ്‌നമില്ല. ഇടതുപക്ഷമാണെങ്കില്‍ മുഖം തിരിച്ചുനില്‍ക്കുന്നു. അപ്പോള്‍പിന്നെ കോണ്‍ഗ്രസിനെ നമ്പാതെ കഴിയില്ല.

മറു കൂടാരത്തില്‍ കാര്യങ്ങള്‍ കുറച്ചുകൂടി ഭേദമാണ്. പുതിയ കൂട്ടുകാര്‍ മുട്ടിവിളിക്കുന്നു. പഴയ കൂട്ടര്‍ തമ്മില്‍ പറയത്തക്ക അസ്വാരസ്യമില്ല. പ്രശ്‌നം പഴയതുതന്നെ. ആരാവും മൂപ്പന്‍? പിണറായി വിജയന്‍ യാത്ര നടത്തുന്നു, മുന്നണി വിപുലീകരണത്തിന് ചുക്കാന്‍ പിടിക്കുന്നു. അച്യുതാനന്ദന്‍ എന്തായിത്തീരുമെന്നാണ് നാലുപാടുനിന്നുമുള്ള ഏക ചോദ്യം. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ചില്ലറ മേല്‍ക്കൈ ഈ ചിരപുരാതന ചക്കളത്തിപ്പോരില്‍ ഹോമിക്കുമോ എന്നാണ് ലോക്കല്‍ സഖാക്കളുടെ ആശങ്ക. '25 വയസ്സുതൊട്ട് 95 വരെയുള്ള' ധാരാളം മുഖ്യമന്ത്രി മെറ്റീരിയല്‍സുള്ള പാര്‍ട്ടിയായതുകൊണ്ട് പേടിക്കാനില്ല; നറുക്കിടാം.

sonia-gandiവലതുപക്ഷ രാഷ്ട്രീയം ഇതാദ്യമായി പത്തി നിവര്‍ത്തി എത്തുമ്പോള്‍ കേരളത്തിലെ കാലഹരണപ്പെട്ട മുന്നണി രാഷ്ട്രീയം അവരുടെ ശീലിത അങ്കമുറകളില്‍ തന്നെയാണ് കോപ്പുകൂട്ടുന്നത്. ആകപ്പാടെയുള്ള വ്യത്യാസം ഒരു പൂഴിക്കടകന്റെ വകുപ്പില്‍ മാത്രമാണ്. അതായത്, താമര വിരിയിക്കാന്‍ ബിജെപി കാത്തുവച്ചിരിക്കുന്ന നാലു മണ്ഡലങ്ങളുണ്ട്. അവിടെ ഇരു മുന്നണികളുടെയും ഒരവസാനനിമിഷ രഹസ്യസഖ്യം. അതോടെ ദ്വിമുന്നണി രാഷ്ട്രീയം സുരക്ഷിതം, സുഭദ്രം. അവിടെതന്നെയാണ് രോഗമര്‍മ്മം.

ഒരു തിരഞ്ഞെടുപ്പുകൊണ്ട് അസ്തമിക്കുന്നതല്ല ഈ അമാവാസി. കാലത്തിന്റെ ചുവരെഴുത്ത് ഈ താമരക്കളിക്കൊക്കെ മുമ്പേതന്നെ ഉണ്ടായിരുന്നതാണ്. കണ്ടില്ലെന്നു നടിച്ച് കാലക്ഷേപം ചെയ്യുന്ന എലിപ്പത്തായ ജീവികള്‍ക്കു മുന്നിലേക്ക് വലതുപക്ഷ രാഷ്ട്രീയത്തിന്റെ പച്ചയായ മുഖം വരുമ്പോള്‍ ആ ചുവരെഴുത്ത് വീണ്ടും എഴുന്നു വരികയാണ്. അതിലുള്ളത് സരളമായ ഒരു ഓര്‍മപ്പെടുത്തല്‍ മാത്രം: ഉഡായിപ്പു മതിയാക്കി, സ്വന്തം രാഷ്ട്രീയത്തിന്റെ കാരക്ടര്‍ വീണ്ടെടുക്കുക. കാലഹരണപ്പെട്ട എലിപ്പത്തായ രാഷ്ട്രീയത്തില്‍ നിന്ന് ആരാച്ചാരന്മാര്‍ ഉണരുമോ എന്നതാണ് ചോദ്യം. അതിന് ഉത്തോലകമാവാന്‍ പൊതുശത്രു ഉതകുമോ എന്നതും.                    ി
Next Story

RELATED STORIES

Share it