എറണാകുളത്ത് സിപിഎമ്മിന് ജയസാധ്യത കുറവെന്ന് റിപോര്‍ട്ട്

നിഷ ദിലീപ്

കൊച്ചി: എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളില്‍ രണ്ട് പേര്‍ക്ക് മാത്രം വിജയ സാധ്യതയെന്ന് അന്വേഷണ റിപോര്‍ട്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിയന്ത്രണത്തില്‍ പാര്‍ട്ടി ഏര്‍പ്പെടുത്തിയ നാലംഗ സംഘമാണ് ജില്ലയില്‍ രഹസ്യമായി അന്വേഷണം നടത്തിയത്. പാര്‍ട്ടിയുമായി ഇപ്പോള്‍ ബന്ധമൊന്നുമില്ലാത്തവരും മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകരും ഇപ്പോള്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരുമായ നാല് പേരടങ്ങുന്ന സംഘത്തെയാണ് കോടിയേരി എറണാകുളത്തെ വിജയ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. ഇവരുടെ പ്രാഥമിക അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഎം സ്ഥാനാര്‍ഥികളില്‍ നിലവില്‍ എംഎല്‍എമാരായ എസ് ശര്‍മയ്ക്കും സാജുപോളിനും മാത്രമാണ് വിജയസാധ്യത. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരല്ലാത്ത സിപിഎമ്മുകാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമുള്ള അഭിപ്രായങ്ങളാണ് ഇവര്‍ നേതൃത്വത്തെ അറിയിച്ചത്. വൈപ്പിന്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലൊഴികെയുള്ള സ്ഥാനാര്‍ഥികളൊന്നും ജയസാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ തവണ എല്‍ഡിഎഫിന് ലഭിച്ച മൂന്നു സീറ്റില്‍ രണ്ടില്‍ സിപിഎമ്മും ഒരു സീറ്റില്‍ ജനതാദള്‍ സെക്കുലറുമാണ് വിജയിച്ചത്. ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയാവാത്തതിനാല്‍ അവരുടെ ജയസാധ്യതയെക്കുറിച്ച് അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. അങ്കമാലിയില്‍ നിന്ന് കഴിഞ്ഞതവണ ജനതാദള്‍ സെക്കുലറിലെ ജോസ് തെറ്റയിലായിരുന്നു വിജയിച്ചത്. എന്നാല്‍ ഇത്തവണ ജോസ് തെറ്റയില്‍ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിക്കാനാണ് ജയസാധ്യതയില്ലാത്ത സ്ഥാനാര്‍ഥികളെ മല്‍സരരംഗത്തിറക്കിയതെന്ന ആരോപണങ്ങള്‍ക്കിടെയാണ് രഹസ്യ അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് പാര്‍ട്ടി നേതൃത്വത്തിന് സമര്‍പ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it