എറണാകുളം: 10 മണ്ഡലങ്ങളില്‍ കനത്ത പോരാട്ടം; ചരിത്രം ആവര്‍ത്തിക്കുമെന്ന് മുന്നണികള്‍

എറണാകുളം: 10 മണ്ഡലങ്ങളില്‍ കനത്ത പോരാട്ടം; ചരിത്രം ആവര്‍ത്തിക്കുമെന്ന് മുന്നണികള്‍
X
eranakulam dist

ടോമി മാത്യു

എറണാകുളം: ജില്ലയില്‍ 2011 ആവര്‍ത്തിക്കുമെന്ന് യുഡിഎഫും 2006 ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫും. എറണാകുളം ജില്ല യുഡിഎഫിന്റെ ഉറച്ച കോട്ടയെന്നാണ് പൊതുവെയുളള വിലയിരുത്തലെങ്കിലും 2006ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളില്‍ ഒമ്പതിടത്തും എല്‍ഡിഎഫ് വിജയം നേടി ചരിത്രം തിരുത്തി. എന്നാല്‍ 2011ല്‍ യുഡിഎഫ് 14 സീറ്റില്‍ 11 ഉം നേടി ഒരിക്കല്‍ കൂടി കരുത്ത് തെളിയിച്ചു. ഇക്കുറി ജില്ലയിലെ 10 മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
അങ്കമാലി, പെരുമ്പാവൂര്‍, ആലുവ, കളമശ്ശേരി, കുന്നത്തുനാട്, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കോതമംഗലം മണ്ഡലങ്ങളില്‍ പോരാട്ടം ശക്തമാണ്. പെരുമ്പാവൂരില്‍ തുടക്കത്തില്‍ എല്‍ഡിഎഫിന്റെ സാജു പോളിനായിരുന്നു മുന്‍തൂക്കം. ജിഷ കൊലപാതകം തിരഞ്ഞെടുപ്പ് പ്രചാരണമായതോടെ യുഡിഎഫിന്റെ എല്‍ദോസ് കുന്നപ്പിള്ളി ഒപ്പമെത്തിക്കഴിഞ്ഞു. എസ്ഡിപി ഐയും എന്‍ഡിഎയും പിടിക്കുന്ന വോട്ടുകളും മുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തെ ബാധിക്കും. വി കെ ഷൗക്കത്തലിയാണ് എസ്ഡിപിഐ-സമാജ് വാദി പാര്‍ട്ടി സഖ്യ സ്ഥാനാര്‍ഥി.
ആലുവയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിന് വിജയം സുഗമമായിരിക്കുമെന്നായിരുന്നു തുടക്കത്തില്‍ വിലയിരുത്തപ്പെട്ടതെങ്കിലും അവസാന ലാപ്പില്‍ എല്‍ഡിഎഫിന്റെ വി സലിം ഒപ്പമെത്തിയിട്ടുണ്ട്. എസ്ഡിപിഐ- എസ്പി സഖ്യ സ്ഥാനാര്‍ഥി അജ്മല്‍ ഇസ്മയില്‍ നേടുന്ന വോട്ടുകള്‍ നിര്‍ണായകമാവും.അങ്കമാലി എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും എന്‍എസ്‌യു അഖിലേന്ത്യാ സെക്രട്ടറി റോജി എം ജോണും (യുഡിഎഫ്) എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നി മൂഞ്ഞേലി (ജനതാദള്‍) യും പ്രചാരണ രംഗത്ത് ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി ഷാജന്‍ തട്ടില്‍ മുന്‍ കോണ്‍ഗ്രസ്, കെഎസ്‌യു നേതാവായതിനാല്‍ യുഡിഎഫ് വോട്ടില്‍ ചോര്‍ച്ചക്ക് സാധ്യതയുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തിലെ പി ജെ ബാബുവും ബിജെപി വോട്ടിനൊപ്പം യുഡിഎഫ് വോട്ടുകളും പിടിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കളമശ്ശേരിയില്‍ സിറ്റിങ് എംഎല്‍എ വി കെ ഇബ്രാഹിംകുഞ്ഞിനെതിരേ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം യൂസഫ് നേടിയ മുന്നേറ്റം യുഡിഎഫ് ക്യാംപില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഒപ്പം എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി ഷഫീര്‍ മുഹമ്മദ് പ്രചാരണ രംഗത്ത് നടത്തിയ മികച്ച പ്രകടനവും നിര്‍ണായകമായി മാറി.
കുന്നത്തുനാട്ടില്‍ സിറ്റിങ് എംഎല്‍എ യുഡിഎഫിന്റെ വി പി സജീന്ദ്രനും എല്‍ഡിഎഫിലെ അഡ്വ. ഷിജി ശിവജിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായ സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്‍ ഒ കുട്ടപ്പനും പ്രചാരണ രംഗത്ത് മികച്ച പ്രകടനമാണ് നടത്തിയത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാ കൊച്ചിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷനെതിരേ കോണ്‍ഗ്രസ് വിമതന്‍ കെ ജെ ലീനസ് മല്‍സരിക്കുന്നത് വന്‍ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവര്‍ തമ്മിലുളള മല്‍സരത്തില്‍ കെ ജെ മാക്‌സി വിജയിച്ചുകയറുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
കെ ബാബു മല്‍സരിക്കുന്ന തൃപ്പൂണിത്തുറയില്‍ യുഡിഎഫിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ എല്‍ഡിഎഫിലെ സ്വരാജിന് മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. തുറവൂര്‍ വിശ്വംഭരനാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി. എസ്ഡിപിഐയുടെ സുധീര്‍ യൂസഫ് പിടിക്കുന്ന വോട്ടുകളും ബാബുവിനാവും വിനയാവുക.
തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ സെബാസ്റ്റ്യന്‍ പോളും യുഡിഎഫിന്റെ പി ടി തോമസും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്. എസ്ഡിപിഐയുടെ കെ എം ഷാജഹാന്‍ നല്ല മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട് യുഡിഎഫിനു വേണ്ടി അനൂപ് ജേക്കബ് മല്‍സരിക്കുന്ന പിറവത്ത് എല്‍ഡിഎഫിലെ എം ജെ ജേക്കബിനോട് കനത്ത പോരാട്ടമാണ് നടക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായ ബിഡിജെഎസിന്റെ സി പി സത്യന്‍ പിടിക്കുന്ന വോട്ടുകളെ ആശ്രയിച്ചായിരിക്കും ഇവിടെ വിജയം. കോതമംഗലത്തും യുഡിഎഫിലെ ടി യു കുരുവിളയും എല്‍ഡിഎഫിലെ ആന്റണി ജോണും തമ്മില്‍ ശക്തമായ പോരാട്ടമാണ്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും ഇത്തവണ ഇവിടെ അട്ടിമറി സാധ്യതയും കല്‍പിക്കുന്നുണ്ട്. എസ്ഡിപി ഐ-എസ്പി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പ്രഫ. എന്‍ എ അനസിന്റെ സാന്നിധ്യം നിര്‍ണായകമാവും. കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തിലെ പി സി സിറിയക്ക് എന്‍ഡിഎ സ്വതന്ത്രനാണ്. ഫോട്ടോ ഫിനിഷിലേക്കാണ് കോതമംഗലം പോവുന്നത്.
സിറ്റിങ് എംഎല്‍എമാര്‍ മല്‍സരിക്കുന്ന പറവൂര്‍, എറണാകുളം, വൈപ്പിന്‍, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ പോരാട്ടം ശക്തമാണെങ്കിലും വൈപ്പിന്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിന് തന്നെയാണ് മുന്‍തൂക്കം.
Next Story

RELATED STORIES

Share it