ernakulam local

എറണാകുളം തരിശ്‌രഹിത ജില്ലയാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനല്‍

കൊച്ചി: ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ഏറണാകുളം തരിശ് രഹിത ജില്ലയായി പ്രഖ്യാപിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനല്‍, വൈസ് പ്രസിഡന്റ് അഡ്വ. ബി എ അബ്ദുള്‍ മുത്തലിബ് എന്നിവര്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. എല്ലാ പഞ്ചായത്തിനും കൃഷിക്കായി സാമ്പത്തിക സഹായം നല്‍കും. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഫാമുകളില്‍ ജില്ലക്കാവശ്യമായ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആശാ സനല്‍ പറഞ്ഞു. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ പദ്ധതി നടപ്പാക്കും. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തും. ഇ വേസ്റ്റ് സംസകരിക്കാനും പാല്‍ പായ്ക്കറ്റ് ഉള്‍പ്പെടെയുള്ളവ സംസ്‌കരിക്കാനും ശാശ്വതമായ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആശ സനല്‍ അറിയിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കി ഹൈ ടെക് ക്ലാസ് റൂമുകള്‍ വ്യാപിപ്പിക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കും. ഓരോ വീട്ടിലും ഒരു ഔഷധ ചെടിയെങ്കിലും ഉണ്ടെന്ന് ഉറപ്പ് വരുത്തുന്ന പദ്ധതിക്കും രൂപം നല്‍കും. പഞ്ചായത്തുകളിലെ കുളങ്ങള്‍ ഉപയോഗയോഗ്യമാക്കും. ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ആശ സനല്‍ അറിയിച്ചു.
വൈകല്യമുള്ളവര്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രോല്‍സാഹനവും സഹായവും നല്‍കുമെന്നും വൈസ് പ്രസിഡന്റ് അഡ്വ. ബി എ അബ്ദുള്‍ മുത്തലിബ് പറഞ്ഞു. പെരിയാര്‍ മലിനീകരണം തടയാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. കൊതുക് നശീകരണത്തിനും ആവശ്യമായ തുക അനുവദിക്കും. പെരിയാര്‍ മലിനമാക്കുന്ന കമ്പിനികള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെനും മുത്തലിബ് വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഉണ്ട്. പക്ഷെ ഗ്രൂപ്പിസത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ടവര്‍ മാറി നില്‍ക്കേണ്ട സാഹചര്യം ഉണ്ടാവാന്‍ പാടില്ലെന്നും അബ്ദുള്‍ മുത്തലിബ് പറഞ്ഞു. കെപിസിസിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാ പാര്‍ട്ടികളും മാതൃകയാക്കണം. ഷാനിമോള്‍ ഉസ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഷാനിമോള്‍ പറയുന്ന എല്ലാ അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല എന്നായിരുന്നു മുത്തലിബിന്റെ മറുപടി. സമുദായ സന്തുലിതാവസ്ഥ നോക്കിയേ കോണ്‍ഗ്രസിന് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തന മികവിന് അംഗീകാരം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ആശ സനല്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസിന് ഇത്തവണ മികച്ച പരിഗണന ലഭിച്ചിട്ടുണ്ട്. തന്റെ കാലാവധി രണ്ടരവര്‍ഷം ആണെന്ന് തന്നോടാരും പറഞ്ഞിട്ടില്ലെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് ആശ സനല്‍ മറുപടി നല്‍കി. വീതംവയ്പ്പ് പാടില്ലെന്ന് മാര്‍ഗനിര്‍ദെശത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it