Kottayam Local

എരുമേലി ശുദ്ധജല പദ്ധതി:  പരാതി രണ്ടു മാസത്തിനകം പരിഹരിക്കണമെന്ന് ഹൈക്കോടതി

എരുമേലി: എരുമേലി ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കുന്നതിനെതിരേ ലഭിച്ച പരാതി രണ്ടു മാസത്തിനകം പരിഹരിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്കു ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്. പരാതി അന്വേഷിച്ച് എന്തു നടപടികള്‍ സ്വീകരിച്ചെന്ന് അറിയിക്കണമെന്ന് ജഡ്ജി എം മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചു.
വിവരാവകാശ പ്രവര്‍ത്തകന്‍ കൊല്ലമുള കിഴക്കേ മുറിയില്‍ ദിലീപ് മാത്യു, നാറാമംമുഴി കൊട്ടാടിക്കല്‍ ടോം കെ ജോസഫ്, കവലയില്‍ വീട്ടില്‍ മാത്യു ഫിലിപ്പ്, വെച്ചുച്ചിറ കാച്ചനാത്ത് പി സി ഫിലിപ്പ്, ചാത്തന്‍തറ വയലുങ്കല്‍, ടോമി ജോസഫ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ നടപടികളുണ്ടായില്ലെന്ന് ഹരജിക്കാര്‍ ആരോപിച്ചിരുന്നു. 53 കോടി രൂപ ചെലവിട്ട് നിര്‍മിച്ചുകൊണ്ടിരിക്കുന്ന എരുമേലി സമഗ്ര ശുദ്ധജലവിതരണ പദ്ധതിക്ക് പമ്പാനദിയിലെ പെരുന്തേനരുവിയില്‍ നിന്ന് പ്രതിദിനം 100 ലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരുന്നതിനാല്‍ നദിയിലെ ആശ്രിയിച്ച് പ്രവര്‍ത്തിക്കുന്ന വെച്ചുച്ചിറ, നാറാണംമുഴി, പഴവങ്ങാടി പഞ്ചായത്തുകളിലേക്കുള്ള ചെറുകിട കുടിവെള്ള വിതരണ പദ്ധതി നിലയ്ക്കുമെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.
ഈ പദ്ധതിയുടെ പമ്പ് ഹൗസിനു താഴേക്ക് എരുമേലി പദ്ധതിയുടെ പമ്പ് ഹൗസ് മാറ്റി സ്ഥാപിക്കണമെന്ന് 50 പേര്‍ ഒപ്പിട്ട പരാതി നല്‍കുകയായിരുന്നു. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ദിലീപ് മാത്യു നല്‍കിയ പൊതു താല്‍പര്യ ഹരജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിക്ക് നാട്ടുകാര്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it