Pathanamthitta local

എരുമേലി ടി ബി റോഡ് ദേശീയപാതയിലേക്ക്; നവീകരണ ജോലികള്‍ ആരംഭിച്ചു

എരുമേലി: ശബരിമല തീര്‍ത്ഥാടനം മുന്‍നിര്‍ത്തി എരുമേലി ടി.ബി റോഡില്‍ ദേശീയപാത നിലവാരത്തില്‍ നവീകരണ ടാറിങ് ജോലികള്‍ ഇന്നലെ ആരംഭിച്ചു. പേട്ടതുള്ളലിന്റെ ഭാഗമായ പേട്ട കവലയിലും ടൗണ്‍റോഡും വാഹന തിരക്കില്‍ നിന്നും ശബരിമല സീസണ്‍ കാലത്ത് മുക്തമാക്കാന്‍ വേണ്ടിയാണ് സമാന്തരപാതയായ ടി.ബി റോഡില്‍ ദേശീയപാത ഗുണനിലവാരത്തിലുള്ള പണികള്‍ ആരംഭിച്ചത്.
ടി.ബി റോഡിനെ കൂടാതെ ടൗണ്‍ ഒഴിവാക്കി പോവാനുപകരിക്കുന്ന സമാന്തര പാതകളായ പ്രപ്പോസ് - എം.ഇ.എസ് - കൊടിത്തോട്ടം, കൊരട്ടി - കണ്ണിമല - മഞ്ഞളരുവി റോഡുകളിലും ദേശീയപാതയുടെ ഗുണനിലവാരത്തില്‍ നവീകരണ ജോലികള്‍ ഇതോടൊപ്പം നടത്തും. ബി.എം.ബി.സി. സാങ്കേതിക ടാറിങ് രണ്ട് പാളികളായി സംയോജിപ്പിച്ച് ഈ പാതകളില്‍ നടത്തും.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് ടി.ബി റോഡ് അവസാനിക്കുന്നത്. സീസണില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഇതുവഴിയാണ് പമ്പയിലേക്ക് പോവുന്നതും മടങ്ങുന്നതും. ഇതോടൊപ്പമാണ് വണ്‍വേ ട്രാഫിക്കായി ടൗണ്‍ ഒഴിവാക്കി ഈ വഴി സീസണില്‍ മറ്റു വാഹനങ്ങള്‍ കടത്തിവിടുന്നതും. എന്നാല്‍ ഇതിനു തക്ക വീതിയും ഗുണ നിലവാരവും ടി.ബി റോഡിനില്ല.
വളവുകളും കുത്തനെയുള്ള കയറ്റവും ഇറക്കവും കെഎസ്ആര്‍ടിസി ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു. കയറ്റത്തിനു തീവ്രത കുറച്ച് വളവുകള്‍ വീതി വര്‍ധിപ്പിച്ച് നവീകരണം നടത്തുന്ന ജോലികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. മൂന്ന് കോടിയോളം രൂപ ചെലവിട്ടാണ് സമാന്തരപാതകള്‍ വികസിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it