Kottayam Local

എരുമേലിയെ സുന്ദരമാക്കാന്‍ കേന്ദ്രാനുമതി

എരുമേലി: സിവില്‍ എന്‍ജിനീയര്‍ കൂടിയായ കലക്ടറുടെ പ്ലാന്‍ ഒടുവില്‍ പദ്ധതിയായി എത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി അംഗീകാരം നല്‍കി ഫണ്ട് അനുവദിക്കാന്‍ ഉത്തരവിട്ടു. അടുത്ത ശബരിമല സീസണില്‍ എരുമേലിയെ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള സുന്ദരനഗരമാക്കാനുള്ള കലക്ടര്‍ യു വി ജോസിന്റെ പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനാണ് അനുമതി.
കേന്ദ്രടുറിസം വകുപ്പ് വഴി പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതി സംബന്ധിച്ച് ടൂറിസം വകുപ്പുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് കലക്ടര്‍ ഇന്നലെ ദില്ലിയിലെത്തി. ഇക്കഴിഞ്ഞ ശബരിമല സീസണില്‍ നിരവധി തവണ എരുമേലി സന്ദര്‍ശിച്ച കലക്ടര്‍ അടുത്ത സീസണില്‍ അയ്യപ്പഭക്തര്‍ നിര്‍ഭയമായി പേട്ടതുള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഗതാഗതത്തിരക്കില്ലാത്ത റോഡുകളും ആധുനിക ശൗചാലയങ്ങളും മനോഹരമായ തോടുകളും തണല്‍മരങ്ങള്‍ നിറഞ്ഞ പാര്‍ക്കിങ് ഗ്രൗണ്ടുകളും മിനറല്‍ വാട്ടര്‍ പോലെ ശുദ്ധജലവും ലഭ്യമാക്കുമെന്നും കലക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ഉള്‍പ്പെട്ട പദ്ധതിയാണ് ഇക്കഴിഞ്ഞ ദിവസം എരുമേലിയില്‍ പ്രത്യേകമായി നടത്തിയ അവലോകന യോഗത്തില്‍ കലക്ടര്‍ അവതരിപ്പിച്ചത്. കോട്ടയത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ടിന്റെ സഹായത്തോടെ ചെന്നൈയിലെ രഘുറാം അസോസിയേറ്റ്‌സ് ആണ് പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിന്റെ രൂപരേഖക്കാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റേയും കേന്ദ്ര ടുറിസം വകുപ്പിന്റേയും അനുമതി ലഭിച്ചിരിക്കുന്നത്.
ഒരു പ്ലാനര്‍ എന്ന നിലയില്‍ എരുമേലിക്ക് എന്തെങ്കിലും നല്‍കണമെന്നുള്ള അതിയായ ആഗ്രഹമാണ് പദ്ധതി തയ്യാറാക്കുന്നതിലേയ്ക്ക് എത്തിയതെന്ന് കലക്ടര്‍ യുവി ജോസ്. പറഞ്ഞു. ശബരിമല സീസണ് മുമ്പായി എരുമേലി ടൗണിന് ചുറ്റുവട്ടത്തുള്ള ഇടറോഡുകള്‍ ഉള്‍പ്പെടെ എല്ലാ റോഡുകളും ഏറ്റെടുത്ത് റിങ് റോഡുകളാക്കി മാറ്റി വികസിപ്പിച്ച് ടൗണിന് സമാന്തരമായ പാതയാക്കി മാറ്റുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടത്തിലുള്ളത്.
Next Story

RELATED STORIES

Share it