Kottayam Local

എരുമേലിയില്‍ 53 കോടിയുടെ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ വൈദ്യുതി ഇല്ല

എരുമേലി: അഞ്ചു വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ 53 കോടി രൂപയുടെ എരുമേലി സമഗ്രശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തിയാവാറായി കമ്മീഷന്‍ ചെയ്യേണ്ട സമയമായപ്പോള്‍ വൈദ്യുതി ഇല്ല. പമ്പ് ഹൗസും, ജല ശുദ്ധീകരണ പ്ലാന്റും പ്രവര്‍ത്തിപ്പിക്കാന്‍ വന്‍തോതില്‍ വൈദ്യുതി വേണം. നിലവില്‍ ഇതിനുള്ള മാര്‍ഗ്ഗമില്ലെന്നു കെഎസ്ഇബി അറിയിച്ചു.
പമ്പ് ഹൗസിനു പ്രതിദിനം 300 കിലോവാട്ട് വൈദ്യുതി വേണം. പദ്ധതിയുടെ ജലസ്രോതസ്സായ പമ്പാനദിയിലെ പെരുന്തേനരുവിയില്‍ ഇടത്തിക്കാവിലാണ്ു പമ്പ് ഹൗസ്. മോട്ടോറുകളും, ട്രാന്‍സ്‌ഫോമറും ഇവിടെ സ്ഥാപിച്ച് കഴിഞ്ഞപ്പോഴാണ് വൈദ്യുതി പ്രശ്‌നമായത്.
അതേ സമയം പമ്പ് ഹൗസിന് 500മീറ്റര്‍ അകലെ വെച്ചൂച്ചിറ സബ് സ്റ്റേഷന്റെ നിര്‍മാണം ആരംഭിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. പിന്നെയുള്ള മാര്‍ഗ്ഗം ഇവിടേയ്ക്ക് 12 കിലോമീറ്റര്‍ ദൂരത്തില്‍ റാന്നിയില്‍ നിന്നു 11 കെവി ലൈനുകള്‍ സ്ഥാപിച്ച് വലിച്ച് വൈദ്യുതി എത്തിക്കുക എന്നുള്ളതാണ്. ഗത്യന്തരമില്ലാതെ ജല അതോറിറ്റി ഇതിന് സമ്മതമറിയിച്ചതോടെ എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് കെഎസ്ഇബി അധികൃതര്‍. ഈ നിര്‍ദിഷ്ട ലൈന്‍ മുക്കൂട്ടുതറ എംഇഎസ് കോളജിന് അടുത്തുള്ള ജലശുദ്ധീകരണ ശാലയിലേയ്ക്ക് നീട്ടേണ്ടിവരും. ഇവിടെ പ്ലാന്റിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന് 280 കിലോവാട്ട് വൈദ്യുതിയാണ് വേണ്ടത്. നിലവില്‍ എരുമേലി കെഎസ്ഇബി സെക്ഷന് ഇത്രയും വൈദ്യുതി വിതരണം ചെയ്യാന്‍ കഴിയില്ല. കനകപ്പലത്ത് 110 കെവി സബ് സ്റ്റേഷന്‍ പൂര്‍ത്തിയായാല്‍ പ്ലാന്റിലേയ്ക്കു സുലഭമായി വൈദ്യുതി നല്‍കാന്‍ കഴിയും.
എന്നാല്‍ കേസുകളും തര്‍ക്കങ്ങളും മൂലം 13 വര്‍ഷം മുടങ്ങിയ കനകപ്പലം സബ് സ്റ്റേഷന്‍ കഴിഞ്ഞയിടെയാണ് നിര്‍മാണം പുനരാരംഭിച്ചത്. ഉടനെ ഇത് പൂര്‍ത്തിയാവുമെന്ന് ഉറപ്പില്ല. ഉദ്ദേശം നാല് കോടി രൂപായാണ് വൈദ്യുതീകരണത്തിന് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ഇബി പറയുന്നു. നിലവില്‍ ജലശുദ്ധീകരണ ശാലയുടെ ട്രയല്‍ റണ്‍ വരെ പൂര്‍ത്തിയായിരിക്കുകയാണ്. പ്രതിദിനം 50 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ശുദ്ധീകരണ ശാലയിലെ മൂന്ന് യുനിറ്റുകളിലും വെള്ളം നിറച്ച് കഴിഞ്ഞ ദിവസമാണ് ട്രയല്‍ റണ്‍ നടത്തിയത്.
പമ്പ് ഹൗസില്‍ നിന്നും ശുദ്ധീകരണശാലയിലേയ്ക്കുള്ള പൈപ്പ് ലൈനുകളിലും വെള്ളം നിറച്ച് ട്രയല്‍ റണ്‍ ഇതിന്റെ ഭാഗമായി നടത്തിയിരുന്നു. എരുമേലി ടൗണി ല്‍ വെള്ളമെത്തിക്കുന്നത് നേര്‍ച്ചപ്പാറയില്‍ നിര്‍മിച്ച ടാങ്കിലൂടെയാണ്.
കൂടാതെ നിര്‍മാണം പൂര്‍ത്തിയായ കനകപ്പലം, കരിംങ്കല്ലുമൂഴി ടാങ്കുകള്‍ എരുമേലി ടൗണിനടുത്താണ്. കണമല, കീരിത്തോട്, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ ടാങ്കുകളുടെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ അവശേഷിക്കുന്നത് കൊടിത്തോട്ടം ടാങ്കിന്റെ നിര്‍മാണവും, ടൗണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലേയ്ക്കുള്ള ജലവിതരണ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കലുമാണെന്ന് ജല അതോറിറ്റി കോട്ടയം പ്രോജക്ട് ഡിവിഷന്‍ എക്‌സിക്കുട്ടീവ് എന്‍ജിനീയര്‍ സുബ്രമണ്യന്‍ പറഞ്ഞു. പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ ലഭിച്ച പോതു താല്‍പര്യ ഹരജി നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it