Kottayam Local

എരുമേലിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുമെന്ന്

എരുമേലി: ശബരിമല തീര്‍ത്ഥാടക സേവനത്തിനായി എരുമേലിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. എരുമേലിയില്‍ മുസ്‌ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ മതേതരത്വ റാലിക്ക് ശേഷം ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടന കാലത്ത് ചികില്‍സക്കായി അയ്യപ്പഭക്തര്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയെയാണ് ആശ്രയിക്കേണ്ടിവരുന്നത്. അപകടം സംഭവിക്കുമ്പോള്‍ ജീവന്‍ രക്ഷിക്കാനായി രണ്ടു മണിക്കുറോളം മെഡിക്കല്‍ കോളജിലേയ്ക്ക് നടത്തേണ്ടി വരുന്നു.
ഈ സ്ഥിതിവിശേഷം ദൗര്‍ഭാഗ്യകരമാണ്. വികസനവും ടെക്‌നോളജിയും ഇത്രയധികം പുരോഗമിച്ചിട്ടും കാലഹരണപ്പെട്ട സംവിധാനങ്ങള്‍ വീണ്ടും തുടരേണ്ടിവരുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. യാതൊരുവിധ ആധുനിക ചികില്‍സാ സംവിധാനങ്ങളുമില്ലാത്ത എരുമേലിയിലാണ് രണ്ട് മാസം ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കടന്നുപോവുന്നതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മതേതരത്വം ഇന്ത്യയുടെ മാത്രം അഭിമാനമാണെങ്കില്‍ ഇന്ന് അത് വെല്ലുവിളികളുടെ നടുവിലാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരളാ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബി ഇക്ബാല്‍ പറഞ്ഞു.
എരുമേലി നൈനാര്‍ മസ്ജിദ് ഇമാം ടി എസ് അബ്ദുല്‍ കരീം മൗലവി, സ്വാതന്ത്ര്യ സമരസേനാനി രവീന്ദ്രന്‍ വൈദ്യന്‍, മേജര്‍ പ്രഫ. എം ജി വര്‍ഗീസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഡ്വ. എ പി എം നസീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ പി എസ് ഷിനോ, ടി എസ് കൃഷ്ണകുമാര്‍, പി എച്ച് നജീബ്, കെ ഇ പരീത്, എം എം ഹനീഫാ, ഹബീബുള്ളാ ഖാന്‍, എച്ച് അബ്ദുല്‍ അസീസ്, മുഹമ്മദ് നജീബ് സംസാരിച്ചു.
Next Story

RELATED STORIES

Share it