Kottayam Local

എരുമേലിയില്‍ മാലിന്യ സംസ്‌കരണം പരാജയം; പരിഹരിച്ചില്ലെങ്കില്‍ പഞ്ചായത്തിനെതിരേ കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

എരുമേലി: എരുമേലിയില്‍ ഇന്നലെ ശബരിമല തീര്‍ത്ഥാടനകാല അവലോകനത്തിന് എത്തിയ കലക്ടര്‍ മാലിന്യസംസ്‌കരണത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഗുരുതരമായ കൃത്യവിലോപം നടത്തുന്നതായി കണ്ടെത്തി.
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സംസ്‌കരണ കരാറുകാരന്‍ എന്നിവരോട് 11ന് ഹാജരായി വിശദീകരണം നല്‍കണമെന്നറിയിച്ച് നോട്ടീസ് നല്‍കാന്‍ കലക്ടര്‍ യു വി ജോസ് തഹസീല്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സംസ്‌കരണത്തിലെ വീഴ്ച ക്രിമിനല്‍ കുറ്റമായി കണ്ട് കേസെടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു. യോഗത്തിന് ശേഷം കമുകിന്‍കുഴിയിലെ സംസ്‌കരണയൂനിറ്റ് സന്ദര്‍ശിക്കുമ്പോഴാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. യൂനിറ്റിലെ തൊഴിലാളികളും, പരിസരവാസികളും കലക്ടര്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കെ എത്തി പരാതികള്‍ അറിയിച്ചു. കുടിവെള്ളവും ശൗചാലയവും യൂണിറ്റില്‍ ഇല്ലെന്നും ജീവിതം ദുരിതപൂര്‍ണ്ണമാണെന്നും തൊഴിലാളികള്‍ പറഞ്ഞു.
ഈച്ചകളും ദുര്‍ഗന്ധവും മൂലം കൊച്ചുകുട്ടികള്‍ വരെ രോഗികളായെന്ന് പരിസരവാസികള്‍ അറിയിച്ചു. യൂനിറ്റില്‍ സംസ്‌കരണം നടക്കാതെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് കലക്ടര്‍ നേരില്‍ കണ്ടു. പ്ലാസ്റ്റിക് വേര്‍തിരിച്ച് മാറ്റാന്‍ കഴിയാത്തതാണു സംസ്‌കരണം പരാജയമായതെന്നു വേര്‍തിരിക്കല്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പുള്ള ടണ്‍ കണക്കിനു മാലിന്യങ്ങള്‍ വരെ യൂനിറ്റില്‍ കെട്ടിക്കിടക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നു കലക്ടര്‍ പറഞ്ഞു. അഡീഷനല്‍ തഹസില്‍ദാര്‍ കെ രാജന്‍, ശുചിത്വ മിഷന്‍ ജില്ലാ അസി. കോ ഓഡിനേറ്റര്‍ ബൈജു, വ്യാപാരി വ്യവസായി യൂനിറ്റ് മുജീബ് റഹ്മാന്‍, തോമസ് കുര്യന്‍ എന്നിവരും കലക്ടര്‍ക്കൊപ്പം എത്തിയിരുന്നു. അതേസമയം ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് ആരും എത്തിയിരുന്നില്ല.
Next Story

RELATED STORIES

Share it