Kottayam Local

എരുമേലിയില്‍ മാലിന്യം കുന്നുകൂടി; തീര്‍ത്ഥാടകര്‍ ദുരിതത്തില്‍

എരുമേലി: ദിവസങ്ങളായി എരുമേലി ടൗണില്‍ മാലിന്യനീക്കം നിലച്ചെന്നു പരാതി. വ്യാപാരശാലകള്‍ക്ക് മുന്നില്‍ ദിവസവും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ അടിയന്തരമായി നീക്കണമെന്നാണ് നഗരത്തിലെ വ്യാപാരികള്‍ ആവശ്യം.
വിഷു ദര്‍ശനത്തിനായി എരുമേലി വഴി ശബരിമലയിലേക്ക് തീര്‍ത്ഥാടകരുടെ തിരക്കേറിയിരിക്കെ മാലിന്യം പ്രശ്‌നം രൂക്ഷമായത് ദുരിതം വര്‍ധിപ്പിക്കുകയാണ്. പേട്ടതുള്ളലിനു ശേഷം തീര്‍ത്ഥാടകര്‍ കുളിക്കുന്ന വലിയ തോട്ടില്‍ മലിന ജലം നിറഞ്ഞത് മൂലം ദുരിതമേറിയിരിക്കുകയാണ്. മാലിന്യ നീക്കത്തിനുള്ള ഗ്രാമപ്പഞ്ചായത്തിന്റെ ലോറി തകരാറിലായി മാസങ്ങളായി വര്‍ക്‌ഷോപ്പിലാണ്. പകരം വാടക വ്യവസ്ഥയില്‍ ലോറിയുണ്ടെങ്കിലും മാലിന്യംനീക്കം ചെയ്യാനെത്തുന്നത് ദിവസങ്ങള്‍ക്കുശേഷമാണ്. കൊടിതോട്ടം റോഡില്‍ പഞ്ചായത്തിന്റെ ഇന്‍സിനേറ്റര്‍ തകരാറിലായത് മൂലം ആഴ്ചകളായി മാലിന്യനീക്കം പ്രതിസന്ധിയിലാണ്.
ഇവിടെ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. ഇതു കൂടാതെ മറ്റൊരു സംസ്‌കരണ കേന്ദ്രം കമുകിന്‍കുഴിയിലാണ്. നാട്ടുകാരുടെ എതിര്‍പ്പുമലം ഇവിടേക്ക് മാലിന്യങ്ങളെത്തിക്കുന്നില്ല. ടണ്‍ കണക്കിനു മാലിന്യങ്ങളാണ് വര്‍ഷങ്ങളായിട്ടും സംസ്‌കരിച്ച് മാറ്റാതെ ഇവിടെ അവശേഷിക്കുന്നത്. ഇവ നീക്കം ചെയ്യാന്‍ കഴിഞ്ഞയിടെ ജില്ലാ ശുചിത്വ മിഷന്‍ ഇടപെട്ടെങ്കിലും ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുമെന്നാണ് ഏജന്‍സി അറിയിച്ചത്.
ടൗണിലെ മാലിന്യ നീക്കം അടിയന്തരമായി നടക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയെന്നു പരിസ്ഥിതി സംഘടനാ ഭാരവാഹി രവീന്ദ്രന്‍ എരുമേലി പറഞ്ഞു.
Next Story

RELATED STORIES

Share it