Kottayam Local

എരുമേലിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം ബദല്‍മാര്‍ഗം തേടുന്നു

എരുമേലി: പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ എരുമേലിയില്‍ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം ഒഴിവാക്കാനാവാതെ അധികൃതര്‍ കുഴയുന്നതിനിടെ കുപ്പികള്‍ക്കു പകരം സംവിധാനം കണ്ടെത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം.
ഇതു സംബന്ധിച്ച് അഭിപ്രായം ഏഴിനകം അറിയിക്കണമെന്നാണ് കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തവണ ശബരിമല തീര്‍ത്ഥാടനകാലം ആരംഭിച്ചപ്പോള്‍ തന്നെ എരുമേലിയെ പ്ലാസ്റ്റിക് വിമുക്ത മേഖലയായി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം നടപടികള്‍ ആരംഭിച്ചിരുന്നു.
ഈ നടപടികളുടെ വിശദമായ റിപോര്‍ട്ട് കഴിഞ്ഞ രണ്ടിന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ഈ റിപോര്‍ട്ടില്‍ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം പൂര്‍ണമായി തടയാന്‍ കഴിയുന്ന നടപടികളില്ലായിരുന്നു. പകരം സംവിധാനമില്ലാത്തതാണു പ്ലാസ്റ്റിക് കുപ്പികള്‍ക്കു വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയാത്തതിനു പിന്നില്‍.
ഉപയോഗത്തിനു ശേഷം ഉപേക്ഷിക്കപ്പെടുന്ന കുപ്പികള്‍ ശേഖരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളുമില്ല.
കുപ്പികള്‍ ബിന്നുകളില്‍ മാത്രം നിക്ഷേപിക്കണമെന്നു ബോധവല്‍ക്കരണം നടത്തുകയാണ് ഒരു പരിഹാര മാര്‍ഗം. കുപ്പികള്‍ ബിന്നുകളില്‍ നിക്ഷേപിക്കുന്നതിനായി ഒരു സ്വകാര്യ കമ്പനി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് നൂറോളം ബിന്നുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം ഉപയോഗിക്കുന്ന കുപ്പികളുടെ നാലിലൊന്നു പോലും തിരികെ ശേഖരിക്കാന്‍ കഴിയുന്നില്ല. കുപ്പികള്‍ പ്ലാസ്റ്റിക്ക് രഹിതമാക്കുകയാണ് ഫലപ്രദമായ ബദല്‍മാര്‍ഗം. എന്നാല്‍ പ്രചാരത്തിലുള്ള ബദല്‍ ഡിസ്‌പോസിബിള്‍ കുപ്പികളാണ്. പ്ലാസ്റ്റിക് പോലെ തന്നെ അപകടകാരിയാണ് ഇത്തരം കുപ്പികള്‍ എന്ന് കണ്ടെത്തിയത് കഴിഞ്ഞയിടെയാണ്.
ചില്ലു കുപ്പികള്‍, ജൈവ നിര്‍മിത കുപ്പികള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദമായ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിട്ടില്ലന്നിരിക്കെ ഉടനടി തീര്‍ത്ഥാടന കാലത്ത് ബദല്‍മാര്‍ഗം എങ്ങനെ കണ്ടെത്തുമെന്നുള്ളതാണ് ജില്ലാഭരണകൂടത്തെ കുഴക്കുന്നത്.
Next Story

RELATED STORIES

Share it