kozhikode local

എരപുരം ആരോഗ്യ കേന്ദ്രത്തിനായുള്ള കാത്തിരിപ്പ് നീളുന്നു

വടകര: ഇനി ഏത് വാതില്‍ മുട്ടണമെന്ന സംശയത്തിലാണ് ചോറോട് പഞ്ചായത്തിലെ തീരദേശവാസികള്‍. മുഖ്യമന്ത്രിയുടെ ഓഫിസ് വരെ എത്തിയിട്ടും ചോറോട് പഞ്ചായത്തിലെ എരപുരം ആരോഗ്യ കേന്ദ്രത്തിനായുള്ള കാത്തിരിപ്പിന് വിരാമമായില്ല. തങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണേണ്ട പഞ്ചായത്ത് അധികൃതര്‍ തന്നെ ആരോഗ്യ കേന്ദ്രത്തിനായുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് നാട്ടുകര്‍ പറയുന്നു.
പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് ഏക ആശ്രയമായിരുന്ന എരപുരം ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം പൊളിച്ചു നീക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പുതി കെട്ടിടം നിര്‍മിക്കാന്‍ 14 സെന്റ് ഭൂമി ഇവിടെ ഉണ്ടായിട്ടാണ് ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണം വൈകിപ്പിക്കുന്നത്. ആവശ്യത്തിനോ ഡോക്ടറോ ജീവനക്കാരോ ഇല്ലാതിരുന്ന ആരോഗ്യ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുന്നത് ആഴ്ചകള്‍ ഇടവിട്ടായിരുന്നു. അത് പിന്നീട് നിലച്ചു. കെട്ടിടത്തിന്റെ ജീര്‍ണ്ണത കാരണം പൊളിച്ചു നീക്കുകയായിരുന്നു.
എന്നാല്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത രീതിയില്‍ ഒറ്റമുറി നിര്‍മിക്കാന്‍ തറയിട്ടെങ്കിലും നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്ത് വന്നതോടെ നിര്‍മാണം നിര്‍ത്തലാക്കി.ആരോഗ്യ ഉപകേന്ദ്രം നിര്‍മിക്കുന്നത് പൊതുമാനദണ്ഡം വച്ചാണെന്നും കൂടുതല്‍ സൗകര്യം ഒരുക്കാന്‍ കഴിയില്ലെന്നുമാണ് അധികൃതര്‍ അന്ന് അറിയിച്ചത്. ഇതിനെതിരെ ആക്ഷന്‍ കമ്മിറ്റി പ്രത്യക്ഷ സമരവുമായി രംഗത്ത് വരികയായിരുന്നു.
ഏകദേശം 80വര്‍ഷം മുമ്പാണ് ആരോഗ്യ കേന്ദ്രം സ്ഥാപിച്ചത്. രോഗപ്രതിരോധ പ്രവര്‍ത്തനവും, ചികില്‍സയും ഇവിടെ ലഭ്യമായിരുന്നു. പിന്നീട് ജിവനക്കാരില്ലാതെ വരികയും ഒടുവില്‍ ഒരു നഴ്‌സ് മാത്രമാവുകയും ചെയ്തു. മാസത്തില്‍ ഒരിക്കല്‍ കുത്തി വയ്പ്പും ചൊവ്വാഴ്ച തോറുമുള്ള ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ചികില്‍സയും മാത്രമായി ആരോഗ്യ കേന്ദ്രത്തിലെ ചികില്‍സ.
പുതിയ കെട്ടിടത്തിനായി മുട്ടിയ വാതിലുകള്‍ക്ക് എണ്ണമില്ലെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനറായിരുന്ന വി പി അബ്ദുള്ള പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മിക്കാന്‍ സ്ഥലം കിട്ടാതെയിരിക്കുമ്പോഴാണ് സ്ഥലം ഉണ്ടായിട്ടും നിര്‍മാണം തുടങ്ങാതെയുള്ള അധിതകൃതരുടെ ജനസ്‌നേഹം കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചോറോട് പഞ്ചായത്തില്‍ നിലവില്‍ മാങ്ങാട്ടുപാറയിലാണ് മറ്റൊരു ആരോഗ്യ കേന്ദ്രമുള്ളത്. എന്നാല്‍ ഇവിടേക്ക് ചികില്‍സയ്ക്കായി പോവണമെങ്കില്‍ 100 രൂപയോളം ഓട്ടോറിക്ഷക്ക് നല്‍കണം.
വിവിധ തലങ്ങളില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തീരദേശ കോര്‍പറേഷന്‍ 40 ലക്ഷം എരപുരം ആരോഗ്യ കേന്ദ്രം നിര്‍മിക്കാനായി പാസ്സാക്കിയിരുന്നു. എന്നാല്‍ ഈ തുക ലഭിക്കുന്നതിനായി ഭരണാനുമതിക്ക് വിട്ടിരിക്കുകയാണ്. ഫണ്ട് പാസ്സായിട്ട് മാസങ്ങള്‍ പിന്നിട്ടു. എന്നാല്‍ ഇതിനെ കുറിച്ച് ഒരു വിവരം ഇല്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
ആരോഗ്യ കേന്ദ്രം പൊളിച്ചു നീക്കിയ സമയത്ത് തന്നെ ഫണ്ടുകള്‍ പാസ്സായിട്ടുണ്ട്. എന്നാല്‍ അതൊക്കെ നിര്‍മാണം തുടങ്ങാത്തതിന്റെ പേരില്‍ ലാപ്‌സായി പോവുകയാണ് ചെയ്തത്.
ഇപ്പോള്‍ അനുവദിച്ച തുക എത്രയും പെട്ടെന്ന് കൈപറ്റാനുള്ള നടപടിയെടുക്കണമെന്നും ആരോഗ്യ കോന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it